Uae
കർഷകർക്ക് തുണയായി അബൂദബിയുടെ എ ഐ ശൃംഖല
ലക്ഷ്യം പത്ത് കോടി കർഷകർ
അബൂദബി|കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിസന്ധി നേരിടുന്ന മേഖലകളിലെ കർഷകരെ സഹായിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ശൃംഖല വികസിപ്പിച്ച് യു എ ഇ. 2030 ഓടെ പത്ത് കോടി കർഷകരിലേക്ക് സേവനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 3.8 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഗവേഷണം, ഓപ്പൺ സോഴ്സ് മോഡലുകൾ വികസിപ്പിക്കൽ, ഫീൽഡ് നെറ്റ്്വർക്കുകൾ സ്ഥാപിക്കൽ എന്നിവയിലൂടെ അബൂദബി സ്വന്തമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്.
ലോകത്ത് എല്ലാവർക്കും ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും വിവരങ്ങളുടെ അഭാവവും കൃത്യസമയത്ത് വിതരണം നടത്താത്തതുമാണ് പ്രതിസന്ധിക്ക് കാരണം. മൺസൂൺ, മഞ്ഞ് എന്നിവ പ്രവചിക്കാൻ കഴിയാതെ വരുമ്പോൾ വിളനാശം സംഭവിക്കുന്നു. ഇത് പരിഹരിക്കാനാണ് എ ഐ ശൃംഖല സഹായിക്കുന്നത്. യു എ ഇ പ്രസിഡൻഷ്യൽ കോർട്ട്, എം ബി ഇസഡ് യു എ ഐ, എൻ വൈ യു അബൂദബി, എ ഐ 71, സി ജി ഐ എ ആർ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
യു എ ഇയും ഗേറ്റ്‌സ് ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന എയിം ഫോർ സ്‌കെയിൽ പദ്ധതിയിലൂടെ ഇന്ത്യയിലെ 3.8 കോടി കർഷകർക്ക് എ ഐ അധിഷ്ഠിത മൺസൂൺ പ്രവചനങ്ങൾ എസ് എം എസ് വഴി നൽകാൻ സാധിച്ചു. സ്മാർട്ട് ഫോണുകൾ ഇല്ലാത്ത കർഷകർക്കും ഇത് പ്രയോജനപ്പെടും. കഠിനമായ കാലാവസ്ഥയും ജലക്ഷാമവും നേരിടുന്ന രാജ്യമെന്ന നിലയിൽ ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം യു എ ഇക്ക് നന്നായി അറിയാമെന്ന് യു എ ഇ പ്രസിഡൻഷ്യൽ കോർട്ടിലെ സീനിയർ സ്പെഷ്യലിസ്റ്റ് ഫാത്തിമ അൽ മുല്ല പറഞ്ഞു. ബംഗ്ലാദേശ്, ചിലി, എത്യോപ്യ, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്ക് എം ബി ഇസഡ് യു എ ഐയും യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയും ചേർന്ന് കാലാവസ്ഥാ പ്രവചനത്തിൽ പരിശീലനം നൽകുന്നുണ്ട്. 2027 ഓടെ 25 രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.


