National
അഴിമതിക്കേസില്‍ ചന്ദ്രബാബു നായിഡുവിന് ആശ്വാസം; സ്ഥിരം ജാമ്യം അനുവദിച്ച് കോടതി
രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നായിഡുവിനെ കോടതി വിലക്കിയിട്ടില്ല

ഹൈദരാബാദ് | അഴിമതിക്കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് സ്ഥിരം ജാമ്യം അനുവദിച്ച് കോടതി. നൈപുണ്യ വികസന കോര്‍പ്പറേഷനില്‍ നടന്ന 371 കോടിയുടെ അഴിമതിക്കേസിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചന്ദ്രബാബു നായിഡുവിന് സ്ഥിരജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് സ്ഥിര ജാമ്യം.
നായിഡുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ടി മല്ലികാര്‍ജുന റാവുവാണ് വിധി പ്രസ്താവിച്ചത്. ചികിത്സാവിവരങ്ങള്‍ മുദ്രവച്ച കവറില്‍ എസിബി കോടതിയിലും, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. വലത് കണ്ണിന് തിമിര ശസ്ത്രക്രിയ നടത്താന്‍ ഒക്ടോബര്‍ ആദ്യം ചന്ദ്രബാബു നായിഡുവിന് നാലാഴ്ചത്തേക്ക് ഇടക്കാല മെഡിക്കല്‍ ജാമ്യം അനുവദിച്ചിരുന്നു.
തെലങ്കാനയില്‍ നവംബര്‍ 30-ന് നിയമസഭാ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ചന്ദ്രബാബു നായിഡുവിന് കോടതിയില്‍ നിന്നും ആശ്വാസ വിധിയെത്തിയിരിക്കുന്നത്. രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നായിഡുവിനെ കോടതി വിലക്കിയിട്ടില്ല
ആന്ധ്രാ മുഖ്യമന്ത്രിയായിരിക്കെ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ പദ്ധതിയുടെ മറവില്‍ 371 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ചന്ദ്രബാബു നായിഡുവിനെതിരായ ആരോപണം. 2021 ല്‍ എടു്ത്ത കേസില്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് നായിഡുവിനെ ആന്ധ്രാപ്രദേശ് സിഐഡി അറസ്റ്റ് ചെയ്തത്.