Uae
ദുബൈ; മെട്രോ ബ്ലൂ ലൈൻ നിർമാണം 29 ശതമാനം പൂർത്തിയായി
ശൈഖ് ഹംദാൻ പുരോഗതി വിലയിരുത്തി
ദുബൈ|ദുബൈയുടെ പൊതുഗതാഗത ശൃംഖലയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമാണം 29 ശതമാനം പൂർത്തിയായി. 1,450 കോടി ദിർഹം ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ പുരോഗതി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് വിലയിരുത്തി. പുതിയ മെട്രോ പാതയുടെ ആധുനിക ട്രെയിനുകളുടെ രൂപകൽപ്പനയും യാത്രാസൗകര്യങ്ങളും അദ്ദേഹം പരിശോധിച്ചു. 2029 സെപ്തംബർ ഒമ്പതിന് സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രധാന മേഖലകളെ ബന്ധിപ്പിക്കും
30 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 14 സ്റ്റേഷനുകളാണ് ഉണ്ടാകുക. ഇതിൽ അഞ്ച് സ്റ്റേഷനുകൾ ഭൂഗർഭത്തിലും ഒമ്പത് സ്റ്റേഷനുകൾ ഉയർന്ന പാതയിലുമായിരിക്കും. നിലവിലെ റെഡ്, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിക്കുന്ന പദ്ധതി ദുബൈ ക്രീക്ക് ഹാർബർ, ദുബൈ സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, ഇന്റർനാഷണൽ സിറ്റി തുടങ്ങിയ മേഖലകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കും.
ദിവസേന ലക്ഷക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും താമസക്കാരുടെയും തൊഴിലാളികളുടെയും യാത്രാസമയം ലാഭിക്കുന്നതിനും സഹായകമാകും.
Content Highlights: Construction of Dubai Metro Blue Line has reached 29 percent under a 14.5 billion dirham project reviewed by Sheikh Hamdan bin Mohammed. The 30 km route features 14 stations linking red and green lines to key hubs including Dubai Creek Harbour and Dubai Silicon Oasis. Operations are slated to begin on September 9, 2029.




