Connect with us

Kerala

'തന്റേത് പ്രൊഫഷണല്‍ സൂയിസൈഡ്; പ്രതിസന്ധിയുണ്ടാക്കിയത് ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി ഗുരുനാഥനാണ്'

ഇടതുപക്ഷ സഹയാത്രികന്‍ എന്ന നിലയ്ക്ക് ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹം എന്നെ എന്ത് ചെയ്താലും അദ്ദേഹത്തോടുള്ള ബഹുമാനത്തിന് ഒരു കുറവും ഉണ്ടാകില്ല

Published

|

Last Updated

തിരുവനന്തപുരം |  ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കാനാണ് താന്‍ പ്രതികരിച്ചതെന്നും മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ്. താന്‍ വിമര്‍ശിച്ചത് സര്‍ക്കാരിനെയോ മന്ത്രിസഭയെയോ അല്ല. ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യവകുപ്പോ സര്‍ക്കാരോ അല്ല ,ആശുപത്രിയിലെ പ്രതിസന്ധിക്ക് കാരണം ഉദ്യോഗസ്ഥരാണ്. ഉപകരണത്തിന്റെ അഭാവം കഴിഞ്ഞദിവസംതന്നെ പരിഹരിച്ചു. രോഗികളുടെ ശസ്ത്രക്രിയ കഴിഞ്ഞു. ഇന്നോ നാളെയോ അവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റും. ഉപകരണങ്ങളുടെ ക്ഷാമം നിലവില്‍ ഉണ്ട്. വിദഗ്ധ സമിതിയോട് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പരിഹാരത്തിനുള്ള പ്രതിവിധികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതൊക്കെ നടപ്പിലാകണം. തന്റെ തുറന്നു പറച്ചില്‍ ആരെങ്കിലും എതിര്‍ക്കുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍, ഒരാള്‍ പോലും എതിര്‍ത്തില്ല. ജനങ്ങളും ഇടതുപക്ഷപാര്‍ട്ടികളുള്‍പ്പെടെയുള്ളവര്‍ പിന്തുണച്ചു

വേറെ മാര്‍ഗമില്ലാതായപ്പോഴാണ് പ്രഫഷണല്‍ സൂയിസൈഡ് വേണ്ടിവന്നത്. ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.ആരോഗ്യമേഖലയുടെ പരിമിതികള്‍ വിദഗ്ധ സംഘത്തെ അറിയിച്ചു. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകും.തനിക്കെതിരേ കുറ്റപ്പെടുത്തലും നടപടിയും ഉണ്ടായാലും നിലപാടില്‍ തുടരും

മുഖ്യമന്ത്രി എന്റെ ഗുരുനാഥനാണ്. ഇടതുപക്ഷ സഹയാത്രികന്‍ എന്ന നിലയ്ക്ക് ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹം എന്നെ എന്ത് ചെയ്താലും അദ്ദേഹത്തോടുള്ള ബഹുമാനത്തിന് ഒരു കുറവും ഉണ്ടാകില്ല- ഹാരിസ്  പറഞ്ഞു.

 

Latest