Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: വിശാലമായ ഗൂഢാലോചന; പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

കേസില്‍ പങ്കജ് ഭണ്ഡാരിയെ 12ാം പ്രതിയായും ഗോവര്‍ധനെ 13ാം പ്രതിയായുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വിശാലമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെയും സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗൂഢാലോചന സംബന്ധിച്ച് പരാമര്‍ശം. ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എസ്ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ പങ്കജ് ഭണ്ഡാരിയെ 12ാം പ്രതിയായും ഗോവര്‍ധനെ 13ാം പ്രതിയായുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും സ്വര്‍ണമോഷണത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ നിലപാട്.

സ്വര്‍ണ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായത്തോടെ സ്മാര്‍ട് ക്രിയേഷനിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതില്‍ നിന്ന് 109 ഗ്രാം പണിക്കൂലിയായി പങ്കജ് ഭണ്ഡാരി എടുത്തു. ബാക്കി 470 ഗ്രാം സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റു. ഇക്കാര്യം ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിച്ചത് ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും ഇവരുവര്‍ക്കും അറിയാമായിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍ വിജയകുമാറിനെയും കെ പി ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ മാളികപ്പുറത്ത് സമര്‍പ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തയച്ച 10 പവന്‍ സ്വര്‍ണമാല തുടക്കത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന് എസ്‌ഐടി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രായശ്ചിത്തമായാണ് ഗോവര്‍ദ്ധന്‍ മാല നല്‍കിയത്. 2021ലാണ് മാല സമര്‍പ്പിച്ചത്. കണക്കില്‍പ്പെടാതെ വര്‍ഷങ്ങളോളം ശബരിമലയില്‍ സൂക്ഷിച്ച മാല പിന്നീട് മഹസറില്‍ രേഖപ്പെടുത്തിയത് സ്വര്‍ണക്കൊള്ള വിവാദം പുറത്തുവന്നതിന് പിന്നാലെയെന്നും റിപ്പോര്‍ട്ടുകള്‍.

സ്പോണ്‍സറെന്ന നിലയില്‍ പോറ്റി പാളികള്‍ കടത്തി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനിലെത്തിച്ചു എന്നാണ് കണ്ടെത്തല്‍. അയ്യപ്പന്റെ സ്വര്‍ണമാണെന്നും വേര്‍തിരിച്ച് മറിച്ചു വില്‍ക്കാന്‍ പാടില്ലെന്നും അറിയാവുന്ന പ്രതികള്‍ അത് തട്ടിയെടുത്തുവെന്നാണ് എസ്ഐടി പറയുന്നത്. ഗോവര്‍ദ്ധന്റെ കയ്യിലെത്തിയ ശബരിമലയിലെ സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും എസ്ഐടി പറയുന്നു.

 

---- facebook comment plugin here -----

Latest