National
രാഷ്ട്രീയ ഇടപെടലുകൾ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് രാഹുൽ ഗാന്ധി കോടതിയിൽ ഹരജി നൽകി
സവർക്കർക്ക് എതിരായ പരാമർശങ്ങളുടെ പേരിൽ തനിക്കെതിരെയുള്ള അപകീർത്തി കേസ് നൽകിയ സത്യകി സവർക്കറുടെ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് രാഹുൽ തന്റെ ആശങ്ക പങ്കുവെച്ചത്

പൂനെ | രാഷ്ട്രീയപരമായ ഏറ്റുമുട്ടലുകളുടെ പേരിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കോടതിയിൽ ഹരജി നൽകി. സവർക്കർക്ക് എതിരായ പരാമർശങ്ങളുടെ പേരിൽ തനിക്കെതിരെയുള്ള അപകീർത്തി കേസ് നൽകിയ സത്യകി സവർക്കറുടെ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് രാഹുൽ തന്റെ ആശങ്ക പങ്കുവെച്ചത്. പൂനെയിലെ പ്രത്യേക എം.പി./എം.എൽ.എ. കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്. തന്റെ സുരക്ഷ സംബന്ധിച്ചും കേസിന്റെ സുതാര്യത സംബന്ധിച്ചും തനിക്ക് ആശങ്കകളുണ്ടെന്നും രാഹുൽ ഹർജിയിൽ വ്യക്തമാക്കി.
ഗാന്ധി വധക്കേസിലെ മുഖ്യപ്രതികളായിരുന്ന നാഥുറാം ഗോഡ്‌സെ, ഗോപാൽ ഗോഡ്‌സെ എന്നിവരുടെ കുടുംബാംഗമാണ് താനെന്ന് ജൂലൈ 29-ന് സത്യകി സവർക്കർ രേഖാമൂലം കോടതിയിൽ അറിയിച്ചിരുന്നു. ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി തനിക്ക് ഭീഷണിയുണ്ടെന്ന് ആരോപിക്കുന്നത്.
പരാതിക്കാരന്റെ കുടുംബപാരമ്പര്യവുമായി ബന്ധപ്പെട്ട അക്രമങ്ങളുടെയും ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും ചരിത്രം കണക്കിലെടുക്കുമ്പോൾ, തനിക്ക് ദോഷം സംഭവിക്കാനോ, തെറ്റായി കുടുക്കപ്പെടാനോ, മറ്റ് തരത്തിലുള്ള ആക്രമണങ്ങൾ നേരിടാനോ സാധ്യതയുണ്ടെന്ന് ന്യായമായു ഭയക്കുന്നതായി രാഹുൽ ഹർജിയിൽ പറയുന്നു.
മഹാത്മാ ഗാന്ധിയുടെ കൊലപാതകം ഒരു പ്രകോപനം മൂലമുണ്ടായതല്ല, മറിച്ച് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നു. അത്തരമൊരു പാരമ്പര്യവുമായി ബന്ധപ്പെട്ട ഗുരുതരമായ ചരിത്രം കണക്കിലെടുക്കുമ്പോൾ, ആ ചരിത്രം ആവർത്തിക്കാൻ അനുവദിക്കരുതെന്ന് രാഹുൽ ഗാന്ധി കോടതിയിൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉൾപ്പെടെ തന്റെ സമീപകാല രാഷ്ട്രീയ ഇടപെടലുകളും രാഹുൽ ഗാന്ധി ഹർജിയിൽ എടുത്തുപറഞ്ഞു. താൻ നടത്തിയ പ്രസംഗങ്ങൾക്ക് പിന്നാലെ രാഷ്ട്രീയ എതിരാളികൾ ശത്രുതാപരമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും രാഹുൽ പറയുന്നു.
2023 മാർച്ചിൽ ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്. സവർക്കർ തന്റെ രചനകളിൽ ഒരു മുസ്‌ലിം യുവാവിനെ ഉപദ്രവിച്ചതിനെക്കുറിച്ചും അതിൽ സന്തോഷം കണ്ടെത്തിയതിനെക്കുറിച്ചും രാഹുൽ പരാമർശിച്ചിരുന്നു. ഈ പരാമർശങ്ങൾ തെറ്റിദ്ധാരണാജനകവും അപകീർത്തികരവുമാണെന്ന് ആരോപിച്ച് സവർക്കർ കോടതിയെ സമീപിക്കുകയായിരുന്നു.