Uae
ജിറ്റെക്‌സ് ഗ്ലോബൽ സമാപിച്ചു; റെക്കോർഡ് എ ഐ മുന്നേറ്റങ്ങൾ
എ ഐ യുഗത്തിലെ വിശ്വാസം, നിയന്ത്രണം, പരമാധികാരം എന്നീ ചോദ്യങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.

ദുബൈ|അഞ്ച് ദിവസത്തെ ജിറ്റെക്‌സ് ഗ്ലോബൽ സമാപിച്ചത് എ ഐ, ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ, സൈബർ സുരക്ഷ, ക്വാണ്ടം, ഡിജിറ്റൽ ഹെൽത്ത്, ബയോടെക് എന്നിവയിലുടനീളമുള്ള വൻ ഇടപാടുകൾക്കും പുതിയ കണ്ടുപിടുത്തങ്ങൾക്കും ശേഷം. നവീകരണങ്ങൾ, റെക്കോർഡ് പങ്കാളിത്തങ്ങൾ, വമ്പൻ കരാറുകൾ എന്നിവക്കും മേള സാക്ഷിയായി. ദുബൈ വേൾഡ് ട്രേഡ് സെന്ററിലും ദുബൈ ഹാർബറിലുമായി നടന്ന പ്രദർശനത്തിൽ 6,800-ൽ അധികം പ്രദർശകർ, 180 രാജ്യങ്ങളിൽ നിന്നുള്ള 2,000 സ്റ്റാർട്ടപ്പുകൾ, 1,200 നിക്ഷേപകർ എന്നിവർ പങ്കെടുത്തു.
ഉത്തരവാദിത്തത്തോടെ എ ഐ സ്വീകരിക്കുന്നത് മുതൽ ആഗോള സഹകരണവും നിക്ഷേപവും ആകർഷിക്കുന്ന ഒരു ലോകോത്തര ഡിജിറ്റൽ ആവാസവ്യവസ്ഥ വളർത്തിയെടുക്കുന്നതിനും മേള സാക്ഷിയായി.
എ ഐ യുഗത്തിലെ വിശ്വാസം, നിയന്ത്രണം, പരമാധികാരം എന്നീ ചോദ്യങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. ജിറ്റെക്‌സ് ക്വാണ്ടം എക്‌സ്‌പോ, ഫിസിക്കൽ എ ഐ, സെമികോൺ, സൂപ്പർ ഡാറ്റാ സെന്ററുകൾ, ജിറ്റെക്‌സ് ഡിജി ഹെൽത്ത് ആൻഡ് ബയോടെക് എന്നിവയിലുടനീളം പുതിയ ലോഞ്ചുകളും ഉയർന്ന സ്വാധീനമുള്ള സംഭാഷണങ്ങളും നടന്നു.
ബയോമാർക്കറുകളിൽ നിന്ന് ഗ്ലൂക്കോസ് കണക്കാക്കുന്ന സ്മാർട്ട് കോൺടാക്റ്റ് ലെൻസുകൾ, ന്യൂറൽ സിഗ്‌നലുകൾ ഡീകോഡ് ചെയ്യുന്ന ബ്രെയിൻ-കമ്പ്യൂട്ടർ ഇംപ്ലാന്റുകൾ, രോഗ പ്രതിരോധത്തിനായി ഡി എൻ എ റീപ്രോഗ്രാം ചെയ്യുന്ന എ ഐ ജീൻ – എഡിറ്റിംഗ് സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടെയുള്ള പുതുതലമുറ നൂതനാശയങ്ങൾ അവതരിപ്പിച്ചു. എ ഐ 71, ആലിബാബ ക്ലൗഡ്, എ എം ഡി, എ ഡബ്ല്യു എസ്, ഇ & (ഇ ആൻഡ്), ജി 42, ഗൂഗിൾ, എച്ച് പി ഇ, ഹുവാവേ, ഐ ബി എം, മൈക്രോസോഫ്റ്റ്, ഒറാക്കിൾ, സെയിൽസ്‌ഫോഴ്‌സ്, സ്‌നോഫ്‌ലേക്‌സ് തുടങ്ങിയ ആഗോള സാങ്കേതിക സംരംഭങ്ങൾ എ ഐ വർക്ക് ലോഡുകളും ദേശീയ തലത്തിലുള്ള ഇന്റലിജൻസും ശക്തിപ്പെടുത്തുന്നതിനായി നിർമിച്ച അടിസ്ഥാന സൗകര്യ മുന്നേറ്റങ്ങൾ പ്രദർശിപ്പിച്ചു.
ഡിജിറ്റൽ പരിവർത്തനത്തിനായി പുതിയ പൊതു-സ്വകാര്യ സഖ്യങ്ങൾ ഉറപ്പിക്കുന്ന തരത്തിൽ റെക്കോർഡ് എണ്ണം ധാരണാപത്രങ്ങൾ (എം ഒ യു) ഈ പരിപാടിയിൽ ഒപ്പുവെച്ചു. ദുബൈ ഹാർബറിൽ നടന്ന ജിറ്റെക്‌സ് ഗ്ലോബലിന്റെ സ്റ്റാർട്ടപ്പ് പ്രദർശനമായ എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ 100-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളെ 1.1 ട്രില്യൺ ഡോളറിലധികം ആസ്തിയുള്ള നിക്ഷേപകരുമായി ബന്ധിപ്പിച്ചു. 300,000 ഡോളർ സമ്മാനത്തുകയുള്ള സൂപ്പർനോവ ചലഞ്ച് 2.0-ൽ കൊറിയയിലെ എ ഐ എം ഇന്റലിജൻസാണ് വിജയിയായി. അടുത്ത വർഷം ലോകത്തിലെ ആദ്യത്തെ ജിറ്റെക്‌സ് ടെക്ക്‌ക്കേഷൻ എക്‌സ്‌പോ സിറ്റിയിലാണ് നടക്കുക.