International
ബെൻഗാസി തുറമുഖത്ത് റഷ്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം; 10 പേർക്ക് പരുക്ക്
ആക്രമണത്തിന് ഇരയായ കപ്പലിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഡ്രോണുകളുമാണ് ഉണ്ടായിരുന്നതെന്ന് വിവിധ വൃത്തങ്ങൾ വ്യക്തമാക്കി.
ബെൻഗാസി|കിഴക്കൻ ലിബിയയിലെ ബെൻഗാസി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന റഷ്യൻ കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ യുക്രെയ്ൻ സൈന്യമാണെന്നും,പടിഞ്ഞാറൻ ലിബിയയിലുള്ള യുക്രെയ്ൻ സൈനിക താവളത്തിൽ നിന്നാണ് കപ്പലിന് നേരെ നിരവധി സമുദ്ര ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റതായി ലിബിയൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ആക്രമണത്തിന് ഇരയായ കപ്പലിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഡ്രോണുകളുമാണ് ഉണ്ടായിരുന്നതെന്ന് വിവിധ വൃത്തങ്ങൾ വ്യക്തമാക്കി. മൂന്ന് ഡ്രോണുകൾ കപ്പലിനെ ആക്രമിക്കുന്നത് കണ്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, റഷ്യയും കിഴക്കൻ ലിബിയൻ ഭരണകൂടവും തമ്മിലുള്ള സഹകരണ കരാർ പ്രകാരം ഇന്ധനവും അവശ്യസാധനങ്ങളും നിറയ്ക്കാനാണ് കപ്പൽ തുറമുഖത്ത് എത്തിയതെന്നായിരുന്നു ബെൻഗാസി ഭരണകൂടത്തിന്റെ വിശദീകരണം.
ഞായറാഴ്ച വൈകുന്നേരം ബെൻഗാസി തുറമുഖത്തിന് സമീപം മാൾട്ടീസ് പതാകയുള്ള ഒരു ചരക്കുകപ്പലിന് നേരെയും സമുദ്ര ഡ്രോൺ ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ലിബിയൻ നാവികസേന രക്ഷപ്പെടുത്തി, കൂടാതെ നഗരത്തിന് സമീപം കടലിൽ എത്തിയ 12-ഓളം സമുദ്ര ഡ്രോണുകൾ ലിബിയൻ നാവിക-വ്യോമ സേനകൾ തകർത്തതായി അൽമസർ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.
സംഭവത്തെത്തുടർന്ന് കപ്പലിലുണ്ടായ തീ നിയന്ത്രണവിധേയമാക്കിയതായും പ്രദേശം സുരക്ഷിതമാക്കിയതായും ബെൻഗാസി ഭരണകൂടം അറിയിച്ചു. ആക്രമണത്തിന്റെ ഉറവിടവും പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താൻ റഷ്യയുമായി ചേർന്ന് സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
“ലിബിയൻ തുറമുഖങ്ങളെയോ പ്രദേശങ്ങളെയോ സമുദ്രാതിർത്തികളെയോ അന്താരാഷ്ട്ര സംഘർഷങ്ങൾക്കുള്ള വേദിയാക്കാൻ അനുവദിക്കില്ല. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ലിബിയ ഒരു കക്ഷിയല്ല,” എന്ന് വ്യക്തമാക്കിയ ഭരണകൂടം, ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അപലപിച്ചു.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് ശേഷം കരിങ്കടലിലും മറ്റിടങ്ങളിലും റഷ്യൻ കപ്പലുകൾക്ക് നേരെ യുക്രെയ്ൻ സമുദ്ര ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്താറുണ്ട്. ശനിയാഴ്ച ഫിൻലൻഡ് സമുദ്രാതിർത്തിക്ക് സമീപം ബാൾട്ടിക് കടലിൽ ഒരു റഷ്യൻ ചരക്കുകപ്പലിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു.
കഴിഞ്ഞ മാർച്ചിൽ ലിബിയൻ തീരത്ത് റഷ്യൻ പ്രകൃതിവാതക കപ്പൽ മുങ്ങിയതിന് പിന്നിലും യുക്രെയ്ൻ ആണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആരോപിച്ചിരുന്നു. 2011-ൽ മുഅമ്മർ ഗദ്ദാഫി പുറത്താക്കപ്പെട്ടതിന് ശേഷം ലിബിയ നിലവിൽ ട്രിപ്പോളി ആസ്ഥാനമായുള്ള ഐക്യരാഷ്ട്രസഭ അംഗീകരിച്ച സർക്കാരിനും ബെൻഗാസി ആസ്ഥാനമായുള്ള കിഴക്കൻ ഭരണകൂടത്തിനും കീഴിലായി വിഭജിക്കപ്പെട്ടിരിക്കുകയാണ്.
Content Highlights: Sea drones reportedly launched from western Libya struck a Russian vessel at Benghazi port, injuring 10 people, while a Maltese cargo ship was also hit and naval forces downed around 12 drones. Benghazi authorities condemned the strike as a sovereignty breach and announced a joint probe with Russia. The incident follows earlier maritime drone attacks in the Baltic Sea and previous claims over a sunken Russian gas carrier.




