Kerala
റിപ്പോര്‍ട്ടര്‍ ടി വിയുടെ മാധ്യമ സംഘത്തിന് നേരെ കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റം
മേപ്പയൂരിലും പേരാമ്പ്രയിലുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടര്‍ മാധ്യമ സംഘത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്

കോഴിക്കോട് | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണ വിവരങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ടി വിയുടെ മാധ്യമ സംഘത്തിന് നേരെ കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റം. മേപ്പയൂരിലും പേരാമ്പ്രയിലുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടര്‍ മാധ്യമ സംഘത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
പേരാമ്പ്രയില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ വാഹനം അടിച്ച് നശിപ്പിക്കാനും ശ്രമമുണ്ടായി. സംഭവത്തെ തുടര്‍ന്ന് അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി അറിയിച്ചു. നിര്‍ഭയമാധ്യമ പ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് പരാതിയില്‍ ഡി ജി പിയോട് ആവശ്യപ്പെടുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വടകരയില്‍ ഷാഫിക്കെതിരെ ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് മേപ്പയ്യൂരില്‍ ഷാഫിയുടെ പ്രതികരണം എടുക്കാന്‍ എത്തിയ മാധ്യമ സംഘത്തെ പിടിച്ചു തള്ളുകയും തെറിവിളിക്കുകയും ചെയ്തു. ഷാഫിയുടെപരിപാടി കഴിയും വരെ മാധ്യമ സംഘത്തെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
നേതാക്കളോടു പരാതി പറഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വാഹനം വളഞ്ഞിട്ട് ഭീഷണിമുഴക്കി. റിപ്പോര്‍ട്ടര്‍ ടി വി ബഹിഷ്‌കരിച്ചതായി സാമൂഹിക മാധ്യമങ്ങളിലെ കോണ്‍ഗ്രസ് ഹാന്റിലുകളില്‍ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. എന്തു ഭീഷണിയുണ്ടായാലും മാധ്യമ പ്രവര്‍ത്തനം ശക്തമായി തുടരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അണികളെ നിയന്ത്രിക്കണമെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞു.