Connect with us

Kerala

പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പോലീസ് ട്രെയിനി മരിച്ച സംഭവം; പോലീസ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി കുടുംബം

മകന്‍ വിഷാദരോഗിയല്ലെന്നും മരിച്ച ദിവസം രാവിലെയും സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും ആനന്ദിന്റെ മാതാവ് ചന്ദ്രിക പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പോലീസ് ട്രെയിനി ആനന്ദ് തൂങ്ങി മരിച്ച സംഭവത്തില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി കുടുംബം. ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നു. ക്യാമ്പില്‍ ജാതിയുടെ പേരിലോ ശാരീരികമായോ പീഡനങ്ങള്‍ നടന്നിട്ടില്ലെന്നുമാണ് പേരൂര്‍ക്കട പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടാണ് കുടുംബം നിഷേധിച്ചത്. മകന്‍ വിഷാദരോഗിയല്ലെന്നും മരിച്ച ദിവസം രാവിലെയും സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും ആനന്ദിന്റെ മാതാവ് ചന്ദ്രിക പറഞ്ഞു.

ആനന്ദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കുടുംബം പേരൂര്‍ക്കട എസ്എച്ച്ഒയ്ക്കും എസ്എപി കമാന്‍ഡന്റിനും പരാതി നല്‍കിയിരുന്നു. ഈ വിഷയത്തില്‍ അടിയന്തരമായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എഡിജിപി എസ്. ശ്രീജിത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പില്‍ വീഴ്ചയുണ്ടായോ എന്നതില്‍ ബറ്റാലിയന്‍ ഡിഐജി അരുള്‍ ബി. കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റ് അന്വേഷണം നടക്കുന്നുണ്ട്.

എസ് എ പി ക്യാമ്പില്‍ പോലീസ് ട്രെയ്‌നിയായിരുന്ന വിതുര മീനാങ്കല്‍ സ്വദേശി ആനന്ദാണ് തൂങ്ങി മരിച്ചത്. ബി കമ്പനി പ്ലറ്റൂണ്‍ ലീഡര്‍ ആയിരുന്ന ആനന്ദ് നേരത്തെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിച്ചു. പിന്നീട് ക്യാമ്പിലേക്ക് മടങ്ങിവരികയും വിശ്രമത്തില്‍ തുടരുകയുമായിരുന്നു.
പിന്നീട് വ്യാഴാഴ്ച രാവിലെ പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ ബാരക്കില്‍ ആനന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest