Connect with us

National

വെജ് ബിരിയാണിയ്ക്ക് പകരം പാര്‍സല്‍ ലഭിച്ചത് നോണ്‍ വെജ് ബിരിയാണി;റാഞ്ചിയില്‍ ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു

ഭിട്ടാ സ്വദേശിയായ വിജയ കുമാര്‍ നാഗ് (47) ആണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

റാഞ്ചി| ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വെജിറ്റേറിയന്‍ ബിരിയാണിക്കു പകരം നോണ്‍ വെജ് ബിരിയാണി പാര്‍സല്‍ നല്‍കിയതിന് ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു. ഭിട്ടാ സ്വദേശിയായ വിജയ കുമാര്‍ നാഗ് (47) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 1.30ഓടെയാണ് സംഭവം. കാങ്കേ പിതോറിയ റോഡിലാണ് വിജയ കുമാറിന്റെ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹോട്ടലിലെത്തിയ ഒരാള്‍ വെജ് ബിരിയാണി പാര്‍സല്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് പാര്‍സല്‍ വാങ്ങിപ്പോയ ഇയാള്‍ ആളുകളുമായി തിരിച്ചെത്തി. ഹോട്ടലില്‍ നിന്ന് നല്‍കിയത് നോണ്‍ വെജ് ബിരിയാണി ആണെന്ന് വിശദമാക്കി. തുടര്‍ന്ന് ബിരിയാണി വാങ്ങിപ്പോയ ആളും കടയിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റവും കയ്യേറ്റവും നടന്നു. അതിനിടെ യുവാവ് കടയുടമയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഈ സമയം വിജയ കുമാര്‍ നാഗ് ഭക്ഷണം കഴിക്കുകയായിരുന്നു. വിജയ കുമാറിന്റെ നെഞ്ചില്‍ ഒന്നിലധികം ബുള്ളറ്റുകള്‍ തറച്ചു. വിജയ കുമാര്‍ നാഗിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അക്രമിക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച രാവിലെ പോലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ച് വിജയ കുമാര്‍ നാഗിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കാങ്കേ പിതോറിയ റോഡ് ഉപരോധിച്ചിരുന്നു. എന്നാല്‍ പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനെതുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

 

 

Latest