National
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവിൽ മണിപ്പൂരിലേക്ക്; സന്ദർശനം വംശീയ കലാപമുണ്ടായി രണ്ട് വർഷങ്ങൾക്ക് ശേഷം
മോദി സെപ്റ്റംബർ 13-ന് മിസോറാം, മണിപ്പൂർ സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം

ഐസ്വാൾ | വംശീയ കലാപത്തിൽ 250ൽ അധികം പേർക്ക് ജീവൻ നഷ്ടമാകുകയും 60,000ൽ അധികം പേർ ഭവനരഹിതാരക്കപ്പെടുകയും ചെയ്ത മണിപ്പൂർ ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നു. മോദി സെപ്റ്റംബർ 13-ന് മിസോറാം, മണിപ്പൂർ സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം. മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് വർഷം പിന്നിട്ടതിന് ശേഷമാണ് പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കാൻ ഒരുങ്ങുന്നത്. ഇത്രയും വലിയ വംശീയ കലാപം അരങ്ങേറിയിട്ടും മണിപ്പൂർ സന്ദർശിക്കാതിരുന്ന പ്രധാനമന്ത്രിയുടെ നടപടി വലിയ തോതിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അതേസമയം, സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ആദ്യം മിസോറാമിലെത്തുന്ന പ്രധാനമന്ത്രി, 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈറാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാരിന്റെ ‘ആക്ട് ഈസ്റ്റ് പോളിസി’യുടെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ഈ റെയിൽവേ ലൈൻ. ഇത് മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സഹായിക്കും. പുതിയ റെയിൽവേ ലൈൻ ഐസ്വാളിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയും അസമിലെ സിൽച്ചാറിൽ നിന്ന് മെച്ചപ്പെട്ട ഗതാഗത സൗകര്യം ഉറപ്പാക്കുകയും ചെയ്യും. മിസോറാമിന്റെ വികസനത്തിന് ഈ പുതിയ റെയിൽവേ ലൈൻ വലിയ സംഭാവന നൽകുമെന്ന് അധികൃതർ പറയുന്നു.
മിസോറാമിലെ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകുമെന്നാണ് വിവരം. 2023 മെയ് മാസത്തിൽ മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി മിസോറാം അധികൃതർ തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ഐസ്വാളിലെ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഇംഫാലിലെ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം അതീവ പ്രാധാന്യമർഹിക്കുന്നു. 2023 മെയ് മാസം മുതൽ മെയ്തേയ്, കുക്കി-സോ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ തുടരുകയാണ്. അക്രമത്തിൽ 250 പേർ കൊല്ലപ്പെടുകയും 60,000-ത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. 2025 ഫെബ്രുവരി 9 ന് അന്നത്തെ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്.