Editorial
കൊച്ചി പുറംകടല്‍ ലഹരിവേട്ട വിരല്‍ ചൂണ്ടുന്നത്
കൊച്ചി പുറംകടലിലെ ലഹരി മരുന്ന് വേട്ടയെ കേരളവുമായി ബന്ധപ്പെടുത്തി കേരളം ലഹരി വിപണനത്തിന്റെ ഹബ്ബായി മാറിയിട്ടുണ്ടെന്ന പ്രചാരണം നടത്തിവരുന്നുണ്ട് സംഘ്പരിവാര്‍ ശക്തികള്‍. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ കൊച്ചി പുറംകടലില്‍ വെച്ചാണ് മയക്കുമരുന്ന് വേട്ട നടന്നതെന്നതിനപ്പുറം കൊച്ചിയുമായി ഇതിനൊരു ബന്ധവുമില്ല.

അമ്പരപ്പിക്കുന്നതാണ് കൊച്ചി പുറംകടലിലെ ബോട്ടില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം. 25,000 കോടി രൂപയാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) തിട്ടപ്പെടുത്തിയ വിപണിമൂല്യം. 134 ചാക്കുകളിലായി സൂക്ഷിച്ച 2,525 കിലോ മെത്താംഫിറ്റമിനാണ് പിടിച്ചെടുത്തത്. 15,000 കോടി രൂപയായിരുന്നു പ്രഥമഘട്ടത്തില്‍ കണക്കാക്കിയിരുന്ന മൂല്യം. വിശദമായ കണക്കെടുപ്പിനു ശേഷമാണ് മൂല്യം കൂടുമെന്ന് കണ്ടെത്തിയത്. രാജ്യത്ത് ഇതിനകം നടന്ന ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയാണിത്. നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇത് പിടികൂടിയത്. കൊച്ചി പുറംകടലില്‍ നിന്ന് കഴിഞ്ഞ ഒക്ടോബറിലും 200 കിലോ ഹെറോയിന്‍ പിടികൂടിയിരുന്നു.
അടുത്ത കാലത്തായി ഇന്ത്യയിലേക്കും ഇന്ത്യ വഴിയുമുള്ള ലഹരിക്കടത്ത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഗുജറാത്ത് കച്ച്, കാണ്ഡ്ല തുറമുഖത്ത് നിന്ന് രണ്ട് കണ്ടെയ്നറുകളില്‍ നിന്നായി 2,500-3,000 കോടി രൂപ മൂല്യം വരുന്ന 250 കിലോ ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. ഇത് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് അയച്ചതാണെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) വൃത്തങ്ങള്‍ പറഞ്ഞത്. അദാനിയുടെതാണ് ഈ തുറമുഖം. വിമാനം വഴിയും ധാരാളമായി നടക്കുന്നുണ്ട് ലഹരിക്കടത്ത്. സൗന്ദര്യവര്‍ധക വസ്തുക്കള്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവക്കുള്ളില്‍ ഒളിപ്പിച്ചാണ് വിമാനത്തിലെ കടത്ത്. ഗോള്‍ഡന്‍ ട്രയാംഗിളില്‍ (തായ്ലന്‍ഡ്, ലാവോസ്, മ്യാന്‍മാര്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ത്രികോണാകൃതിയിലുള്ള പ്രദേശം) നിന്നും ഗോള്‍ഡന്‍ ക്രസന്റില്‍ (അഫ്ഗാനിസ്ഥാനിലെയും ഇറാനിലെയും പാക്കിസ്ഥാനിലെയും പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പര്‍വത പ്രദേശങ്ങള്‍) നിന്നുമാണ് ഇന്ത്യന്‍ സമുദ്രം വഴിയുള്ള മയക്കുമരുന്ന് കടത്തെന്നാണ് അധികൃത കേന്ദ്രങ്ങളുടെ നിഗമനം. ഗോള്‍ഡന്‍ ട്രയാംഗിളിന്റെയും ഗോള്‍ഡന്‍ ക്രസന്റിന്റെയും മധ്യത്തിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്. വന്‍ ശക്തികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ചില രാജ്യങ്ങളില്‍ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നത് പോലും മയക്കുമരുന്ന് മാഫിയയാണ്. മ്യാന്മറിലും സൗത്ത് അമേരിക്കയിലും കൊളംബിയയിലും മയക്കുമരുന്ന് ലോബിക്ക് സ്വന്തമായി പട്ടാളം തന്നെയുണ്ടത്രെ.
വന്‍ ബിസിനസ്സായി വളര്‍ന്നിട്ടുണ്ട് മയക്കുമരുന്ന് വിപണനം. മൂന്ന് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് ലോകത്ത് പ്രതിവര്‍ഷം 50,000 കോടി ഡോളറിന്റെ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ആയുധ വ്യാപാരം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം മയക്കുമരുന്ന് വ്യാപാരത്തിനാണ്. ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തായി ഇത് മാറിയിട്ടുണ്ട്. ഗോള്‍ഡന്‍ ക്രസന്റില്‍ നിര്‍മിച്ച് ഇറാനിലേക്കും അവിടെ നിന്ന് ആസ്ത്രേലിയയിലേക്കും കടത്താനായിരുന്നു കൊച്ചി പുറംകടലില്‍ പിടികൂടിയ സംഘത്തിന്റെ പദ്ധതിയെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യ ലഹരിക്കടത്തുകാരുടെ ഒരു ഹബ്ബായി മാറിയിട്ടുണ്ടെന്നാണ് ഇതും ഗുജറാത്ത് കടലിലെ ലഹരി വേട്ടയും നല്‍കുന്ന വ്യക്തമായ സൂചന.
