Connect with us

സാഹിത്യം

കവിതയിലെ വൈയക്തിക ഭാവനകൾ

വൈയക്തിക ഭാവനകൾക്ക് കവിതയിൽ ഇടംനൽകിയ കവിയായിരുന്നു എമിലി ഡിക്കിൻസൺ. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കാവ്യലോകത്ത് പിറവിയെടുത്ത മെറ്റാഫിസിക്കൽ കവിതയുടെ ശക്തമായ സാന്നിധ്യം ഇവരുടെ കവിതകളിൽ പ്രകടമാണ്. കവിതയെ ആഖ്യാനപരമായ പുതുമകൾകൊണ്ട് പരീക്ഷണോന്മുഖമാക്കിയ കവിയാണ്. ആയിരക്കണക്കിന് ശ്രദ്ധേയമായ കവിതകളുടെ രചയിതാവാണെങ്കിലും ഈ കവിയെ ലോകമറിഞ്ഞത് അവരുടെ മരണശേഷം മാത്രമാണ്.

Published

|

Last Updated

ത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ കവിതയെ ആഖ്യാനപരമായ പുതുമകൾകൊണ്ട് പരീക്ഷണോന്മുഖമാക്കിയ കവിയാണ് എമിലി ഡിക്കിൻസൺ (1830–1886). ആയിരക്കണക്കിന് ശ്രദ്ധേയമായ കവിതകളുടെ രചയിതാവാണെങ്കിലും ഈ കവിയെ ലോകമറിഞ്ഞത് അവരുടെ മരണശേഷം മാത്രമാണ്. ജീവിച്ചിരുന്ന സമയത്ത് കവിതകൾ പ്രസിദ്ധീകരിക്കാൻ അവർ തയ്യാറായില്ല എന്നതായിരുന്നു അതിനു കാരണം. അവ തന്റെ സ്വകാര്യതയുടെ ഭാഗമായാണ് അവർ കണ്ടത്.

വൈയക്തിക ഭാവനകൾക്ക് കവിതയിൽ ഇടംനൽകിയ കവിയായിരുന്നു എമിലി ഡിക്കിൻസൺ. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കാവ്യലോകത്ത് പിറവിയെടുത്ത മെറ്റാഫിസിക്കൽ കവിതയുടെ ശക്തമായ സാന്നിധ്യം ഇവരുടെ കവിതകളിൽ പ്രകടമാണ്. റോബർട്ട് ബ്രൗണിംഗ്, എലിസബത്ത് ബാരറ്റ് ബ്രൗണിംഗ്, ജോൺ കീറ്റ്സ് തുടങ്ങിയവരുടെ കടുത്ത ഇഷ്ടക്കാരി കൂടിയായിരുന്നു എമിലി.1830 ഡിസംബർ പത്തിന് മസാച്ചുസെറ്റ്സിലെ ആംഹെസ്റ്റിലാണ് എമിലി എലിസബത്ത് ഡിക്കിൻസൺ ജനിച്ചത്. അക്കാലത്തെ ഇംഗ്ലണ്ടിന്റെ രാഷ്ട്രീയമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന എഡ്വേർഡ് ഡിക്കിൻസൺ ആയിരുന്നു പിതാവ്. വിഗ് പാർട്ടിയുടെ (Whig Party) നേതാവായിരുന്ന അദ്ദേഹം ഒരുതവണ യു എസ് കോൺഗ്രസ്സിൽ മസാച്ചു സെറ്റ്സിന്റെ പ്രതിനിധിയായിരുന്നു. കൂടാതെ അമേരിക്കയിലെ പല പ്രതിനിധി സഭകളിലും അദ്ദേഹം അംഗമായിട്ടുണ്ട്. മസാച്ചു സെറ്റ്സിലെ സാമൂഹിക മേഖലകളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

