Articles
രാഹുലാ, നീ തനിച്ചല്ല
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പി ചട്ടുകമായതിന്റെ അനിഷേധ്യ തെളിവുകള്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടതാണ് ദേശീയ രാഷ്ട്രീയത്തെ നിലവില്‍ പിടിച്ചു കുലുക്കിയത്. ദശലക്ഷക്കണക്കിന് ന്യൂനപക്ഷ - ദളിത് വോട്ടുകള്‍ ബിഹാറില്‍ നിന്ന് കമ്മീഷന്‍ നീക്കം ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമക്കേടുകള്‍ രാജ്യത്തിന് മുന്നില്‍ അനാവൃതമാക്കിയത്. പൊതുതിരഞ്ഞെടുപ്പിനു ശേഷം ചിതറിപ്പോയ ഇന്ത്യ സഖ്യം ഇന്ന് രാഹുലിനു കീഴില്‍ അണിനിരന്നു കഴിഞ്ഞു.

ബി ജെ പി വാടകക്കെടുത്ത ആയിരക്കണക്കിന് ഐ ടി പ്രൊഫഷനലുകള്‍ മാസങ്ങളോളം അധ്വാനിച്ച് രാഹുല്‍ഗാന്ധിയെ അവഹേളിക്കാനും തകര്‍ക്കാനും ശ്രമിച്ചുപോന്നതിന്റെ കഥകള്‍ പലപ്പോഴും നാം കേട്ടിട്ടുണ്ട്. ബി ജെ പി സോഷ്യല്‍ മീഡിയ ലാവണം വിട്ടിറങ്ങിയവരാണ് അവ നമ്മുടെ മുമ്പിലെത്തിച്ചത്. 2014ലും 2019ലും കോണ്‍ഗ്രസ്സ് നേരിട്ട കനത്ത തോല്‍വികള്‍ ബി ജെ പി മെനഞ്ഞ കഥകള്‍ക്ക് കൊഴുപ്പേകി. ആഗോള പ്രശസ്തമായ യൂനിവേഴ്സിറ്റികളിലെ അക്കാദമീഷ്യന്‍മാരോടും സിവില്‍ സൊസൈറ്റിയോടും സംവദിച്ചും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും പത്രക്കാരെ നേരിട്ടും അഭിമുഖങ്ങള്‍ നല്‍കിയും മുന്നേറിയ രാഹുല്‍ ഗാന്ധിയെ നോക്കി അവര്‍ പപ്പു എന്ന് ആര്‍ത്തുവിളിച്ചു. പാര്‍ലിമെന്റിലും പുറത്തും മാധ്യമങ്ങളിലും രാഹുലിനെ പരിഹസിക്കാന്‍ പ്രത്യേകം ചുമതലക്കാര്‍ ബി ജെ പിക്കുണ്ടായിരുന്നു. ടെലി പ്രോംപ്റ്റര്‍ ഇല്ലാതെ പ്രസംഗിക്കാനും ദ്വിഭാഷികളില്ലാതെ ലോകനേതാക്കളോട് ഇടപെടാനും സാധിക്കാത്ത നരേന്ദ്ര മോദിയെ പക്ഷേ, വിശ്വഗുരുവാക്കി അവര്‍ പ്രതിഷ്ഠിച്ചു. പത്രസമ്മേളനം അവസാനിപ്പിച്ചതും മുന്‍കൂര്‍ ചോദ്യങ്ങളുടെ അകമ്പടിയോടെ മാത്രം അഭിമുഖം നല്‍കുന്നതും ഒരു ചര്‍ച്ചാവിഷയം പോലും ആകാതെ സൂക്ഷിക്കാന്‍ ബി ജെ പി പ്രചാരകര്‍ക്ക് സാധിച്ചിരുന്നു. കാപട്യങ്ങളുടെ മേല്‍ക്കോയ്മയും നെഗറ്റീവ് ഹീറോയിസവും അരങ്ങുവാണു. രാഹുലിനെയും കോണ്‍ഗ്രസ്സിനെയും പരിഹസിക്കുന്നത് ഒരു സ്വാഭാവിക പ്രവണതയായി മാറി. കൊഴിഞ്ഞുപോയ നേതാക്കളും കൂറുമാറ്റങ്ങളും എരിതീയില്‍ എണ്ണയൊഴിച്ചു. മതേതര ചേരിയില്‍ പോലും രാഹുലിനെ അനഭിമതനാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒരു ഘട്ടത്തില്‍ ഗതിവേഗം വര്‍ധിച്ചു. അന്ധകാരങ്ങളുടെ മൂടുപടം ഒരു വ്യാഴവട്ടത്തിലേക്കടുക്കുമ്പോള്‍ സത്യത്തിന്റെ കിരണങ്ങള്‍ വെള്ള കീറി തുടങ്ങുകയാണ്.
