Connect with us

Kerala

കടൽ ഉൾവലിയുന്നത് സുനാമി സൂചനയോ? അറിയേണ്ടതെല്ലാം

സാധാരണ വേലിയിറക്കത്തേക്കാൾ വളരെ വേഗത്തിലും അപ്രതീക്ഷിതമായും കടൽ ഉൾവലിയുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണം.

Published

|

Last Updated

കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ 200 മീറ്ററോളം ഉൾവലിഞ്ഞത് പ്രദേശവാസികൾക്കിടയിൽ ആശങ്കക്കിടയാക്കിയിരിക്കുകയാണ്. തീരദേശങ്ങളിൽ കടൽ അപ്രതീക്ഷിതമായി ഉൾവലിയുന്ന പ്രതിഭാസം പലപ്പോഴും സംഭവിക്കാറുണ്ടെങ്കിലും ഇത് സുനാമി തിരമാലകൾ വരുന്നതിന്റെ സൂചനയാണ് എന്ന ആശങ്കയാണ് ജനങ്ങളിൽ പരിഭ്രാന്തിക്ക് ഇടയാക്കുന്നത്. സുനാമിക്ക് മുമ്പ് കടൽ ഉൾവലിയാർ ഉണ്ടെങ്കിലും, എല്ലാ ഉൾവലിയലുകളും അപകടസൂചനയല്ല.

കടൽ ഉൾവലിയുന്നത് എന്തുകൊണ്ട്?

കടൽ ഉൾവലിയുന്നതിന് കാരണങ്ങൾ പലതുണ്ട്. വേലിയിറക്കം ആണ് ഇതിൽ ഒന്നാമത്തെ കാരണം. ചന്ദ്രൻ്റെയും സൂര്യൻ്റെയും സ്വാധീനം മൂലം ദിവസവും സംഭവിക്കുന്ന സ്വാഭാവിക പ്രതിഭാസമാണിത്. കരയിൽ നിന്ന് കടലിലേക്ക് ശക്തമായി വീശുന്ന കാറ്റുകൾ അല്ലെങ്കിൽ അന്തരീക്ഷത്തിലെ ഉയർന്ന മർദ്ദം എന്നിവ താൽക്കാലികമായി ജലനിരപ്പ് കുറയ്ക്കാൻ കാരണമാകാം.

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ചില പ്രത്യേക സമയങ്ങളിൽ തിരമാലകളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളും ഉൾവലിയലിന് കാരണമാകാറുണ്ട്. ചാകരക്ക് തൊട്ടുമുമ്പും ഇത്തരം പ്രതിഭാസം ഉണ്ടാകാറുണ്ട്.

എപ്പോഴാണ് സുനാമി സൂചനയാകുന്നത്?

വലിയൊരു സുനാമി തിരമാല കരയിലേക്ക് വരുന്നതിന് തൊട്ടുമുമ്പ്, തിരമാലയുടെ “ട്രഫ്” (താഴ്ന്ന ഭാഗം) ആദ്യം തീരത്തേക്ക് എത്തുന്നതിനാൽ, കടൽ ജലം വലിയ ദൂരത്തേക്ക് അതിവേഗം ഉൾവലിയാറുണ്ട്. ഇത് വളരെ അപൂർവമായതും എന്നാൽ അത്യന്തം അപകടകരവുമായ ഒരു സൂചനയാണ്. സാധാരണ വേലിയിറക്കത്തേക്കാൾ വളരെ വേഗത്തിലും അപ്രതീക്ഷിതമായും കടൽ ഉൾവലിയുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണം.

കടൽ ഉൾവലിയുന്നതിന് തൊട്ടുമുമ്പ്, ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് സുരക്ഷിതമായി മാറുക.

പൊതുജനങ്ങൾ ശ്രദ്ധിക്കാൻ

കടൽ ഉൾവലിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പരിഭ്രാന്തരാകാതെ, അത് സാധാരണ വേലിയിറക്കമാണോ അതോ അസാധാരണ പ്രതിഭാസമാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കുക. കടൽ ഉൾവലിയുന്ന ഭാഗത്ത് ചളി നിറഞ്ഞിരിക്കുകയാകും. ഒരു കാരണത്താലും അവിടേക്ക് പ്രവേശിക്കരുത്. മാത്രവുമല്ല ഉൾവലിഞ്ഞ കടൽ അതേ വേഗതയിൽ തിരിച്ചുവരാനുള്ള സാധ്യത ഏറെയാണ്. അതിനാൽ ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകുമ്പോൾ കടലിനു സമീപത്തേക്ക് പോകാതിരിക്കുന്നതാണ് നല്ലത്.

അസാധാരണമായ ഉൾവലിവാണ് അനുഭവപ്പെടുന്നതെങ്കിൽ, ഔദ്യോഗിക മുന്നറിയിപ്പുകൾക്കായി കാത്തുനിൽക്കാതെ, ഉടൻതന്നെ സുരക്ഷിതവും ഉയർന്നതുമായ സ്ഥലങ്ങളിലേക്ക് മാറുക.

Latest