Kerala
പനമരം കൂളിവയല്‍ ആദിവാസി ഉന്നതിയില്‍ കോളറ പടരുന്നു; ഒരു മരണം
15 വീടുകളിലായി താമസിക്കുന്ന ഉന്നതി നിവാസികള്‍ക്ക് ആകെ രണ്ട് ശുചിമുറികള്‍ മാത്രമാണുള്ളത്.
വയനാട്| വയനാട് പനമരം കൂളിവയല്‍ ആദിവാസി ഉന്നതിയില്‍ കോളറ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. കോളറ ബാധിച്ച് ഒരാള്‍ മരിച്ചു. ആദിവാസി വയോധികന്‍ ചോമന്‍ ആണ് മരിച്ചത്. കൂളിവയല്‍ ഉന്നതിയില്‍ ഇതുവരെ 16 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഉന്നതിയിലെ കാനയില്‍ നിന്ന് മലിനജലം പൊട്ടി ഒഴുകുന്നത് വീടുകള്‍ക്ക് മുന്നിലൂടെയാണ്. 15 വീടുകളിലായി താമസിക്കുന്ന ഉന്നതി നിവാസികള്‍ക്ക് ആകെയുളളത് രണ്ട് ശുചിമുറികള്‍ മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച അഞ്ച് ശുചിമുറികളില്‍ മൂന്നെണ്ണം ഉപയോഗശൂന്യവുമാണ്.
നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രോഗലക്ഷണങ്ങളുണ്ടെന്നാണ് ഉന്നതി നിവാസികള്‍ പറയുന്നത്. ട്രൈബല്‍, ആരോഗ്യ വകുപ്പുകള്‍ തങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ല. കോളറ വ്യാപനം തടയാന്‍ നടപടിയുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


