Ongoing News
ക്രിപ്‌റ്റോ കറൻസി; കൊയ്യുന്നവരും വീഴുന്നവരും
ഒരു രാഷ്ട്രത്തിന്റെയോ നിയമ സംവിധാനത്തിന്റെയോ പിന്‍ബലമില്ലാതെയാണ് ക്രിപ്‌റ്റോ പോലുള്ള ചില ഇടപാടുകള്‍ മുന്നോട്ട് പോകുന്നതെന്ന് പലര്‍ക്കും അറിവില്ലായിരിക്കാം. അതുകൊണ്ട് തന്നെ കുതിച്ചുയരുന്ന മൂല്യം പൂജ്യത്തിലേക്ക് താഴുകയോ മൊത്തം സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ട് തകര്‍ന്ന് തരിപ്പണമാകുകയോ ചെയ്താല്‍ ഒരു രൂപ പോലും തിരിച്ചുകിട്ടാന്‍ ഒരു വകുപ്പുമില്ല. ഇതിൽ സാധാരണക്കാരും മധ്യവര്‍ഗക്കാരും ധാരാളമായി വഞ്ചിക്കപ്പെടുന്നു.

കഴിഞ്ഞ ചില വര്‍ഷങ്ങളിലെ ഒക്ടോബര്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകാര്‍ക്ക് ആവേശം നല്‍കിയിരുന്നു. അപ്രതീക്ഷിതമായി ക്രിപ്‌റ്റോകളുടെ മൂല്യം വര്‍ധിക്കുകയും നിക്ഷേപകര്‍ക്ക് വന്‍ ലാഭം ലഭിക്കുകയും ചെയ്തിരുന്ന മാസമായിരുന്നു ഒക്ടോബര്‍. ഈ ഒക്ടോബറും പതിവ് തെറ്റിച്ചില്ല.
ക്രിപ്‌റ്റോ കറന്‍സികളിലെ രാജാവായ ബിറ്റ്കോയിന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. അഥവാ ഒരു ബിറ്റ്‌കോയിന്റെ മൂല്യം 1,22,500 ഡോളര്‍ കടന്ന് കുതിച്ചുയര്‍ന്നു. അപ്രതീക്ഷിതമായിട്ടാണ് താഴ്ചയും സംഭവിച്ചത്. ഈ ഒക്ടോബര്‍ പത്ത് വെള്ളിയാഴ്ച നിക്ഷേപകരെ മൊത്തം ഞെട്ടിച്ച് വന്‍ ഇടിവ് സംഭവിച്ചു. ബിറ്റ്‌കോയിന്‍ മാത്രമല്ല, മാര്‍ക്കറ്റില്‍ ഉയര്‍ന്ന മൂല്യമുള്ള ഒട്ടുമിക്ക ക്രിപ്‌റ്റോകളും തകര്‍ന്നു. ബിറ്റ്കോയിന്‍ വില 7.6 ശതമാനം ഇടിയുകയും രണ്ടാമത്തെ മാര്‍ക്കറ്റ് മൂല്യമുള്ള ഇഥീരിയം വില 12.24 ശതമാനം കുറയുകയും ചെയ്തുവെന്നത് മാധ്യമശ്രദ്ധ തീരെ ലഭിക്കാതെ പോകുകയുണ്ടായി. വിപണിയിലെ മൊത്തം മൂലധനം ഏകദേശം 8.12 ശതമാനം നഷ്ടപ്പെട്ടു. ഈ നഷ്ടം 9.5 ബില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 84,000 കോടി രൂപയായി കണക്കാക്കപ്പെടുന്നു.
വീണ്ടും ഉയര്‍ന്നുവെങ്കിലും ഇതെഴുതുമ്പോള്‍ വീണ്ടും താഴ്ചയിലേക്ക് പോകുകയാണ്. അഥവാ ഓരോ ക്രിപ്‌റ്റോ കറന്‍സിയുടെയും ഉയര്‍ച്ചയും താഴ്ചയും അപ്രതീക്ഷിതവും അത്ഭുതകരവുമായി തുടരുകയാണ് ഇപ്പോഴും.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയുടെ സോഫ്റ്റ് വെയറുകള്‍ക്ക് നൂറ് ശതമാനം നികുതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ഇടിവ് സംഭവിച്ചത് എന്നത് ശരിയാണ്. എന്നാല്‍ ഇതുതന്നെയാണ് മാനവ കുലത്തിന്റെ രക്ഷയും സന്തോഷവും ആലോചിച്ചു നടക്കുന്നവരെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നതും. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ തീരുമാനം എത്രമാത്രം സ്വാധീനമാണ് ഇത്തരം ഇടപാടുകളിലും മാര്‍ക്കറ്റുകളിലും ചെലുത്തുന്നത് എന്നത് ചെറിയൊരു വിഷയമല്ല. കാരണം വന്‍കിട ഇടപാടുകാര്‍ക്ക് വന്‍ നഷ്ടങ്ങള്‍ സംഭവിച്ചുവെങ്കിലും അവ നികത്താനുള്ള മാര്‍ഗങ്ങളും അവര്‍ക്കറിഞ്ഞേക്കാം.
പക്ഷേ, എന്തോ ചില വിശ്വാസ്യതയുടെ ലേബലില്‍ ചെറുകിട നിക്ഷേപകര്‍ ഇത്തരം സംവിധാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഇക്കാലത്ത് ഈ ഇടിവുകളെ ചെറിയൊരു കാര്യമായി തള്ളിക്കളയാനാകില്ല. സാധാരണക്കാരായ മനുഷ്യര്‍ക്ക് അതുണ്ടാക്കുന്ന നഷ്ടങ്ങളും ചെറുതല്ല. “റിസ്‌ക് ടേക്കിംഗ്’ ഇന്ന് മനുഷ്യരെ നിയമപരമായി കൊള്ളയടിക്കാനുള്ള വഴിയായി മാറിയിരിക്കുന്നു. അമിതമായ റിസ്‌ക് എടുത്ത് എന്തും ചെയ്യാനും അതുവഴി ലാഭം കൊയ്യാനും സര്‍ക്കാറുകളും സാമ്പത്തിക സംവിധാനങ്ങളും കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. റിസ്‌ക് എടുക്കുന്ന ഒരാള്‍ക്ക് വന്‍ ലാഭം ലഭിക്കുമ്പോള്‍ ഇങ്ങനെത്തന്നെ റിസ്‌ക് എടുക്കാന്‍ സന്നദ്ധരായ അനേകം പേരുടെ സമ്പത്താണ് എതിര്‍ദിശയില്‍ ഒലിച്ചുപോകുന്നത് എന്ന വിചാരം പോലും നഷ്ടപ്പെട്ട ലോകക്രമം എല്ലാവരും സ്വീകരിച്ചുതുടങ്ങി. ഇതുണ്ടാക്കാനിരിക്കുന്ന വിപത്തിനെക്കുറിച്ച് ചര്‍ച്ചകള്‍ പോലും അസ്തമിച്ചുപോകുകയും ചെയ്തു. ഇന്ത്യയടക്കം ലോകത്തെ മഹാഭൂരിപക്ഷം രാഷ്ട്രങ്ങളും നിയമസാധുത നല്‍കാത്ത ക്രിപ്‌റ്റോ ഇടപാടുകളെ നമ്മുടെ നാടുകളിലെ സാധാരണക്കാര്‍ വരെ സ്വീകരിക്കാന്‍ തയ്യാറാകുന്നത് ഈ കോണിലൂടെയാണ് വായിക്കേണ്ടത്.
പ്രവാസികള്‍ എണ്ണത്തില്‍ കൂടുതലുള്ള നമ്മുടെ നാടുകളില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരു അജന്‍ഡയുടെയും ഭാഗമല്ലാതെ തന്നെ വളരുമെന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, വിപത്തുകളെക്കുറിച്ച് ഒരു മുന്നറിയിപ്പും ബോധവത്കരണവും നടക്കുന്നില്ലെന്നത് അതിലേറെ വിഷമകരമായി നിലനില്‍ക്കുന്നു. ഒരു രാഷ്ട്രത്തിന്റെയോ നിയമ സംവിധാനത്തിന്റെയോ പിന്‍ബലമില്ലാതെയാണ് ഇത്തരം ഇടപാടുകള്‍ മുന്നോട്ട് പോകുന്നതെന്ന് പലര്‍ക്കും അറിവില്ലായിരിക്കാം. അതുകൊണ്ട് തന്നെ കുതിച്ചുയരുന്ന മൂല്യം പൂജ്യത്തിലേക്ക് താഴുകയോ മൊത്തം സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ട് തകര്‍ന്ന് തരിപ്പണമാകുകയോ ചെയ്താല്‍ ഒരു രൂപ പോലും തിരിച്ചുകിട്ടാന്‍ യാതൊരു വകുപ്പുമില്ല. മൂല്യം കൂടുന്നതിനനുസരിച്ച് ചില വ്യക്തികളുടെ ആവേശമാണ് പിന്നില്‍ വര്‍ക്ക് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം. ചിലരുടെ കുബുദ്ധികളും ധാരാളം പേരുടെ ബുദ്ധിയില്ലായ്മയും ഇതിന് പിന്നിലുണ്ട്. കുതിച്ചുചാട്ടം കാണുമ്പോഴുണ്ടാകുന്ന ആവേശത്തില്‍ ഒട്ടുമിക്ക പേരും അവ വാങ്ങി വീണുപോകുന്നു. ചില വാര്‍ത്തകളുടെ പിന്‍ബലത്തില്‍ ചിലര്‍ കൂട്ടത്തോടെ വിറ്റഴിക്കുകയും ചെയ്യുന്നു. ചില അതിബുദ്ധികള്‍ പ്രവര്‍ത്തിച്ച് മറ്റുള്ളവരെക്കൊണ്ട് വിറ്റഴിപ്പിച്ച് അവ കുറഞ്ഞ വിലക്ക് വാങ്ങാനുള്ള സൗകര്യവും കണ്ടെത്തുന്നു.
