National
വാട്സ്ആപ്പ് വെബ് ലോഗ്ഔട്ട് ചെയ്യാതെ പോകുന്നത് സൈബര്‍ തട്ടിപ്പിന് ഇരയാക്കും; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
ലോഗ് ഇന്‍ ചെയ്ത നിലയില്‍ കിടക്കുന്ന സെഷന്റെ നിയന്ത്രണം ഏറ്റെടുക്കാനും തട്ടിപ്പ് നടത്താനും സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം വിങ്
ന്യൂഡല്‍ഹി | കമ്പ്യൂട്ടറുകളിലും ലാപ്പ്ടോപ്പുകളിലും വാട്സ്ആപ്പ് വെബ് ലോഗ്ഔട്ട് ചെയ്യാതെ പോകുന്നത് സൈബര്‍ കുറ്റവാളികള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പിന് ഇരയാക്കിയേക്കാമെന്ന് കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പ് . ലോഗ് ഇന്‍ ചെയ്ത നിലയില്‍ കിടക്കുന്ന സെഷന്റെ നിയന്ത്രണം ഏറ്റെടുക്കാനും തട്ടിപ്പ് നടത്താനും സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം വിങ് മുന്നറിയിപ്പ് നല്കി
ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന് കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് പുറത്തിറക്കിയ പുതിയ മുന്നറിയിപ്പിലാണ് ഇക്കാര്യം പയുന്നത്. വാട്സ്ആപ്പ് വെബ് ലോഗ് ഇന്‍ ചെയ്ത നിലയിലാണെങ്കില്‍ ഉപയോക്താവിന്റെ സന്ദേശങ്ങളും കോണ്ടാക്ടുകളും ഗ്രൂപ്പ് സംഭാഷണങ്ങളും മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിച്ചേക്കാം. കൂടാതെ അക്കൗണ്ട് ഉടമയെന്ന വ്യാജേന തട്ടിപ്പുകാര്‍ സന്ദേശങ്ങള്‍ അയയ്ക്കാനും ഉപയോക്താവിന്റെ വിശ്വാസ്യത മുതലെടുത്ത് തട്ടിപ്പുകള്‍ നടത്താനും സാധ്യതയുണ്ട്. ബ്രൗസര്‍ വിന്‍ഡോയോ ടാബോ അടച്ചതുകൊണ്ട് മാത്രം വാട്സ്ആപ്പ് സെഷന് അവസാനിക്കില്ല. അതിനാല്‍ അനധികൃത കടന്നുകയറ്റം തടയാന്‍ ഓരോ തവണ ഉപയോഗിച്ച ശേഷവും ഉപയോക്താക്കള്‍ നിര്‍ബന്ധമായും ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഓഫീസ് കമ്പ്യൂട്ടറുകള്‍, മറ്റുള്ളവരുമായി പങ്കിടുന്ന സിസ്റ്റങ്ങള്‍, പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടറുകള്‍, അല്ലെങ്കില്‍ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഡിവൈസുകള്‍ എന്നിവയില്‍ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോഴാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതെന്നും മുന്നറിയിപ്പില്‍ പറയുന്നു.കമ്പ്യൂട്ടറുകളിലെ വാട്സ്ആപ്പ് വെബ് വഴി പ്രധാനപ്പെട്ടതോ രഹസ്യസ്വഭാവമുള്ളതോ ആയ വിവരങ്ങള്‍ കൈമാറരുത്. പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടറില്‍ വാട്സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ ഇന്‍കോഗ്നിറ്റോ അല്ലെങ്കില്‍ പ്രൈവറ്റ് ബ്രൗസിങ് മോഡ് ഉപയോഗിക്കാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു
Content Highlights: The Union Home Ministry’s cyber crime wing warned users against leaving WhatsApp Web logged in on computers and laptops. Attackers can hijack active sessions, view chats, and impersonate users for fraud. Closing browser tabs does not end sessions, so users must log out and use incognito mode.




