Connect with us

Editors Pick

പുതിയ ഡിസൈനിൽ ടാറ്റ പഞ്ച് ഇ വി ഫേസ്‌ലിഫ്റ്റ് വിപണിയിൽ; വില 6.49 ലക്ഷം മുതൽ

ടാറ്റയുടെ നെക്സോൺ ഇ വി, ഹാരിയർ ഇ വി എന്നിവയോട് സാമ്യമുള്ള അത്യാധുനിക ഡിസൈനിലാണ് പുതിയ പഞ്ച് ഇ വി ഫേസ്‌ലിഫ്റ്റ് എത്തിയിരിക്കുന്നത്.

Published

|

Last Updated

മുംബൈ | ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ ജനപ്രിയ മോഡലായ പഞ്ച് ഇ വിയുടെ പരിഷ്കരിച്ച പതിപ്പ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് പുറത്തിറക്കി. 9.69 ലക്ഷം രൂപ മുതലാണ് (എക്സ് ഷോറൂം) വാഹനത്തിന്റെ പ്രാരംഭ വില ആരംഭിക്കുന്നത്. ബാറ്ററി ഒരു സേവനമായി നൽകുന്ന ബി എ എ സ് പദ്ധതി പ്രകാരം 6.49 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കാം. ഈ പദ്ധതിയിൽ കിലോമീറ്ററിന് 2.6 രൂപ വീതം ബാറ്ററിക്കായി നൽകിയാൽ മതിയാകും.

ടാറ്റയുടെ നെക്സോൺ ഇ വി, ഹാരിയർ ഇ വി എന്നിവയോട് സാമ്യമുള്ള അത്യാധുനിക ഡിസൈനിലാണ് പുതിയ പഞ്ച് ഇ വി ഫേസ്‌ലിഫ്റ്റ് എത്തിയിരിക്കുന്നത്. ബോഡി കളർ പാനലുകൾ, കണക്റ്റഡ് ഡി ആർ എൽ. എന്നിവ മുൻഭാഗത്തിന് കൂടുതൽ കരുത്തുറ്റ ലുക്ക് നൽകുന്നു.

പുതിയ 16 ഇഞ്ച് അലോയ് വീലുകളും കണക്റ്റഡ് ടെയിൽ ലാമ്പുകളും വാഹനത്തിന്റെ പിൻഭാഗത്തെയും വശങ്ങളെയും ആകർഷകമാക്കുന്നു. ഫിയർലെസ് യെല്ലോ, ബംഗാൾ റൂഷ്, കാരമൽ തുടങ്ങി ഏഴ് നിറങ്ങളിൽ വാഹനം ലഭ്യമാണ്. 195 എം എം. ഗ്രൗണ്ട് ക്ലിയറൻസും 450 എം എം. വാട്ടർ വേഡിംഗ് കപ്പാസിറ്റിയും ഓഫ്‌റോഡ് യാത്രകൾക്കും നഗരയാത്രകൾക്കും ഒരുപോലെ അനുയോജ്യമാണ്.

ഉൾവശത്ത് 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലുമിനേറ്റഡ് ലോഗോയോടു കൂടിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യുവൽ ടോൺ ഡാഷ്‌ബോർഡും ലതറെറ്റ് അപ്‌ഹോൾസ്റ്ററിയും പ്രീമിയം അനുഭവം നൽകുന്നു.

ബാറ്ററി കപ്പാസിറ്റിയിലും റേഞ്ചിലും വലിയ മാറ്റങ്ങളാണ് ടാറ്റ വരുത്തിയിരിക്കുന്നത്. 30 കെ ഡബ്ല്യു എച്ച്., 40 കെ ഡബ്ല്യു എച്ച്. എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭ്യമാണ്. ഇതിൽ വലിയ ബാറ്ററി പാക്ക് ഒറ്റത്തവണ ചാർജ് ചെയ്താൽ 468 കിലോമീറ്റർ റേഞ്ച് (ARAI) വാഗ്ദാനം ചെയ്യുന്നു. 65 കെ ഡബ്ല്യു ഡി സി. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 26 മിനിറ്റിനുള്ളിൽ 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.

ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.

---- facebook comment plugin here -----

Latest