ഇതിനിടയിലെല്ലാം സാധാരണക്കാരും മധ്യവര്‍ഗക്കാരും വഞ്ചിക്കപ്പെടുന്നു. ഇപ്പോള്‍ സംഭവിച്ചതും അതുതന്നെയാണ്. അമേരിക്കയുടെ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ മറപറ്റി പലരും പ്രചരിപ്പിച്ച ഊഹങ്ങളെ ശരിവെച്ച് വന്‍ വിറ്റഴിക്കല്‍ നടന്നു. സ്വാഭാവികമായും വിലയിടിഞ്ഞു. ഇതൊരു അവസരമായി കണ്ടോ, അല്ലെങ്കില്‍ ഈ അവസരം സ്വയം സൃഷ്ടിക്കുകയോ ചെയ്ത് മറ്റുചിലര്‍ കൂട്ടത്തോടെ വാങ്ങുകയും സ്വാഭാവികമായും മൂല്യം ഉയരുകയും ചെയ്തു. ഇതൊന്നും ആത്യന്തികമായി ഒരു രാഷ്ട്രത്തിനോ ജനങ്ങള്‍ക്കോ അവിടെയുള്ള മറ്റു കാര്യങ്ങള്‍ക്കോ ഒരു ഉപകാരവും ചെയ്യുന്നില്ല എന്ന് മാത്രമല്ല വന്‍ നഷ്ടവും ഉണ്ടാക്കിയേക്കും. കണക്കുകളിലെ കളി, അല്‍ഗോരിതത്തിന്റെ മാസ്മരികത എന്നതിനപ്പുറം ഒന്നും യാഥാര്‍ഥ്യത്തില്‍ സംഭവിക്കുന്നില്ല.
ഇതിനെയാണ് വെള്ളപൂശി പര്‍വതീകരിച്ച് ചിലരെങ്കിലും നടക്കുന്നത്.ബിറ്റ്‌കോയിന്‍ അടക്കമുള്ള ഒട്ടുമിക്ക ക്രിപ്‌റ്റോ കറന്‍സികള്‍ക്കും ഇപ്പോഴുണ്ടായതിനേക്കാളും വലിയ വീഴ്ച മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. ബിറ്റ്‌കോയിന്‍ 60,000 ഡോളറില്‍ നിന്ന് ഒറ്റയടിക്ക് 15,000 ഡോളറിലേക്ക് വരെയെത്തിയിരുന്നു. ഇനിയും താഴ്ചയും തകര്‍ച്ചയും വഞ്ചനയും മോഷണവുമെല്ലാം പ്രതീക്ഷിക്കാം. നമ്മുടെ വീട്ടിലെ അലമാരയിലുള്ള പണം മോഷ്ടിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ മോഷണമറിയുന്നവര്‍ക്ക് മോഷ്ടിക്കാന്‍ സാധിക്കുന്നതാണിത്. അലമാരക്ക് കാവലിരിക്കാന്‍ നമുക്കാകുമെങ്കിലും ഇവക്ക് കാവലിരിക്കാന്‍ നമുക്ക് സാധ്യമല്ല.