ഇന്ത്യയിലെ സംഘ്പരിവാര്‍ പ്രസ്ഥാനത്തെ നാല് കാലഘട്ടമായി സമീപിക്കാവുന്നതാണ്. ആശയ നിര്‍മിതിയുടെ ആദ്യ ഘട്ടം ഹെഡ്ഗേവാര്‍ – സവര്‍ക്കര്‍ – ഗോള്‍വാള്‍ക്കര്‍ – ശ്യാമപ്രസാദ് മുഖര്‍ജി കാലമാണ്. തീവ്ര നയരൂപവത്കരണവും കൊളോണിയല്‍ – ഫാസിസ്റ്റ് അനുഭാവങ്ങളും അക്കാലത്തെ മുഖമുദ്രയാണ്. ബല്‍രാജ് മധേക്കും ദീന്‍ദയാല്‍ ഉപാധ്യായയും സുന്ദര്‍സിംഗ് ഭണ്ഡാരിയുമൊക്കെ ചേര്‍ന്ന ജനസംഘ കാലഘട്ടം ജനാധിപത്യത്തോട് ചേര്‍ന്നു പോയി. നെഹ്റുവിയന്‍ സൗരഭ്യത്തിനു മുന്നില്‍ പലപ്പോഴും സംഘം അപ്രസക്തമായി. സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളുമായി ചേര്‍ന്നു പോകേണ്ടി വന്നതോടെ പല വിവാദ വിഷയങ്ങളും അവര്‍ക്ക് മാറ്റി വെക്കേണ്ടി വന്നു. വാജ്പയിയും അഡ്വാനിയും ഭാനുപ്രകാശ് സിംഗുമൊക്കെ നയിച്ച ബി ജെ പി കാലവും പരസ്യമായി ജനാധിപത്യത്തെ വെല്ലുവിളിച്ചിരുന്നില്ല. വാജ്പയ് തന്റെ സ്റ്റേറ്റ്സ്മാന്‍ പ്രതിഛായ കാത്തുസൂക്ഷിക്കാന്‍ ബദ്ധശ്രദ്ധനായിരുന്നു. 2014 മുതല്‍ ആരംഭിച്ച മോദി- അമിത് ഷാ യുഗം എല്ലാ സങ്കല്‍പ്പങ്ങളെയും കീഴ്മേല്‍ മറിച്ചു. ജനാധിപത്യവും സഹിഷ്ണുതയും സുജനമര്യാദയും പ്രതിപക്ഷ ബഹുമാനവുമൊക്കെ കാറ്റില്‍ പറക്കാന്‍ തുടങ്ങി. വിധ്വംസക രീതികള്‍ അധികാരികമായും ഔദ്യോഗികമായും നടപ്പില്‍ വന്നു തുടങ്ങി.
അധികാരമേറി ഒരു വര്‍ഷം പിന്നിട്ട് 2015ല്‍ മോദി സര്‍ക്കാര്‍ കൊളീജിയത്തില്‍ കൈവെച്ചു. സുപ്രീം കോടതി – ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസും നാല് മുതിര്‍ന്ന ജഡ്ജിമാരുമടങ്ങുന്ന പാനലിനു പകരം നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്കമ്മീഷന്‍ കൊണ്ടുവന്നു. പ്രധാനമന്ത്രി നിയമിക്കുന്ന രണ്ട് വിദഗ്ധരും നിയമ മന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും രണ്ട് ജഡ്ജിമാരുമായിരുന്നു കമ്മീഷന്‍ വിഭാവനം ചെയ്തത്. ഏകാധിപത്യ രീതികള്‍ പരിചിതമായി തുടങ്ങിയിട്ടില്ലാത്ത അക്കാലത്ത് സുപ്രീം കോടതി വിഷയത്തില്‍ കര്‍ശന നിലപാടെടുത്തു. ഭരണഘടനാ അനുഛേദം 124, 127 പ്രകാരം പാര്‍ലിമെന്റ് നിയമം റദ്ദുചെയ്ത് കൊളീജിയം പുനഃസ്ഥാപിച്ചു. കൊളീജിയത്തെ മോദി സര്‍ക്കാറുകള്‍ പിന്നീട് നേരിട്ട രീതി നമ്മുടെ മുമ്പിലുണ്ട്.
