Kerala
എം എസ് എഫ് കേരളം കണ്ട ഏറ്റവും വലിയ വർഗീയ സംഘടനയെന്ന് പി എസ് സഞ്ജീവ്
ജമാഅത്തെ ഇസ്‌ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും ഉൾപ്പെടെ എല്ലാ വർഗീയവാദികൾക്കും വേദിയൊരുക്കുന്ന സംഘടനയായി എം എസ് എഫ് മാറിയെന്ന്

പാലക്കാട് | കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വർഗീയ സംഘടനയാണ് എം എസ് എഫ് എന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ലക്ഷണമൊത്ത വർഗീയവാദ സംഘടനയാണ് എം എസ് എഫ്. സ്വത്വബോധം ഒന്നുമല്ല എം എസ് എഫ് കൈകാര്യം ചെയ്യുന്നതെന്നും സഞ്ജീവ് ആരോപിച്ചു. മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും ഉൾപ്പെടെ എല്ലാ വർഗീയവാദികൾക്കും വേദിയൊരുക്കുന്ന സംഘടനയായി എം എസ് എഫ് മാറി. പട്ടിയെ വെട്ടിപ്പഠിച്ച് നാട്ടിൽ അക്രമം നടത്തുന്ന എസ് ഡി പി ഐക്കാരുടെയും നിരോധിച്ച ക്യാമ്പസ് ഫ്രണ്ടിൻ്റെയും ബാക്കിപത്രമാണ് എം എസ് എഫ് എന്നും സഞ്ജീവ് പറഞ്ഞു.
ലീഗ് മാനേജ്‌മെൻ്റുള്ള കോളജുകളിൽ തിരഞ്ഞെടുപ്പ് പോലും നടത്താതെയും തട്ടിൻപുറത്തെ അറബി കോളജുകളിലെയും യു യു സിമാരെ ഉപയോഗിച്ചാണ് എം എസ് എഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ വെല്ലുവിളിക്കുന്നത്. ചെറിയ കുട്ടികളുടെ ചെവിയിലേക്ക് എം എസ് എഫ് വർഗീയത ഓതിക്കൊടുക്കുകയാണ്. മതേതരത്വം നിലനിൽക്കുന്ന ക്യാമ്പസിൽ എത്തുമ്പോൾ എം എസ് എഫ് യു ഡി എസ് എഫ് ആകും. കെ എസ് യുവിനെ പൂർണമായും എം എസ് എഫ് വിഴുങ്ങി. എം എസ് എഫിനെ എസ് ഡി പി ഐയും ക്യാമ്പസ് ഫ്രണ്ടും വിഴുങ്ങിയിരിക്കുകയാണെന്നും സഞ്ജീവ് ആരോപിച്ചു.