Kerala
പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ ആക്രമണം; അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
നേരത്തെ പ്രദേശത്തെ സിപിഐഎം ഓഫീസിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. അതിനെതിരെ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരാണ് ലീഗ് ഓഫീസിന് കല്ലെറിഞ്ഞതെന്നാണ് ആരോപണം.
മലപ്പുറം| പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് പെരിന്തല്‍മണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ മുസ്ലിംലീഗ് ഹര്‍ത്താല്‍ ആണ്.
ഓഫീസ് ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. നേരത്തെ പ്രദേശത്തെ സിപിഐഎം ഓഫീസിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. അതിനെതിരെ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരാണ് ലീഗ് ഓഫീസിന് കല്ലെറിഞ്ഞതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം മലപ്പുറം ഒഴൂര്‍ അയ്യായയില്‍ മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഒഴൂര്‍ പഞ്ചായത്ത് വാര്‍ഡ് 15ലെ അയ്യായ ജുമാമസ്ജിദിന് സമീപത്തെ ശിഹാബ് തങ്ങള്‍ സ്മാരക മുസ്ലിം ലീഗ് ഓഫീസാണ് കത്തിനശിച്ചത്.


