local body election 2025
പൊന്നാനി നഗരസഭ; ആറാം തവണയും സ്ഥാനാർഥിയായി എം എ ഹമീദ്
1995ൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി ലീഗ് കോട്ടയിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു.
പൊന്നാനി | തദ്ദേശ തിരഞ്ഞെടുപ്പിൽ പൊന്നാനി നഗരസഭയിലേക്ക് ആറാം തവണയാണ് സി പി എം ഏരിയാ കമ്മിറ്റി അംഗമായ എം എ ഹമീദ് മത്സരിക്കുന്നത്. 1988 ലായിരുന്നു സ്വതന്ത്ര സ്ഥാനാർഥിയായുള്ള ആദ്യ മത്സരം. അന്ന് ഫലം തുണച്ചില്ല. തുടർന്ന് ഇ കെ ഇന്പിച്ചി ബാവയോടൊപ്പം ചേർന്ന് സി പി എമ്മിൽ പ്രവർത്തിക്കുകയും 1995ൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി ലീഗ് കോട്ടയിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. രണ്ടായിരത്തിലും വിജയം തുടർന്നു.
2005ൽ അലിയാർ പള്ളി വാർഡിൽ മത്സരിച്ചു. 2015ൽ സി പി ഐ യിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി 46-ാം വാർഡിൽ ത്രികോണ മത്സരത്തിലൂടെ ഒന്നാമതെത്തി. നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ, വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ, മത്സ്യഫെഡ് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇത്തവണ മത്സരിക്കുന്നത് വാർഡ് പുനർനിർണയത്തിന് ശേഷം രൂപവത്കൃതമായ താലൂക്കാശുപത്രി വാർഡായ 51-ൽ നിന്നാണ്. വിജയിച്ചാൽ എൽ ഡി എഫിന്റെ ഉപാധ്യക്ഷനാകാനും സാധ്യതയുണ്ട്.



