Connect with us

Kerala

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്: ശസ്ത്രക്രിയ നടത്തിയത് താനാണോ എന്ന് ഓര്‍മയില്ലെന്ന് ഡോ. ഷാഹിദ

കേസ് ഷീറ്റില്‍ തന്റെ പേരുണ്ടെങ്കില്‍ താന്‍ ആയിരിക്കും നടത്തിയതെന്ന് ഷാഹിദ. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവമുണ്ടെന്നും അവര്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രിക സ്ത്രീയുടെ വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പ്രതികരിച്ച് ആരോപണ വിധേയയായ ഡോ. ഷാഹിദ. ശസ്ത്രക്രിയ നടത്തിയത് താന്‍ ആണോ എന്ന് ഓര്‍മയില്ലെന്ന് നിലവില്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫ് ആയ ഷാഹിദ പറഞ്ഞു. കേസ് ഷീറ്റില്‍ തന്റെ പേരുണ്ടെങ്കില്‍ താന്‍ ആയിരിക്കും നടത്തിയതെന്നും ഷാഹിദ വ്യക്തമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവമുണ്ട്. പലപ്പോഴും സ്‌ക്രബ് നഴ്സ് മാത്രമാണുണ്ടാകാറുള്ളതെന്നും ഫ്ളോര്‍ നഴ്സ് ഉണ്ടാകാറില്ലെന്നും ഷാഹിദ പറഞ്ഞു.

ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയാണെന്നാണ് വണ്ടാനം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാര്‍ ഉള്‍പ്പെടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ചികിത്സാ പിഴവ് വിവാദമായ പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാറും സൂപ്രണ്ട് എ ഹരികുമാറും മറ്റും രംഗത്തെത്തിയത്.

ഗൈനക്കോളജി വിഭാഗം എച്ച് ഒ ഡി ആയിരുന്ന ഡോ. ലളിതാംബികയാണ് ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ചികിത്സാ പിഴവിന് ഇരയായ ഉഷ ജോസഫിന്റെ കുടുംബം ആരോപിച്ചിരുന്നത്. എന്നാല്‍, ഇത് തള്ളിയ പ്രിന്‍സിപ്പല്‍ അക്കാലത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന ഡോ. ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് വ്യക്തമാക്കുകയായിരുന്നു.

 

Latest