2019ല്‍ പി എം എല്‍ എ നിയമം ഭേദഗതി ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ദംഷ്ട്രകളും കോമ്പല്ലുകളും നല്‍കി. അതുവരെ ആറ് ചട്ടങ്ങള്‍ക്കു കീഴില്‍ 40 ഇനം കുറ്റകൃത്യങ്ങള്‍ ഉണ്ടായിരുന്നത് 30 ചട്ടങ്ങളോടെ 140 ഇനം കുറ്റകൃത്യങ്ങളാക്കി ഇ ഡി പരിധി വികസിപ്പിച്ചു. മുന്‍കാല പ്രാബല്യം നല്‍കി. ജാമ്യം നേടുക എന്നത് ദുഷ്‌കരമായി മാറി. 25 ഏജന്‍സികള്‍ക്ക് ഇ ഡി കുറ്റകൃത്യ വിവരങ്ങള്‍ പങ്കുവെക്കണമെന്ന കര്‍ശന വ്യവസ്ഥ വന്നു. അതോടെ ഇരയെ ചിലന്തി വലയില്‍ പൂട്ടാനുള്ള അരങ്ങൊരുക്കി. തങ്ങളുടെ ഇഷ്ടക്കാരായ ഇ ഡി – സി ബി ഐ തലവന്‍മാരുടെ സേവന ദൈര്‍ഘ്യം രണ്ട് വര്‍ഷത്തില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തി. നവംബര്‍ 2018 മുതല്‍ സെപ്തംബര്‍ 2023 വരെ ഇ ഡി ചീഫായിരുന്ന എസ് കെ മിശ്രയെ പദവിയില്‍ തുടര്‍ച്ചയായി ഇരുത്താന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ ജനാധിപത്യത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതായിരുന്നു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, തേജസ്വിയാദവ്, അഭിഷേക് ബാനര്‍ജി, സഞ്ജയ് റാവത്ത്, രോഹിത് പവാര്‍ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കള്‍ വേട്ടയാടപ്പെട്ടു. കെജ്്രിവാളും പി ചിദംബരവും ഡി കെ ശിവകുമാറും ഹേമന്ത് സോറനും സിസോദിയയുമടക്കമുള്ളവര്‍ മാസങ്ങള്‍ ജയിലിലായി.
കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ അക്കൗണ്ടുകളും ഇന്‍കം ടാക്സ് വകുപ്പ് മരവിപ്പിച്ചത് 2024 പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്നിലായിരുന്നു. ഫയലിംഗ് പിഴവു കാണിച്ച് 1,823 കോടിയുടെ ഡിമാന്‍ഡ് നോട്ടീസും നല്‍കി. സമാന പിഴവു കാണിച്ച ബി ജെ പിക്ക് ഇത് ബാധകമായില്ല. 2018ല്‍ സി ബി ഐ മേധാവിയായിരുന്ന അലോക് വര്‍മക്കു മേല്‍ സ്പെഷ്യല്‍ ഡയറക്ടറായി രാകേഷ് അസ്താനയെ പ്രതിഷ്ഠിച്ച നടപടിയും വിചിത്രമായിരുന്നു. പ്രാദേശിക പാര്‍ട്ടികളായ ടി എം സിയും ആര്‍ ജെ ഡിയും നിശിതമായ പകപോക്കലിനു വിധേയമായി. നാരദ, എസ് എസ് സി റിക്രൂട്ട്മെന്റ്, കാലിക്കടത്ത്, ചിട്ടി ഫണ്ട്, കാലിത്തീറ്റ, ജോലിക്ക് പകരം ഭൂമി തുടങ്ങിയ നിരവധി കേസുകളില്‍ ഇരുപാര്‍ട്ടി നേതാക്കളെയും ജയിലിലടച്ചിട്ടുണ്ട്. 2021ല്‍ മാധ്യമ സ്ഥാപനമായ ന്യൂസ്‌ക്ലിക് ഇന്‍കം ടാക്സ് റെയ്ഡ് നടത്തി പൂട്ടിച്ചു. ഗുജറാത്ത് കലാപ ഡോക്യുമെന്ററി പരസ്യപ്പെടുത്തിയതിനാല്‍ ബി ബി സി ഡല്‍ഹി – മുംബൈ ഓഫീസുകള്‍ റെയ്ഡ് നടത്തി. ബി ജെ പി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ സമ്പൂര്‍ണ വിവേചനമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. രണ്ട് ലക്ഷം കുടുംബങ്ങള്‍ വീടുകള്‍ തകര്‍ക്കപ്പെട്ട് തെരുവിലലയുകയാണ്. കെട്ടിടവും കച്ചവടവും വരുമാനവും എന്നു വേണ്ട ഇന്ത്യയിലെ പ്രബല ന്യൂനപക്ഷം സമ്പൂര്‍ണമായി അന്ധകാര നിഴലിലായി കഴിഞ്ഞു. വൈദികരും പാസ്റ്റര്‍മാരും കന്യാസ്ത്രീകളും ഇരയാക്കപ്പെടുന്ന വാര്‍ത്തകള്‍ ദിനേന വരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പി ചട്ടുകമായതിന്റെ അനിഷേധ്യ തെളിവുകള്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടതാണ് ദേശീയ രാഷ്ട്രീയത്തെ നിലവില്‍ പിടിച്ചു കുലുക്കിയത്. ദശലക്ഷക്കണക്കിന് ന്യൂനപക്ഷ – ദളിത് വോട്ടുകള്‍ ബിഹാറില്‍ നിന്ന് കമ്മീഷന്‍ നീക്കം ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമക്കേടുകള്‍ രാജ്യത്തിന് മുന്നില്‍ അനാവൃതമാക്കിയത്. പൊതുതിരഞ്ഞെടുപ്പിനു ശേഷം ചിതറിപ്പോയ ഇന്ത്യ സഖ്യം ഇന്ന് രാഹുലിനു കീഴില്‍ അണിനിരന്നു കഴിഞ്ഞു. 300 എം പിമാര്‍ പങ്കെടുത്ത പ്രതിഷേധ റാലി സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സമാനതകളില്ലാത്തതാണ്.
