Connect with us

Articles

പരിഹാസ്യമാകുന്ന രാജ്യസഭാ നിയമനങ്ങള്‍

രാഷ്ട്രീയം പ്രസാദാത്മകമെന്നതു പോലെ ഇരുണ്ട മുഖങ്ങള്‍ കൂടി പേറിയിട്ടുണ്ട്. കൊല്ലാനും ചാവാനും നടന്നവരെ പുനരധിവസിപ്പിക്കാന്‍ ബി ജെ പിക്ക് പല മാര്‍ഗങ്ങളുമുണ്ട്. മോദി- അമിത് ഷാ യുഗത്തില്‍ ഏത് പ്രവര്‍ത്തകനെയും ബി ജെ പിക്ക് ഏത് സംസ്ഥാനത്ത് നിന്നും അധികാരത്തിലേറ്റാന്‍ സാധിക്കും. സദാനന്ദനെ പോലുള്ളവരോട് അത്തരത്തില്‍ നീതി പുലര്‍ത്തുന്നതിനു പകരം ജനാധിപത്യ കീഴ്വഴക്കത്തിനു മേല്‍ ഓട് പൊളിച്ചിറങ്ങുന്നവരാക്കി മാറ്റുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്.

Published

|

Last Updated

ഇന്ത്യന്‍ പൗരന്റെ ജീവിതവും സാമൂഹിക പരിസരവും അഭിവൃദ്ധിപ്പെടുത്താന്‍ ഭരണഘടനാ ശില്‍പ്പികള്‍ ആദ്യാവസാനം അവലംബമായി കണ്ടത് ഇന്ത്യന്‍ പാര്‍ലിമെന്റിനെയായിരുന്നു. ആധുനികവും പരിഷ്‌കൃതവും പുരോഗമനപരവുമായ നിയമ നിര്‍മാണങ്ങള്‍ക്ക് പാര്‍ലിമെന്റിനെ പ്രാപ്തമാക്കുന്നതില്‍ അവര്‍ സൂക്ഷ്മത കാണിച്ചു. തിരഞ്ഞെടുപ്പ് മത്സരത്തിന്റെ ബഹളവും രാഷ്ട്രീയ ഗോദയുടെ സമ്മര്‍ദവും അതിജീവിക്കുന്നവര്‍ മാത്രമായി നിയമനിര്‍മാണ സഭകള്‍ ചുരുങ്ങരുത് എന്ന ആശയം ആദ്യമായി പങ്കുവെക്കുന്നത് അംബേദ്കറായിരുന്നു. ടി ടി കൃഷ്ണമാചാരിയും എന്‍ ഗോപാലസ്വാമി അയ്യങ്കാരും അതിനെ ശക്തമായി പിന്തുണച്ചു. നെഹ്‌റുവിന്റെ അനുഗ്രഹാശിസ്സുകളുണ്ടായി. ആര്‍ട്ടിക്കിള്‍ 80(1)(എ) പിറവിയെടുക്കുന്നതിന്റെ നാള്‍വഴികള്‍ അങ്ങനെയാണ് വികസിച്ചത്. കലാ – കായിക – സാഹിത്യ – സാംസ്‌കാരിക നായകന്മാരും ശാസ്ത്രജ്ഞന്‍മാരുമടങ്ങിയ 12 ആളുകള്‍ ഉപരിസഭയായ രാജ്യസഭയില്‍ സ്ഥിരം സാന്നിധ്യമാകുന്നത് അത്തരത്തിലാണ്. അവരുടെ ധിഷണയും പ്രാഗത്ഭ്യവും അനുഭവസമ്പത്തും നിയമ നിര്‍മാണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും എന്ന രാജ്യത്തിന്റെ കണക്കുകൂട്ടലുകള്‍ ശരിവെക്കുന്ന നിരവധി ഉദാഹരണങ്ങള്‍ പില്‍ക്കാലത്തുണ്ടായിട്ടുണ്ട്.

