National
ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായ് വെടിയേറ്റ് മരിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം.

പട്‌ന| രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് രാജ്കുമാര്‍ റായ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി ചിത്രഗുപ്തയിലെ മുന്നചക് പ്രദേശത്താണ് സംഭവം നടന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം. രാജ്കുമാര്‍ റായ് രാഘോപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. ഭൂമി തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭൂമി സംബന്ധമായ ബിസിനസുകളില്‍ റായ് ഉള്‍പ്പെട്ടിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി റായിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് ആറ് കാട്രിഡ്ജുകള്‍ കണ്ടെടുത്തു. പ്രദേശത്ത് നിന്ന് പോലീസിന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പട്‌ന ഈസ്റ്റേണ്‍ പോലീസ് സൂപ്രണ്ട് പരിചയ് കുമാര്‍ പറഞ്ഞു. തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.