ഇത്തരത്തില്‍ നിയമപാലന – നീതിന്യായ സംവിധാനത്തെ വരുതിയില്‍ നിര്‍ത്തിയും സാമ- ഭേദ- ദാന- ദണ്ഡങ്ങള്‍ പ്രയോഗിച്ച് എതിരാളികളെ വരുതിയിലാക്കിയുമാണ് കേന്ദ്ര ഭരണം പുരോഗമിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ നിശബ്ദമാക്കി മുന്നോട്ടു പോകുന്നു. പല വിശ്വസ്ത മുഖങ്ങളും സന്ധി ചെയ്യുന്ന വാര്‍ത്ത ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടര്‍ക്കഥയായി മാറി. പല ശബ്ദങ്ങളും മൃദുവായി. ബധിര കര്‍ണങ്ങളും ബന്ധനസ്ഥമായ നാവുകളും സാധാരണയായി. അവിടെയാണ് അചഞ്ചലവും ധീരവുമായ എതിര്‍പ്പ് സ്ഥൈര്യത്തോടെ മുഴക്കി രാഹുല്‍ ഗാന്ധി നീങ്ങുന്നത്. അദാനിക്കെതിരെ ശബ്ദിച്ചതിന് രാഹുലിന് ജയില്‍ശിക്ഷ വിധിച്ചു, ലോക്സഭാംഗത്വം റദ്ദു ചെയ്ത് വീടൊഴിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യ വിലക്കു ചോദിച്ച മോത്തിലാലിന്റെയും, നടന്നിടം മുഴുവന്‍- ശത്രുക്കളില്‍ പോലും ആരാധകരെ സൃഷ്ടിച്ച ജവഹര്‍ ലാലിന്റെയും പ്രപൗത്രനെ വീട്ടില്‍ നിന്ന് ഇറക്കി വിടുന്ന കാഴ്ച കണ്ട് രാഷ്ട്രീയ ചരിത്രം സ്തബ്ധമായി നിന്നു പോയിട്ടുണ്ട്. വ്യക്തിപരമായി അവഹേളിക്കാന്‍ ബി ജെ പി ഇതിനോടകം ശതകോടികള്‍ ചെലവഴിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ വോട്ടര്‍ പട്ടികക്കു പകരം ഏഴടി നീളത്തില്‍ ഒപ്റ്റിക്കല്‍ കാരക്ടര്‍ റെക്കഗ്നൈസേഷന്‍ സാധ്യമാകാത്ത 300 കിലോ കടലാസുകെട്ട് സ്വീകരിച്ച് രാഹുല്‍ നടത്തിയ യത്നം ജനാധിപത്യ ലോകത്തെ തിളങ്ങുന്ന അധ്യായമാണ്. ആറ് മാസക്കാലം 40 പേര്‍ അധ്വാനിച്ച് കണ്ടെത്തിയ സത്യങ്ങള്‍ പണ്ടാറയുടെ പെട്ടി പൊട്ടിയ പഴയ അനുഭവമാണ് കേന്ദ്ര ഭരണത്തിന് സമ്മാനിച്ചത്. പതിവില്ലാത്ത ഉണര്‍വ് ഈ രാജ്യത്തുണ്ടായിരിക്കുന്നു. രാഹുലിന് അനേകം പ്രതിധ്വനികള്‍ രാജ്യത്തിന്റെ വ്യത്യസ്ത കോണുകളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിലും മാനവികതയിലും വിശ്വസിക്കുന്ന ഇന്ത്യ – ഫസ്റ്റ് എന്ന് മുഴക്കുന്ന മുഴുവന്‍ ദേശാഭിമാനികളും രാഹുലിന് കീഴില്‍ അണിനിരക്കേണ്ട ചരിത്രപരമായ ഘട്ടമാണിത്. അനില്‍ പനച്ചൂരാന്‍ പാടിയ പോലെ, ‘രാഹുലാ നീ തനിച്ചല്ല’!