National
അശ്ലീലം കാണാന്‍ വിസമ്മതിച്ചു; ആറുവയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ കൊലപ്പെടുത്തി
അന്വേഷണത്തില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും കണ്ടെത്തിയതായി കാലിയബോര്‍ സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡിസ്പുര്‍| അസമില്‍ അശ്ലീലം കാണാന്‍ വിസമ്മതിച്ചതിന് ആറുവയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ കൊലപ്പെടുത്തി. എട്ട്, പതിനൊന്ന് വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ കല്ലുകള്‍കൊണ്ട് കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളുടെ പിതാവിനെയും ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
അസമിലെ നാഗോണ്‍ ജില്ലയിലെ കലിയാബോര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ഉലൂണിയിലെ ബാലിബാട്ടിന് സമീപമുള്ള മില്ലിലാണ് സംഭവം. ചൊവ്വാഴ്ച മില്ലിന്റെ ശുചിമുറിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ കുടുംബം ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പരിഹരിച്ചതായി നാഗോണ്‍ ജില്ലാ പോലീസ് സൂപ്രണ്ട് ആനന്ദ് മിശ്ര പറഞ്ഞു. പ്രതികളിലൊരാളുടെ പിതാവ് മുഴുവന്‍ സംഭവവും മറയ്ക്കാന്‍ ശ്രമിച്ചതായും ഞങ്ങള്‍ അദ്ദേഹത്തെയും അറസ്റ്റ് ചെയ്തുവെന്നും ആനന്ദ് മിശ്ര പറഞ്ഞു. അതേസമയം, അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും കണ്ടെത്തിയതായി കാലിയബോര്‍ സബ് ഡിവിഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രതികളായ പ്രായപൂര്‍ത്തിയാകാത്തവര്‍ അശ്ലീല അടിമകളാണെന്നും പതിനൊന്നുകാരന്‍ തന്റെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ കാണുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.പെണ്‍കുട്ടി പോണ്‍ ക്ലിപ്പുകള്‍ കാണാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ കല്ലുകള്‍കൊണ്ട് കൊലപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു.