Ongoing News
പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം; പുക ഉയര്‍ന്ന ധാക്ക-ജിദ്ദ വിമാനം ടേക്ക് ഓഫ് റദ്ദാക്കി
വിമാനത്തിലുണ്ടായിരുന്ന 420 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
ധാക്ക/ജിദ്ദ | ബംഗ്ലാദേശിലെ ധാക്ക ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സഊദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന യു എസ്-ബംഗ്ലാ എയര്‍ലൈന്‍സ് വിമാനം (BS361) സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി. പൈലറ്റിന്റെ സമയോചിതവും കൃത്യവുമായ ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായതോടൊപ്പം വിമാനത്തിലുണ്ടായിരുന്ന 420 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കാനും സാധിച്ചു.
ഇന്ന് പ്രാദേശിക സമയം വൈകുന്നേരം 4.10-ന് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ബസ് A330300 (S2-ALB) വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. വിമാനം ടേക്ക് ഓഫിനായി റണ്‍വേയിലൂടെ അതിവേഗം കുതിക്കുന്നതിനിടെയാണ് കോക്ക്പിറ്റിലെ ഉപകരണങ്ങളില്‍ സാങ്കേതിക തകരാര്‍ സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ലഭിച്ചത്. അപകടസാധ്യത മുന്‍കൂട്ടി കണ്ട പൈലറ്റ് ഉടന്‍ തന്നെ ടേക്ക് ഓഫ് റദ്ദാക്കാനും ശക്തമായി ബ്രേക്ക് ചെയ്ത് വിമാനം റണ്‍വേയില്‍ തന്നെ നിര്‍ത്താനും തീരുമാനിക്കുകയായിരുന്നു.
ഉയര്‍ന്ന വേഗതയില്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ടയറുകളും റണ്‍വേയും തമ്മിലുണ്ടായ കടുത്ത ഘര്‍ഷണം മൂലം ചക്രങ്ങള്‍ അമിതമായി ചൂടാവുകയും വലതുവശത്തെ ലാന്‍ഡിംഗ് ഗിയറിന് സമീപത്ത് നിന്ന് പുക ഉയരുകയും ചെയ്തു. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ വിമാനത്താവളത്തിലെ അഗ്നിശമന സേനയും അടിയന്തര രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി ചക്രങ്ങളില്‍ ശക്തമായി വെള്ളം ചീറ്റി തണുപ്പിച്ചു.
ലാന്‍ഡിംഗ് ഗിയറിന് തീപിടിച്ചതായാണ് ആദ്യം അഭ്യൂഹങ്ങള്‍ പരന്നതെങ്കിലും, എന്‍ജിനിലോ ടയറുകളിലോ വിമാനത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ തീപിടിത്തമുണ്ടായിട്ടില്ലെന്ന് യു എസ്-ബംഗ്ലാ എയര്‍ലൈന്‍സ് പി ആര് ജനറല്‍ മാനേജര്‍ വക്താവ് റിയാസ് ഉദ്ദീന്‍ പറഞ്ഞു. ചക്രങ്ങള്‍ അമിതമായി ചൂടായതാണ് പുക ഉയരാന്‍ കാരണമെന്നും ഇത് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ചക്രങ്ങള്‍ തണുപ്പിച്ച ശേഷം വിമാനം സ്വന്തം എന്ജിന് ഉപയോഗിച്ച് തന്നെ പാര്‍ക്കിംഗ് ബേയിലേക്ക് തിരികെ എത്തിച്ചു. തുടര്‍ന്ന് 420 യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തിറക്കി ടെര്‍മിനലിലേക്ക് മാറ്റി. യാത്രക്കാര്‍ക്ക് ജിദ്ദയിലേക്ക് തുടര്‍യാത്ര നടത്തുന്നതിനായി എയര്‍ലൈന്‍സ് മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ വിമാനം വിശദമായ സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമേ വീണ്ടും സര്‍വീസ് നടത്തുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Shiv Sena (UBT) chief Uddhav Thackeray said he also received calls and offers but remains focused on party and state interests. He urged NCP (SP) leader Sharad Pawar to prioritize Maharashtra rather than take conflicting stances over the proposed constituency delimitation move. The remarks come ahead of special parliamentary sittings on delimitation and women’s reservation legislation.