2010ല്‍ എഴുത്തുകാരനും നയതന്ത്ര വിദഗ്ധനുമായ മണിശങ്കര്‍ അയ്യര്‍ രാജ്യസഭയില്‍ നിയമിതനായപ്പോള്‍ അന്ന് ബി ജെ പി അതിനെ എതിര്‍ത്തത് കോണ്‍ഗ്രസ്സ് നെഹ്‌റുവിനെ ബലികഴിച്ചു എന്നാരോപിച്ചായിരുന്നു. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ മുതല്‍ എം എസ് സുബ്ബലക്ഷ്മി വരെയുള്ളവര്‍ രാജ്യസഭയെ സമ്പന്നമാക്കുന്നതില്‍ ഊറ്റം കൊണ്ട് 1953 മാര്‍ച്ച് 13ന് പണ്ഡിറ്റ്ജി നടത്തിയ പ്രശസ്തമായ പ്രസംഗം അന്ന് ബി ജെ പി വലിയ ചര്‍ച്ചയാക്കി. രാജ്യസഭാ നാമനിര്‍ദേശങ്ങളില്‍ നിഷ്പക്ഷതയും രാഷ്ട്രീയ ധാര്‍മികതയും പുലര്‍ത്തേണ്ടതിന്റെ ജനാധിപത്യ ആവശ്യകതയാണ് അന്ന് നെഹ്‌റു ഊന്നിപ്പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 80(1)(എ) രൂപപ്പെടുന്ന കാലത്ത് അതിനോട് വിയോജിച്ച അംഗങ്ങളും ഭരണഘടനാ നിര്‍മാണ സഭയിലുണ്ടായിരുന്നു. ദക്ഷിണ കന്നഡയില്‍ നിന്നുള്ള സോഷ്യലിസ്റ്റ് നേതാവായ എച്ച് വി കാമത്തും യു പിയിലെ ഷിബന്‍ലാല്‍ സക്‌സേനയുമായിരുന്നു അവര്‍. നിയമനങ്ങളില്‍ രാഷ്ട്രീയ പക്ഷപാതിത്വം കലരുമെന്നായിരുന്നു എതിര്‍പ്പിനു കാരണമായി പറഞ്ഞത്. ഭരണഘടന പൂര്‍ത്തിയായി മുക്കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഒരു സര്‍ക്കാര്‍ തങ്ങളുടെ പാര്‍ട്ടിക്കു വേണ്ടി സംഘര്‍ഷങ്ങള്‍ ഏകോപിപ്പിക്കുകയും ഇരയാകുകയും ചെയ്തു എന്നതിന്റെ പേരില്‍ പാര്‍ട്ടി നേതാവിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നു. ഇത്രമാത്രം അധഃപതനം അവര്‍ ഇരുപേരും അന്ന് കരുതിയിരിക്കാന്‍ ഇടയില്ല.

ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ ഉപരിസഭയായ രാജ്യസഭ രാഷ്ട്രീയ ഭൂകമ്പങ്ങള്‍ ബാധിക്കാത്ത നിയമ നിര്‍മാണ വേദിയാണ്. ലോക്‌സഭയില്‍ നിന്ന് വിഭിന്നമായി ഒരിക്കലും പിരിച്ചുവിടപ്പെടാതെ സദാ മുന്നോട്ട് പോകുന്നു. 238 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും 12 നാമനിര്‍ദേശം ചെയ്ത അംഗങ്ങളുമുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല എന്നുള്ളതൊഴിച്ച് നാമനിര്‍ദേശം ചെയ്തുവരുന്ന അംഗങ്ങള്‍ക്ക് തുല്യ അവകാശാധികാരങ്ങള്‍ ഉണ്ട്. മെമ്പര്‍മാരുടെ കാലാവധി ആറ് വര്‍ഷമാണ്. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും മൂന്നിലൊന്ന് അംഗങ്ങള്‍ പിരിഞ്ഞു പോകാറുണ്ട്. ആനുപാതികമായി തിരഞ്ഞെടുപ്പിലൂടെയും നിയമനങ്ങളിലൂടെയും പുതിയ അംഗങ്ങള്‍ കടന്നു വരുന്നു. ബ്രിട്ടനിലെ പ്രഭുസഭയില്‍ അതതു വിഷയങ്ങളിലെ പ്രഗത്ഭര്‍ നോമിനേറ്റ് ചെയ്യപ്പെടാറുണ്ട്. ആര്‍ട്ടിക്കിള്‍ 80(1)(എ) രൂപവത്കരണത്തിന് ഇതും പ്രചോദനമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും മോദി ഭരണകാലത്ത് നിയമനങ്ങള്‍ സ്ഥിരമായി വിവാദങ്ങളുണ്ടാക്കാറുണ്ട്. 2020ല്‍ രഞ്ജന്‍ ഗോഗോയിയെ നിയമിച്ചത് വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി. അയോധ്യ, റാഫേല്‍ വിധിന്യായങ്ങള്‍ക്ക് ശേഷം വിരമിച്ചതിനു തൊട്ടു പിന്നാലെയാണ് ഗോഗോയ് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. സി സദാനന്ദനോടൊപ്പം നോമിനേറ്റ് ചെയ്യപ്പെട്ട മീനാക്ഷി ജയിനും ചരിത്രം വക്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുള്ള വ്യക്തിയാണ്.