കൊള്ളയടിക്കപ്പെട്ടത് സഹിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. ഇതില്‍ നിന്നെല്ലാം ഓരോ നിക്ഷേപകനും വേണ്ടത്ര പാഠം പഠിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ സ്വര്‍ണമെന്ന് പരിചയപ്പെടുത്തി ബിറ്റ്‌കോയിനെ വാങ്ങിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടേക്കാം. അതൊരു സ്വര്‍ണമോ യാഥാര്‍ഥ്യത്തില്‍ നിലനില്‍ക്കുന്ന ഒരു വസ്തു പോലുമോ അല്ല. തീര്‍ത്തും ഊഹാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ ശക്തി കാന്ത ദാസ് ക്രിപ്‌റ്റോ കറന്‍സിയെ ചൂതാട്ടത്തിന്റെ മറ്റൊരു പതിപ്പെന്ന് വിശേഷിപ്പിച്ചത് ഇക്കാരണത്താലാണ്. തീര്‍ത്തും അനിശ്ചിതമായ, ഇന്നും ആര്‍ക്കും പിടികൊടുക്കാത്ത എന്തോ ഒന്ന് എന്നേ ഇപ്പോള്‍ പറയാനാകൂ.മറ്റൊരു കാര്യം അറിഞ്ഞിരിക്കേണ്ടത്, നേരത്തേ പറഞ്ഞതുപോലെ ഒരു നിയന്ത്രണവും ഗ്യാരന്റിയും ഇവക്കില്ല. ബേങ്കുകള്‍ക്കും ഒരല്‍പ്പമെങ്കിലും സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ക്കുമുള്ളതുപോലെ നിയന്ത്രണവും സുതാര്യതയും ക്രിപ്‌റ്റോകള്‍ക്കില്ല.
അതുകൊണ്ട് തകര്‍ന്നാല്‍ തകര്‍ന്നുവെന്ന് പറയാനാകും എന്നല്ലാതെ മറ്റൊന്നും നടക്കില്ല. അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം, അമിതമായ കേന്ദ്രീകരണമാണ്. സ്റ്റോക്ക് മാര്‍ക്കറ്റിലും ഇത് കാണാം. ചില വന്‍ശക്തികളുടെ കൈയിലായിരിക്കും ഒട്ടുമിക്കവയും. അവരുടെ ഇഷ്ടാനുസാരം ഊഹങ്ങള്‍ സൃഷ്ടിക്കാനും വില്‍ക്കലും വാങ്ങലും നിയന്ത്രിക്കാനും സാധിക്കും. ഇത് മറ്റെല്ലാവര്‍ക്കും നഷ്ടവും ഇത്തരം വന്‍ സ്രാവുകള്‍ക്ക് ലാഭവും നല്‍കുന്നതായിരിക്കും. വില്‍പ്പനയും വാങ്ങലും നടത്തി കച്ചവടം നടത്തുന്നവര്‍ക്ക് മാത്രമാണ് നഷ്ടം വരുന്നത് എന്നത് ശരിയല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപമായി സ്വീകരിച്ചവരുടെ നിക്ഷേപത്തിന് ഒരു ഗ്യാരന്റിയുമില്ലാത്തതാണ് ക്രിപ്‌റ്റോ കറന്‍സികള്‍. ഒരു ആസ്തിയും അന്തര്‍ലീനമായി കിടക്കാത്ത മൂല്യമാണ് ഇതിന്റേത്. അഥവാ ഡിജിറ്റല്‍ ബബിള്‍. ജനങ്ങളുടെ ഭ്രാന്തും കുബുദ്ധിയും കൊണ്ട് വളര്‍ന്ന വിപണിയും മൂല്യവും.
ഇസ്‌ലാം ഇത്തരം ഇടപാടുകളെ മൈസിര്‍, ഗറര്‍ എന്നീ ഇടപാടുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവക്ക് പിന്നാലെ പോകുന്നത് കടുത്ത കുറ്റകരവുമാണ്. ഇതേ നിലപാടാണ് ലോകത്തെ ഒട്ടുമിക്ക സാമ്പത്തിക വിദഗ്ധരും സ്വീകരിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ വലവീശലുകളില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. കാര്യങ്ങള്‍ തുറന്നു പറയുന്നവരെ പിന്തിരിപ്പന്മാരും ലോകം തിരിയാത്തവരുമായി ചിത്രീകരിക്കുന്നവരെയും കാണാം. നിക്ഷേപിച്ച് ഇപ്പോള്‍ കാണുന്ന ഉയര്‍ച്ചയില്‍ ഉല്ലസിച്ചിരിക്കുന്നവരാണവര്‍. യഥാര്‍ഥ നിക്ഷേപകര്‍ ഇങ്ങനെയാകില്ല. മനുഷ്യ സമൂഹത്തിലെ പരകോടി മനുഷ്യരെ നഷ്ടത്തിലേക്ക് തള്ളിവിടുന്ന ഇത്തരം എല്ലാ ഏര്‍പ്പാടുകളെയും അവഗണിക്കുന്നത് പിന്തിരിപ്പന്‍ നയമാണെങ്കില്‍ ആ പേര് സ്വീകരിക്കുന്നത് തന്നെയായിരിക്കും ബുദ്ധിയും മാന്യതയും.