National
കൂലി നല്‍കാത്തതിനാല്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചു;15 തൊഴിലാളികളുടെ കുടിലുകള്‍ക്ക് തീയിട്ട ഉടമ അറസ്റ്റില്‍
മുഹമ്മദ് റഫീഖ് കുംഭാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സൂറത്ത്| ഗുജറാത്തിലെ കച്ച് ജില്ലയില്‍ കൂലി നല്‍കാത്തതിനാല്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച തൊഴിലാളി കുടുംബങ്ങളുടെ കുടിലുകള്‍ക്ക് തീയിട്ട ഉടമ അറസ്റ്റില്‍. മുഹമ്മദ് റഫീഖ് കുംഭാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന 15 തൊഴിലാളി കുടുംബങ്ങളുടെ കുടിലുകളാണ് ഇയാള്‍ പൂര്‍ണ്ണമായും നശിപ്പിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പോലീസ് പറഞ്ഞു.
അഞ്ജാര്‍ ടൗണില്‍ നിന്ന് മുഹമ്മദ് റഫീഖ് കുംഭാര്‍ തൊഴിലാളികളെ ജോലിക്ക് കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും എന്നാല്‍ അവര്‍ക്ക് കൂലി നല്‍കാറില്ലെന്നും പരാതിക്കാരനായ ബദരീനാഥ് ഗംഗാറാം യാദവ് പറഞ്ഞു. കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ചു. ഇത് റഫീഖിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് 15 തൊഴിലാളികളുടെ കുടിലുകള്‍ തീയിട്ട് റഫീഖ് പക തീര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.