National
യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി;ജി എസ് ടി നിരക്കുകള്‍ കുറക്കുമെന്നും പ്രധാനമന്ത്രി
സ്വന്തം കരുത്തിലും കഴിവിലും വിശ്വസിക്കുകയാണ് ആത്മനിര്‍ഭരതയ്ക്കുള്ള വഴിയെന്നും ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടതില്ലെന്നും മോദി

ന്യൂഡല്‍ഹി | യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗര്‍ യോജന എന്നാണ് പുതിയ പദ്ധതിയുടെ പേര്. ഈ പദ്ധതിയനുസരിച്ച് സ്വകാര്യമേഖലയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരില്‍നിന്ന് 15,000 രൂപ ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കും. ഈ പദ്ധതിയിലൂടെ ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
ദൈനംദിനാവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ജിഎസ്ടി കുറയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ദീപാവലിയോടെ ജിഎസ്ടി പരിഷ്‌കരിക്കുമെന്നും വിലകുറയന്നതോടെ സാധാരണക്കാര്‍ക്ക് അത് വലിയ ആശ്വാസമാകുമെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭി സംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സ്വന്തം കരുത്തിലും കഴിവിലും വിശ്വസിക്കുകയാണ് ആത്മനിര്‍ഭരതയ്ക്കുള്ള വഴിയെന്നും ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടതില്ലെന്നും മോദി പറഞ്ഞു.യു എസ് തീരുവയെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. രാജ്യത്തിന്റെ ആത്മനിര്‍ഭരത ഓപ്പറേഷന്‍ സിന്ദൂരില്‍ കണ്ടു. ശത്രുവിനെ തകര്‍ത്തത് രാജ്യത്തിന്റെ സ്വന്തം ആയുധങ്ങള്‍ ഉപയോഗിച്ചാണ്. സെമികണ്ടക്റ്റര്‍ രംഗത്ത് വളരാനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ മേഡ് ഇന്‍ ഇന്ത്യ ചിപ്പുകള്‍ ഉണ്ടാകും. ഊര്‍ജരംഗത്തും സ്വയംപര്യാപ്തമാവുകയാണ് ഇന്ത്യ. ഹൈഡ്രജന്‍ എനര്‍ജിക്കായി ശതകോടികള്‍ ചെലവഴിക്കുന്നുന്നു. ആണവോര്‍ജ രംഗത്തും വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നു. 2030 ആവുമ്പോഴേക്കും 50 ശതമാനം ക്ലീന്‍ എന്‍ര്‍ജി എന്നതാണ് ലക്ഷ്യംമെന്നും മോദി പറഞ്ഞു