National
നേപ്പാളിനായി 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
സിവില്‍ സര്‍വീസ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനം, ബഹിരാകാശ ഗവേഷണം, ആരോഗ്യവും വൈദ്യശാസ്ത്രവും, നഗരവികസനം, ആയുര്‍വേദവും പരമ്പരാഗത വൈദ്യശാസ്ത്രവും എന്നിവയുള്‍പ്പെടെ എട്ട് ധാരണാപത്രങ്ങളില്‍ ഇന്ത്യയും നേപ്പാളും ഒപ്പുവെച്ചു
ന്യൂഡല്‍ഹി | മിന്നല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിനായി 24,000 കോടി നേപ്പാളി രൂപയുടെ (ഏകദേശം 15,000 കോടി ഇന്ത്യന്‍ രൂപ) വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് പ്രഖ്യാപനം. നേപ്പാളിന്റെ വികസനത്തിനായുള്ള ഷായുടെ കാഴ്ചപ്പാടിനെ പ്രശംസിച്ച പ്രധാനമന്ത്രി, ഈ വര്‍ഷം നേപ്പാളിലെ ജനങ്ങള്‍ അദ്ദേഹത്തിന് നല്കിയ ചരിത്രപരമായ ജനവിധി രാജ്യത്തെ പുതിയ തലമുറയുടെ അഭിലാഷങ്ങളെയും പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്നതാണെന്നും പറഞ്ഞു.
‘അധികാരമേറ്റ ശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായെ സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തപ്പോള്‍, അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടും നമുക്ക് വ്യക്തമായി കാണാന്‍ സാധിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നടന്ന ഞങ്ങളുടെ ചര്‍ച്ചകളില്‍, നേപ്പാളിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യ-നേപ്പാള്‍ ബന്ധത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടും പ്രതിബദ്ധതയും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു’ -ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ മോദി പറഞ്ഞു.
ഇന്ത്യയും നേപ്പാളും വെറും അയല്‍രാജ്യങ്ങള്‍ മാത്രമല്ലെന്നും വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും ആഴത്തിലുള്ള ബന്ധങ്ങളാല്‍ കോര്‍ത്തിണക്കപ്പെട്ട രാജ്യങ്ങളാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ഞങ്ങള്‍ സമാനമായ അഭിലാഷങ്ങളും വെല്ലുവിളികളും പങ്കിടുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ പരസ്പരം ഒപ്പം നില്‍ക്കുകയും ചെയ്യുന്നു. നേപ്പാളിലെ വെള്ളപ്പൊക്കത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു. നേപ്പാളിന്റെ പുനര്‍നിര്‍മ്മാണത്തെയും വികസനത്തെയും പിന്തുണയ്ക്കുന്നതിനായി ഞങ്ങള്‍ 24,000 കോടി നേപ്പാളി രൂപയുടെ വികസന സഹകരണ പാക്കേജ് പ്രഖ്യാപിക്കുകയാണെന്നും മോദി വ്യക്തമാക്കി.
വര്‍ഷങ്ങളായി നേപ്പാളിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളും മറ്റ് അവശ്യസാധനങ്ങളും വിശ്വസ്തതയോടെ വിതരണം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അയല്‍പക്കത്തിന് പ്രഥമ പരിഗണന എന്ന നയത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട്, ഈ വര്‍ഷം എണ്ണ വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ വെല്ലുവിളികള്‍ നേരിട്ടിട്ടും നേപ്പാളിലേക്കുള്ള ഇന്ധനം, വളം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ വിതരണം ഇന്ത്യ മുടക്കമില്ലാതെ നിലനിര്‍ത്തി- മോദി കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ ഇന്ത്യ നല്കിയ ഊഷ്മളമായ ആതിഥേയത്വത്തെ ഷാ തന്റെ പ്രസംഗത്തില്‍ പ്രശംസിച്ചു. നേപ്പാള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം പ്രധാനമന്ത്രി മോദിയെ ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം എടുത്തുപറഞ്ഞ ഷാ, ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്തതും ഹൃദയസ്പര്‍ശിയുമായ ബന്ധം വാക്കുകള്‍ക്കതീതമാണെന്ന് വ്യക്തമാക്കി. ദുഷ്കരമായ സമയങ്ങളിലും ദുരന്തങ്ങള്‍ക്ക് ശേഷവും ഇന്ത്യ നല്കിയ സഹായത്തിന് അദ്ദേഹം നന്ദി പറയുകയും, ഇരു അയല്‍രാജ്യങ്ങളും തമ്മിലുള്ള ഐക്യദാര്‍ഢ്യം, പരസ്പര വിശ്വാസം, സഹകരണം എന്നിവയ്ക്ക് അടിവരയിടുകയും ചെയ്തു.
സിവില്‍ സര്‍വീസ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനം, ബഹിരാകാശ ഗവേഷണം, ആരോഗ്യവും വൈദ്യശാസ്ത്രവും, നഗരവികസനം, ആയുര്‍വേദവും പരമ്പരാഗത വൈദ്യശാസ്ത്രവും എന്നിവയുള്‍പ്പെടെ എട്ട് ധാരണാപത്രങ്ങളില്‍ ഇന്ത്യയും നേപ്പാളും ഒപ്പുവെച്ചു. ഇന്ത്യ-നേപ്പാള്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് ഇരു നേതാക്കളും സംയുക്തമായി പ്രധാന കണക്റ്റിവിറ്റി, ഊര്‍ജ്ജ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും പുതിയ സംരംഭങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തു.
Content Highlights: PM Narendra Modi announced a Rs 15,000 crore development package for flood-affected Nepal during bilateral talks with Nepali PM Balendra Shah in New Delhi. Both nations signed eight MoUs covering space research, health, and urban development. The leaders also launched major connectivity and energy projects




