National
വായു മലിനീകരണം: പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുവെന്ന് മുന്നറിയിപ്പ്
അടച്ചിട്ട മുറികളില്‍ അനുയോജ്യമായ എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുന്നത് വീടിനുള്ളിലെ പി എം 2.5 അളവ് പകുതിയോളം കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തില്‍ നേരിയ കുറവുണ്ടാക്കാനും സഹായിക്കും
ന്യൂഡല്‍ഹി | അന്തരീക്ഷത്തിലെ കടുത്ത വായു മലിനീകരണം പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നത് കൂടുതല്‍ പ്രയാസകരമാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വായുവിലെ സൂക്ഷ്മ കണികകളായ പി എം 2.5 ശ്വാസകോശത്തിലേക്ക് കടന്ന് ശരീരത്തില്‍ വീക്കവും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദവും ഉണ്ടാക്കുകയും, ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യുന്നു.
ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ 12,000ലധികം ആളുകളില്‍ നടത്തിയ പഠനത്തില്‍, ശരാശരി വാര്‍ഷിക പി എം 2.5 അളവില്‍ ഉണ്ടാകുന്ന ഓരോ വര്‍ദ്ധനവും ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത 22 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മലിനീകരണ കണികകള്‍ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും അവയെ വികസിപ്പിക്കാന്‍ സഹായിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുന്നു. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഒരുമിച്ചുള്ളവരില്‍ മലിനീകരണം ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. ഹ്രസ്വകാലത്തേക്ക് മലിനീകരണ തോത് പെട്ടെന്ന് ഉയരുന്നത് പോലും ഹൃദയാഘാതം ഉള്‍പ്പെടെയുള്ള അടിയന്തര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
അതേസമയം, രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മര്‍ദ്ദത്തിന്റെയും വ്യതിയാനങ്ങള്‍ക്ക് മലിനീകരണം ഒരു അധിക ഘടകം മാത്രമാണെന്നും ഭക്ഷണം, ശാരീരിക അധ്വാനം, മാനസിക സമ്മര്‍ദ്ദം, കൃത്യമായ മരുന്നുകള്‍ എന്നിവയും ഇതില്‍ തുല്യ പങ്കുവഹിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. വായു ഗുണനിലവാരം മോശമായ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും വ്യായാമം വീടിനുള്ളിലേക്ക് മാറ്റുകയും നിലവിലുള്ള ചികിത്സയോ മരുന്നുകളോ ഒരു കാരണവശാലും മുടക്കരുതെന്നും രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും കൃത്യമായി നിരീക്ഷിക്കുകയും ചെയ്തു. അടച്ചിട്ട മുറികളില്‍ അനുയോജ്യമായ എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുന്നത് വീടിനുള്ളിലെ പി എം 2.5 അളവ് പകുതിയോളം കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തില്‍ നേരിയ കുറവുണ്ടാക്കാനും സഹായിക്കും.