അതേസമയം കൊച്ചി പുറംകടലിലെ ലഹരി മരുന്ന് വേട്ടയെ കേരളവുമായി ബന്ധപ്പെടുത്തി കേരളം ലഹരി വിപണനത്തിന്റെ ഹബ്ബായി മാറിയിട്ടുണ്ടെന്ന പ്രചാരണം നടത്തിവരുന്നുണ്ട് സംഘ്പരിവാര്‍ ശക്തികള്‍. പുറംകടല്‍ ലഹരിവേട്ടയെ ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ കൊച്ചി ലഹരിക്കടത്തെന്ന് വിശേഷിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ കൊച്ചി പുറംകടലില്‍ വെച്ചാണ് മയക്കുമരുന്ന് വേട്ട നടന്നതെന്നതിനപ്പുറം കൊച്ചിയുമായി ഇതിനൊരു ബന്ധവുമില്ല. കൊച്ചിയാണ് മയക്കുമരുന്നുകാരുടെ ലക്ഷ്യമെന്ന അഭ്യൂഹം എന്‍ സി ബി ഉദ്യോഗസ്ഥര്‍ നിഷേധിച്ചിട്ടുണ്ട്.
കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രമായിരുന്നു നേരത്തേ ഇന്ത്യന്‍ മഹാസമുദ്രം. ഇന്ത്യന്‍ നേവിയുടെ ആന്റി പൈറസി ഓപറേഷനോടെ മേഖലയില്‍ നിന്ന് കടല്‍ക്കൊള്ളക്കാര്‍ പിന്‍വാങ്ങിയതോടെ, ലഹരിക്കടത്തുകാര്‍ ഇവിടെ ആധിപത്യം സ്ഥാപിക്കുകയാണ്. വന്‍ശക്തികളുടെ കൈയേറ്റവും തീവ്രവാദികളുടെ വിളയാട്ടവും അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക രംഗം വഷളാക്കിയപ്പോള്‍, കറുപ്പ് കൃഷിയാണ് രാജ്യത്ത് പലരും വരുമാന മാര്‍ഗമായി തിരഞ്ഞെടുത്തത്. ഇവിടെ ഉത്പാദിപ്പിക്കുന്ന കറുപ്പ് കൃഷി ഗോള്‍ഡന്‍ ക്രസന്റില്‍ എത്തിച്ച് ഹെറോയിനാക്കിയ ശേഷം ഇറാന്‍, ശ്രീലങ്കന്‍ ബോട്ടുകളില്‍ കടല്‍ വഴിയാണ് മറ്റു രാജ്യങ്ങളിലെത്തിക്കുന്നത്. ശ്രീലങ്ക ലഹരിക്കടത്തിന്റെ കാര്യത്തില്‍ വലിയ ഹോട്സ്പോട്ടായി മാറിയെന്നാണ് എന്‍ സി ബിയുടെ നിഗമനം. ശ്രീലങ്കയിലെ സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ ചില വ്യവസായികള്‍ ലഹരി വില്‍പ്പനയുടെ അണിയറക്കാരായി മാറിയതായി റിപോര്‍ട്ടുണ്ട്. ശ്രീലങ്കയിലെ ലഹരിക്കച്ചവടത്തിനു പിന്നില്‍ എല്‍ ടി ടി ഇയുടെ പങ്കും സംശയിക്കപ്പെടുന്നുണ്ട്. മഹിന്ദ രജപക്സെ സര്‍ക്കാറിന്റെ സൈനിക നടപടിയില്‍ തകര്‍ന്നടിഞ്ഞ എല്‍ ടി ടി ഇയെ പുനരുജ്ജീവിപ്പിക്കാനുള്ള പണം കണ്ടെത്തുകയാണോ ഇതിന്റെ ലക്ഷ്യമെന്ന് എന്‍ ഐ എ വൃത്തങ്ങളാണ് സന്ദേഹം പ്രകടിപ്പിച്ചത്.
ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ച് ലഹരിക്കടത്ത് നടക്കുന്നുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ അതിര്‍ത്തികളില്‍ നിന്ന് ഇത്തരം ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. അടുത്തിടെ പഞ്ചാബ് അതിര്‍ത്തിയില്‍ വിവിധ കേസുകളിലായി 250 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയതില്‍ അധികവും ഡ്രോണ്‍ ഉപയോഗിച്ച് കടത്തിയതാണ്. മനുഷ്യരെ ഉപയോഗിച്ചുള്ള കടത്തിനേക്കാള്‍ ‘റിസ്‌ക്’ കുറവാണ് ഡ്രോണ്‍ വഴിയുള്ള കടത്തെന്നതാണ് ലഹരി മാഫിയ ഈ വഴി തിരഞ്ഞെടുക്കാന്‍ കാരണം. ഇന്ത്യന്‍ തീരം വഴിയുള്ള ലഹരി മരുന്ന് കടത്ത് തടയുന്നതിനായി ഓപറേഷന്‍ സമുദ്രഗുപ്തിന് തുടക്കം കുറിച്ചിട്ടുണ്ട് കേന്ദ്ര ഏജന്‍സികള്‍. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് കൊച്ചിയില്‍ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.