Connect with us

Kerala

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഓടിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു; എം വി ഡി വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്തതിന് പിതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത മകള്‍ ഓടിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തത് അറിഞ്ഞെത്തിയ പിതാവ് പത്തനംതിട്ട ജില്ലാ ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്റ് വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഓടിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തത് അറിഞ്ഞെത്തിയ പിതാവ് പത്തനംതിട്ട ജില്ലാ ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്റ് വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്തു. സംഭവത്തില്‍ പുളിക്കീഴ് പെരിങ്ങര പാണാറ ഹൗസില്‍ പി എസ് അജേഷ് (47) നെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.

തിരുവല്ല സ്‌ക്വാഡിലെ എം വി ഐ ഷമീറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജി ജോസഫും ചേര്‍ന്ന് തിരുവല്ല പൊടിയാടി വൈക്കത്തില്ലത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് പെണ്‍കുട്ടിയുടെ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തത്. എ എം വി ഐ ഷാജി ജോസഫ് സ്‌കൂട്ടര്‍ കൈകാണിച്ച് നിര്‍ത്തിച്ച് വാഹനത്തിന്റെ രേഖകളും പെണ്‍കുട്ടിയുടെ ലൈസന്‍സും ആവശ്യപ്പെട്ടു. വാഹനത്തിന്റെ രേഖകള്‍ ഒന്നും കൈവശമില്ലെന്നും 17 വയസ്സേ ആയിട്ടുള്ളൂവെന്നും പെണ്‍കുട്ടി എം വി ഡി ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ ഷാജി ജോസഫ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ രേഖകളുമായി ഉടമയോട് ഹാജരാവാന്‍ പെണ്‍കുട്ടിയോട് നിര്‍ദേശിക്കുകയും ചെയ്തു.

കുറച്ചുകഴിഞ്ഞ് കുട്ടിയുടെ പിതാവ് അജേഷും മറ്റൊരാളും കൂടി സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത സ്‌കൂട്ടര്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ ഇതിന് വിസമ്മതിച്ചതോടെ സ്‌കൂട്ടറിന്റെ താക്കോല്‍ ഷാജി ജോസഫില്‍ നിന്നും ബലമായി പിടിച്ചെടുക്കാന്‍ അജേഷ് ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടതോടെ സ്‌കൂട്ടര്‍ വിട്ടുനല്‍കാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ വണ്ടിയും വിടില്ലെന്ന് പറഞ്ഞ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ടാറ്റാ നെക്സോണ്‍ ഇലക്ട്രിക് കാറിന്റെ ഡോര്‍ തുറന്ന് താക്കോല്‍ ഊരിയെടുക്കുകയായിരുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ കേസെടുത്ത പുളിക്കീഴ് പോലീസ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഔദ്യോഗിക കൃതൃനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് അജേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest