Connect with us

Kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: രാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും; മുഖ്യമന്ത്രി

വാളയാറിലെ സംഭവം കേരളത്തിന്റെ യശസ്സിനേറ്റ കളങ്കം. ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

Published

|

Last Updated

പാലക്കാട്| പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസ്സിനേറ്റ കളങ്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാം നാരായണിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കതിരെ കര്‍ശന നടപടിയുണ്ടാകും. വിഷയത്തില്‍ പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

കേസിന്റെ വിശദംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ പരിശോധിച്ച് രാം നാരായണിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സര്‍ക്കാര്‍ രാം നാരായണിന്റെ കുടുംബത്തോടൊപ്പമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും പറഞ്ഞു. തൊഴില്‍ തേടിയെത്തിയ അഥിതി തൊഴിലാളി രാം നാരായണിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് മന്ത്രി ആരോപിച്ചു. ബംഗ്ലാദേശി എന്ന ചാപ്പ കുത്തല്‍, വംശീയ വിദ്വേഷത്തില്‍ നിന്നും വംശീയ രാഷ്ട്രീയത്തില്‍ നിന്നുമുണ്ടാകുന്നതാണ്. സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വംശീയ വിഷത്തിന്റെ ഇരയാണ് രാം നാരായണനെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ ഇതിനകം അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ പഴുതടച്ച നടപടികളുണ്ടാകുമെന്നും എം ബി രാജേഷ് പറഞ്ഞു.

 

 

Latest