Connect with us

From the print

"സ്ഥാനാർഥികളായി'; തൃശൂർ പ്രചാരണച്ചൂടിലേക്ക്, പ്രതാപനും സുനിൽ കുമാറിനും വേണ്ടി വ്യാപക പ്രചാരണം

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ദേശീയ ശ്രദ്ധയിലേക്കുയർന്ന തൃശൂർ ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്പേ പ്രചാരണച്ചൂടിലേക്ക്

Published

|

Last Updated

തൃശൂർ | പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ദേശീയ ശ്രദ്ധയിലേക്കുയർന്ന തൃശൂർ ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്പേ പ്രചാരണച്ചൂടിലേക്ക്. തിരഞ്ഞെടുപ്പ് തീയതിയും സ്ഥാനാർഥി പ്രഖ്യാപനവും വരുന്നതിന് മുമ്പെ പ്രചാരണ രംഗത്ത് നിറയുകയാണ് ഇടത്- വലത് മുന്നണികളും ബി ജെ പിയും. രണ്ടാഴ്ചക്കിടെ രണ്ട് തവണയാണ് പ്രധാനമന്ത്രി തൃശൂരിൽ സന്ദർശനം നടത്തിയത്. മണ്ഡലത്തിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുകയാണ്.
സിറ്റിംഗ് എം പി . ടി എൻ പ്രതാപൻ തന്നെയായിരിക്കും യു ഡി എഫിന് വേണ്ടി വീണ്ടും കളത്തിലിറങ്ങുകയെന്ന് ഉറപ്പായിട്ടുണ്ട്. അണികൾ പ്രതാപനെ പിന്തുണക്കുന്നുവെന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന് വേണ്ടി വ്യാപകമാകുന്ന ചുവരെഴുത്തുകൾ.
യു ഡി എഫിന് വേണ്ടി ചുവരെഴുത്ത് നടത്താമെന്നും എന്നാൽ പേര് വെച്ച് ആകരുതെന്നും പ്രതാപൻ ആവർത്തിച്ച് പറഞ്ഞിട്ടും അണികൾ ഇത് മുഖവിലക്കെടുത്തിട്ടില്ല.
സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്നുമായിരുന്നു പ്രതാപന്റെ പ്രതികരണം.

സി പി ഐ നേതാവും മുൻ കൃഷി മന്ത്രിയുമായ വി എസ് സുനിൽ കുമാറിനായും തൃശൂരിൽ പ്രചാരണം തുടങ്ങി. അദ്ദേഹത്തിന് വോട്ട് തേടി സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചാരണം. “തൃശൂരിലെ വിദ്യാർഥികൾ’ എന്ന പേരിലാണ് പോസ്റ്റർ പ്രചാരണം തുടങ്ങിയത്. സുനിലേട്ടന് ഒരു വോട്ട് എന്നതാണ് പ്രചാരണ പോസ്റ്ററുകളിലെ വാചകം. സമരങ്ങളും പ്രതിഷേധങ്ങളും ശക്തമാക്കി അണികളെ രംഗത്തിറക്കാനാണ് ഇടത് നീക്കം. ഇന്ന് നടക്കുന്ന മനുഷ്യച്ചങ്ങലയോടെ പ്രവർത്തകരെ കർമരംഗത്ത് സജീവമാക്കാനാകുമെന്നാണ് ഡി വൈ എഫ് ഐ കണക്കുകൂട്ടൽ.
ഫെബ്രുവരി നാലിന് തൃശൂരിൽ കെ പി സി സി സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തോടെ കോൺഗ്രസ്സ് ക്യാമ്പും ഉണരും. എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബൂത്ത് പ്രസിഡന്റുമാരുമായി നേരിട്ട് സംവദിക്കുന്നുവെന്നതാണ് സമ്മേളനത്തിന്റെ പ്രത്യേകത.
തൃശൂരിൽ ഇത്തവണയും സി പി ഐ തന്നെയായിരിക്കും മത്സരിക്കുകയെന്ന് മന്ത്രി കെ രാജൻ ആവർത്തിച്ച് വ്യക്തമാക്കി. ഇതോടെ എൽ ഡി എഫിന് വേണ്ടി വി എസ് സുനിൽ കുമാർ തന്നെയായിരിക്കും മത്സരിക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. പൊതുസ്വീകാര്യതയും ജനപ്രീതിയും മന്ത്രിയായിരിക്കുമ്പോൾ ചെയ്ത വികസന- ക്ഷേമ പ്രവർത്തനങ്ങളും സുനിൽ കുമാറിന്റെ വിജയത്തിന് മുതൽക്കൂട്ടാവുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

അതേസമയം, തൃശൂർ സീറ്റിന് വേണ്ടി എൻ സി പിയും പിടിമുറുക്കുന്നതായി സൂചനയുണ്ട്. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ നേരത്തേ ലോക്‌സഭയിലെത്തിയത് തൃശൂർ മണ്ഡലത്തിൽ നിന്നാണ്. തൃശൂരിനേക്കാൾ ചാലക്കുടിയിലെ ജയസാധ്യതയും എൻ സി പി നേതൃത്വം തള്ളിക്കളയുന്നില്ല.

കേരളത്തിൽ ബി ജെ പിയുടെ എ ക്ലാസ്സ് മണ്ഡലമാണ് തൃശൂർ. ബി ജെ പി നേതാവ് സുരേഷ് ഗോപിക്ക് വേണ്ടിയും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. ഏതുവിധേനയും ജയിച്ചുകയറാനുള്ള പടപ്പുറപ്പാടിലാണ് ബി ജെ പി .

Latest