Kerala
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിലെ വീടുകള്‍ക്കായുള്ള നറുക്കെടുപ്പ് തുടങ്ങി
178 വീടുകളാണ് ആദ്യ ഘട്ടത്തില്‍ കൈമാറുന്നത്. വീടും ഏഴ് സെന്റ് സ്ഥലവുമാണ് ദുരന്തബാധിതര്‍ക്ക് ലഭിക്കുക. പട്ടയവും വൈദ്യുതി കണക്ഷനും ഉള്‍പ്പെടെ ഇന്നു തന്നെ രജിസ്റ്റര്‍ ചെയ്ത് നല്‍കും.
കല്‍പ്പറ്റ | വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിലെ ആദ്യ ഘട്ടത്തില്‍ കൈമാറുന്ന 178 വീടുകള്‍ക്കായുള്ള നറുക്കെടുപ്പ് തുടങ്ങി. മേപ്പാടിയില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. വീടും ഏഴ് സെന്റ് സ്ഥലവുമാണ് ദുരന്തബാധിതര്‍ക്ക് ലഭിക്കുക. കൈമാറിയ വീടുകളുടെ അടിസ്ഥാനത്തില്‍ പട്ടയവും വൈദ്യുതി കണക്ഷനും ഉള്‍പ്പെടെ ഇന്നു തന്നെ ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കും. വീട് രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാത്തരം ഫീസുകളും ഒഴിവാക്കിയിട്ടുണ്ട്. ദുരന്തത്തില്‍ കടകളും സംരംഭങ്ങളും നഷ്ടമായവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം വേദിയില്‍ മന്ത്രി ഒ ആര്‍ കേളു പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിലെ വീടുകളുടെ താക്കോല്‍ദാനം ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ടവരുടെ പട്ടികയിലുള്ള 178 പേരില്‍ നിന്നാണ് ഗുണഭോക്താക്കളുടെ ക്രമം നിശ്ചയിക്കുക. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്.
രണ്ട് ബെഡ് റൂമുകളോട് കൂടിയ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിക്കുന്നത്. മൂന്ന് സോണുകളായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ ആരോഗ്യ കേന്ദ്രം, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ ഉള്‍പ്പെടെ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ആകെ 64 ഹെക്ടര്‍ ഭൂമിയാണ് ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.





