First Gear
ഇനി ട്രാഫിക് ബ്ലോക്കിലും ബോറടിക്കില്ല; കാർപ്ലേയിൽ വീഡിയോ ആസ്വദിക്കാം; ആപ്പിളിന്റെ വമ്പൻ മാറ്റങ്ങൾ ഇങ്ങനെ
ആപ്പിൾ ടി വി ആപ്പിലെ നിങ്ങളുടെ വാച്ച് ലിസ്റ്റുകൾ ഐഫോണിലെന്നപോലെ കാറിന്റെ ഡിസ്‌പ്ലേയിലും ഇനി ലഭ്യമാകും.
വാഹനത്തിനുള്ളിലെ വിനോദ സംവിധാനങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്താനൊരുങ്ങി ആപ്പിൾ. ഐ ഒ എസ് 26.4 പബ്ലിക് ബീറ്റയിലൂടെ ആപ്പിൾ കാർപ്ലേയിൽ വീഡിയോ പ്ലേബാക്ക് സൗകര്യം ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. കാർ യാത്രകൾക്കിടയിലെ കാത്തിരിപ്പുകൾ ഇനി വീഡിയോകൾ കണ്ട് ആസ്വദിക്കാൻ ഡ്രൈവർമാർക്ക് സാധിക്കും. എന്നാൽ, റോഡ് സുരക്ഷ മുൻനിർത്തി വലിയൊരു നിബന്ധനയും ആപ്പിൾ മുന്നോട്ടുവെക്കുന്നുണ്ട്; വാഹനം പാർക്ക് ചെയ്തിരിക്കുമ്പോൾ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കുകയുള്ളൂ.
വീഡിയോ മാത്രമല്ല
ആപ്പിൾ ടി വി ആപ്പിലെ നിങ്ങളുടെ വാച്ച് ലിസ്റ്റുകൾ ഐഫോണിലെന്നപോലെ കാറിന്റെ ഡിസ്‌പ്ലേയിലും ഇനി ലഭ്യമാകും. എയർപ്ലേ (AirPlay) ഉപയോഗിച്ച് ഫോണിലെ വീഡിയോകൾ കാർ സ്ക്രീനിലേക്ക് കാസ്റ്റ് ചെയ്യാനും സാധിക്കും. കേവലം വീഡിയോ മാത്രമല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്പുകൾക്കായി “വോയ്‌സ് ബേസ്ഡ് കോൺവെർസേഷൻ ആപ്പുകൾ” എന്ന പുതിയ വിഭാഗം കൂടി കാർപ്ലേയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത് വഴി ഡ്രൈവിംഗിനിടയിൽ കൈകൾ ഉപയോഗിക്കാതെ തന്നെ ചാറ്റ് ജി പി ടി. പോലുള്ള എ ഐ സംവിധാനങ്ങളുമായി സംസാരിക്കാനും വിവരങ്ങൾ തേടാനും സാധിക്കും. സിരിയുടെ പ്രവർത്തനങ്ങളെ ബാധിക്കാതെ തന്നെയാകും ഈ തേർഡ് പാർട്ടി ആപ്പുകൾ പ്രവർത്തിക്കുക.
സുരക്ഷയാണ് പ്രധാനം
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ വീഡിയോകൾ പ്ലേ ചെയ്യില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഈ ഫീച്ചർ ലഭ്യമാക്കാൻ അതത് വാഹന നിർമ്മാതാക്കളുടെ അനുമതിയും ആവശ്യമാണ്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ അപ്‌ഡേറ്റിൽ ആപ്പിൾ മ്യൂസിക്കിലെ എ ഐ. പ്ലേലിസ്റ്റുകൾ, മോഷണം പോയ ഫോണുകൾക്കായുള്ള സുരക്ഷാ ക്രമീകരണങ്ങൾ, മെച്ചപ്പെട്ട ഹെൽത്ത് ആപ്പ് വിവരങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഇന്ത്യൻ നഗരങ്ങളിലെ ട്രാഫിക് കുരുക്കുകളിലും ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളിലെ കാത്തിരിപ്പിലും ഈ ഫീച്ചർ വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.