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ പട്ടിക വൈവിധ്യ പൂര്‍ണമാണ്. നൊബേല്‍ ജേതാക്കളായ സി വി രാമനും മദര്‍തെരേസയും നടി വൈജയന്തിമാലയും ഗായിക ലതാ മങ്കേഷ്‌കറുമൊക്കെ അടങ്ങുന്ന മൂര്‍ത്ത വ്യക്തിത്വങ്ങളെ പട്ടികയില്‍ കാണാം. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ അംഗങ്ങളേക്കാള്‍ ഹാജറും ഇടപെടലുകളും സ്വന്തമായുള്ള നിരവധി പേര്‍ ഇവരിലുണ്ട്. ഇന്ത്യയുടെ മതേതര ജനാധിപത്യ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച ഡോ. എസ് രാധാകൃഷ്ണന്‍ ഈ നിരയിലെ ആദ്യ പേരുകാരനാണ്. നെഹ്‌റുവിനോടൊപ്പം നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയും യു ജി സി ഉള്‍പ്പെടെയുള്ള അഭിമാന സ്തംഭങ്ങളും വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക ഇടപെടലുകള്‍ അദ്ദേഹം നടത്തി. ശാസ്ത്ര സാങ്കേതിക രംഗത്ത് കൃത്യമായ നിയമനിര്‍മാണങ്ങള്‍ക്കായി സി വി രാമന്‍ വലിയ സംഭാവനകള്‍ നല്‍കുകയുണ്ടായി. ഭരതനാട്യം കലാകാരിയായിരുന്ന രുഗ്മിണി ദേവി 1952ലാണ് നിയമിതയായത്. സാംസ്‌കാരിക തനിമ നിലനിര്‍ത്താനും വിദ്യാഭ്യാസ മുന്നേറ്റത്തിനും മൃഗങ്ങളുടെ അവകാശങ്ങള്‍ക്കുമായി അവര്‍ ശബ്ദമുയര്‍ത്തി. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ നിയമ നിര്‍മാണ സഭയിലെ അനുഗ്രഹീത സാന്നിധ്യമായി മാറിയത് എം എസ് സ്വാമിനാഥനായിരുന്നു. ഭക്ഷ്യസുരക്ഷാ ബില്ല് അന്തിമമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചു. കര്‍ഷക അവകാശങ്ങള്‍, കൃഷി രംഗത്തെ സാങ്കേതിക മുന്നേറ്റം, പരിസ്ഥിതി നിയമ നിര്‍മാണങ്ങള്‍ എന്നിവയിലെല്ലാം സ്വാമിനാഥന്‍ തന്റെ ധിഷണയുടെ കൈയൊപ്പ് ചാര്‍ത്തി.

കൈവന്ന അവസരത്തിന്റെ പ്രാധാന്യം മനസ്സിലാകാതെ പോയ അംഗങ്ങളും ഉണ്ടായിട്ടുണ്ട്. അഞ്ച് ശതമാനത്തില്‍ താഴെ മാത്രം ഹാജറുണ്ടായിരുന്ന നടി രേഖയും ഇടപെടലുകള്‍ക്ക് വിമുഖത കാട്ടിയ സച്ചിനുമൊക്കെ അതില്‍ പെടുന്നവരാണ്. 1997ല്‍ സിനിമാ രംഗത്ത് നിന്ന് കടന്നുവന്ന ഷബാന ആസ്മി തീര്‍ത്തും വ്യത്യസ്തയായിരുന്നു. ചേരിനിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയ പോരാട്ടം ചരിത്രത്തില്‍ ഇടംപിടിച്ചു. സ്ത്രീകളുടെ അവകാശവും സാമുദായിക സൗഹാര്‍ദവും അവരുടെ പ്രധാന വിഷയങ്ങളായിരുന്നു. ഷബാന പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുന്നതോടെ ഇരിപ്പിടങ്ങള്‍ നിറഞ്ഞ് സഭ നിശബ്ദമാകുമായിരുന്നു. മന്ത്രിമാരുമായി നിരന്തരം അവര്‍ തര്‍ക്കങ്ങളിലേര്‍പ്പെട്ടു. ഭര്‍ത്താവ് ജാവേദ് അക്തര്‍ 2010ല്‍ നിയമിതനായി. മോദി ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കുമായി അദ്ദേഹം നടത്തിയ പോരാട്ടം ഭരണകൂടത്തിന്റെ പ്രതികാര നടപടികള്‍ക്ക് കാരണമായിട്ടുണ്ട്. 2004ല്‍ നിയമിച്ച ബി എല്‍ മുംഗേക്കര്‍ സമീപകാല ഇന്ത്യയില്‍ ദളിതുപക്ഷ രാഷ്ട്രീയത്തെ കൃത്യമായി അടയാളപ്പെടുത്തി. ബാബാ ആംതെയെ പോലെ കൈവരുമായിരുന്ന അവസരങ്ങളെ പരസ്യമായി നിഷേധിച്ച പ്രഗത്ഭരും ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന് പകിട്ടേകിയിട്ടുണ്ട്.

