National
ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്; 17 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതി ഇര്ഫാന് പാഡയ്ക്ക് ജാമ്യം
ഗുരുതരമായ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.
ന്യൂഡല്‍ഹി| ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ 17 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതി ഇര്ഫാന് സിറാജ് പാഡയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഗുരുതരമായ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ അപ്പീലില്‍ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍ ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, പിബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
2002 ഫെബ്രുവരി 27ന് രാവിലെ ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്റ്റേഷന് സമീപം സബര്‍മതി എക്സ്പ്രസിന്റെ എസ് 6 കോച്ചിന് തീപിടിക്കുകയായിരുന്നു. അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരാണ് ഈ കോച്ചിലുണ്ടായിരുന്നത്. തീപിടുത്തത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 59 പേര് വെന്തുമരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവം ഗുജറാത്തില്‍ വലിയ തോതിലുള്ള വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെച്ചു.
ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പ്രത്യേക എസ് ഐ ടി കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തി. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. 63 പേരെ കോടതി വെറുതെവിടുകയും ചെയ്തു. ഗുജറാത്ത് ഹൈക്കോടതി വിധി 2017 ല്‍ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. മറ്റ് 20 പേരുടെ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് ഉത്തരവിടുകയും ചെയ്തു. വധശിക്ഷ ഇളവ് ചെയ്തതിനെതിരെ ഗുജറാത്ത് സര്‍ക്കാരും ശിക്ഷയ്ക്കെതിരെ പ്രതികളും നല്കിയ അപ്പീലുകള്‍ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Content Highlights: The Supreme Court granted bail on serious cardiac and health grounds to Godhra train burning accused Irfan Siraj Pada after 17 years in jail. A bench of Justices MM Sundresh and PB Varale passed the order while appeals by Gujarat and convicts remain pending. The case stems from the February 2002 Sabarmati Express fire that killed 59 people.