വ്യത്യസ്ത വിഷയങ്ങളില്‍ അവഗാഹമുള്ള രാഷ്ട്രീയേതര മുഖങ്ങളെ നിയമ നിര്‍മാണങ്ങളില്‍ ഉപയോഗിക്കുക എന്ന ലക്ഷ്യം കൃത്യമായി നിറവേറ്റപ്പെട്ടിട്ടുണ്ട്. ദീര്‍ഘവീക്ഷണത്തോടെ അതിന് തുടക്കമിട്ട ഭരണഘടനാ ശില്‍പ്പികള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാവുന്നതാണ്. മന്‍മോഹന്‍ സിംഗിലൂടെ നോമിനേറ്റഡ് അംഗം പില്‍ക്കാലത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മാറിയ ചരിത്രവുമുണ്ടായി. വിഷയങ്ങളിലെ വൈദഗ്ധ്യം അതിനു മുന്നെ അദ്ദേഹത്തെ ധനമന്ത്രിയാക്കിയിട്ടുണ്ട്. രാഷ്ട്രീയക്കാരന്റെ ജനകീയതയും പ്രായോഗിക അനുഭവ പരിചയവും വിദഗ്ധരുടെ ബൗദ്ധിക സംഭാവനകളും ചേര്‍ന്ന നിയമ നിര്‍മാണങ്ങളാണ് ഇന്നത്തെ ഇന്ത്യയെ സൃഷ്ടിച്ചത് എന്ന് നിസ്സംശയം വിലയിരുത്താവുന്നതാണ്. സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള അവസരങ്ങള്‍ കൊട്ടിയടച്ച് മിനുട്ടുകള്‍ക്കുള്ളില്‍ സുപ്രധാന നിയമങ്ങള്‍ ചുട്ടെടുക്കുന്ന പുതിയ ഇന്ത്യ നമ്മുടെ മഹത്തായ പൈതൃകത്തില്‍ നിന്ന് കാതങ്ങള്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വിമര്‍ശനങ്ങളെ സംഗീതം പോലെ ആസ്വദിച്ച നേതാക്കള്‍ മാതൃക തീര്‍ത്ത ജനാധിപത്യം ഇന്ന് വിമര്‍ശനങ്ങള്‍ക്കു മേല്‍ ചാട്ടവാറ് വീശുന്ന ഭീരുത്വത്തിന് വഴിമാറിയിരിക്കുന്നു. രാജ്യത്തെ ജനങ്ങളെ ധ്രുവീകരിക്കാനും അസ്ഥിരപ്പെടുത്താനും ബോധപൂര്‍വം നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. പ്രതികരണ ശേഷി ഇല്ലെന്നുള്ളത് പുതിയ കാലത്തെ അധിക യോഗ്യതയായി മാറുന്നത് അങ്ങനെയാണ്.

രാഷ്ട്രീയം പ്രസാദാത്മകമെന്നതു പോലെ ഇരുണ്ട മുഖങ്ങള്‍ കൂടി പേറിയിട്ടുണ്ട്. അക്കാലത്ത് കൊല്ലാനും ചാവാനും നടന്നവരെ പുനരധിവസിപ്പിക്കാന്‍ ബി ജെ പി പോലുള്ള പാര്‍ട്ടികള്‍ക്ക് പല മാര്‍ഗങ്ങളുമുണ്ട്. മോദി- അമിത് ഷാ യുഗത്തില്‍ ഏത് പ്രവര്‍ത്തകനെയും ബി ജെ പിക്ക് ഏത് സംസ്ഥാനത്ത് നിന്നും അധികാരത്തിലേറ്റാന്‍ സാധിക്കും. സദാനന്ദനെ പോലുള്ളവരോട് അത്തരത്തില്‍ നീതി പുലര്‍ത്തുന്നതിനു പകരം ജനാധിപത്യ കീഴ്വഴക്കത്തിനു മേല്‍ ഓട് പൊളിച്ചിറങ്ങുന്നവരാക്കി മാറ്റുന്നത് വീണ്ടും അവരെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് വാജ്പയിയെ എങ്കിലും മാതൃകയാക്കാന്‍ പുതിയകാല ബി ജെ പി നേതൃത്വം മുന്നോട്ടു വരേണ്ടതുണ്ട്. നാടിനെ കൂടുതല്‍ ഇരുളിലാക്കരുത്.

---- facebook comment plugin here -----

Latest