സഹോദരൻ ഓസ്റ്റിനും സഹോദരി ലവീനിയയും എമിലിയുടെ ധൈഷണിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എമിലി ആംഹെസ്റ്റ് അക്കാദമിയിൽ ചേർന്നു. ശാസ്ത്രവിഷയങ്ങളിൽ വിശേഷിച്ചും സസ്യശാസ്ത്രത്തിൽ വലിയ താത്പര്യം പ്രകടിപ്പിച്ച അവർ സ്കൂളിൽ തന്റെ വ്യത്യസ്തമായ കഴിവുകൾ കൊണ്ട് അധ്യാപകരെയും വിദ്യാർഥികളേയും അദ്‌ഭുതപ്പെടുത്തിയിരുന്നു. പൊതുവെ ആളുകളുമായി ഇടപഴകുന്നതിൽ വിമുഖയായിരുന്നു എമിലി. ഏകാന്തതയെ പ്രണയിച്ച അവർ സമൂഹത്തിന്റെ ആരവങ്ങളിൽനിന്നും ബഹളങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ഇഷ്ടപ്പെട്ടു. എങ്കിലും തന്റെ, എണ്ണത്തിൽ കുറവെങ്കിലും ഗാഢമായ സൗഹൃദങ്ങളുടെ ഊഷ്മളത നിലനിർത്തുവാൻ അവർ എപ്പോഴും ശ്രമിച്ചിരുന്നു.

സുഹൃത്തുക്കൾക്ക് അവർ നിരന്തരം കത്തുകളെഴുതി. പലപ്പോഴും കത്തുകൾക്കൊപ്പം തന്റെ കവിതയും അവർക്ക് അയച്ചുകൊടുത്തു. നാൽപ്പതിലധികം നോട്ടു പുസ്തകങ്ങളിലായി ആയിരത്തി എഴുനൂറിലധികം കവിതകൾ അവർ എഴുതിയിട്ടുണ്ട്. പല കവിതകൾക്കുമൊപ്പം കവിയുടെ കുറിപ്പുകളുമുണ്ടായിരുന്നു. എന്നാൽ ജീവിച്ചിരുന്നപ്പോൾ അവയിൽ ഒരു ഡസനിൽ താഴെ മാത്രമേ പ്രസിദ്ധീകരിക്കാൻ അവർ തയ്യാറായുള്ളൂ. 1866 ൽ അവർ അന്തരിച്ചതിനു ശേഷമാണ് ആ നോട്ടുപുസ്തകങ്ങൾ കണ്ടെടുക്കപ്പെട്ടത്. തുടർന്ന് 1890ൽ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. സഹൃദയലോകത്ത് വൻ സ്വീകാര്യത നേടിയ ഈ പുസ്തകത്തിന്റെ പതിനൊന്നു എഡിഷനുകളാണ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുറത്തിറങ്ങിയത്. പിന്നീട് വിവിധ പ്രസാധകരിലൂടെ മറ്റു കവിതകളും വെളിച്ചം കണ്ടതോടെ എമിലി ഡിക്കിൻസൺ എന്ന കവിയുടെ പ്രശസ്തി രാജ്യത്തിർത്തികൾ കടന്നു. എമിലിയെന്ന വ്യക്തിയുടെ മരണശേഷമാണ് അവരിലെ കവി പിറവിയെടുത്തതെന്ന വസ്തുത സാഹിത്യലോകത്ത് അസാധാരണമായൊരു സംഭവമായിരുന്നു. അത്രമാത്രം ഉജ്ജ്വലമായിരുന്നു അവരുടെ പ്രതിഭയുടെ തിളക്കം. 1955 ൽ എമിലിയുടെ സമ്പൂർണ കവിതകൾ പ്രസിദ്ധീകരിച്ചു.

വൈയക്തിക ഭാവനകൾക്കൊപ്പം തീക്ഷ്‌ണമായ മതബോധവുമുൾക്കൊള്ളുന്നവയാണ് എമിലിയുടെ കവിതകളെല്ലാം തന്നെ. ബൈബിൾ ബിംബങ്ങൾ അവയിൽ സമൃദ്ധമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആഖ്യാനപരമായി ഒട്ടേറെ പുതുമകളും അവയിൽ കാണാനാകും. അവയിൽ പ്രധാനം പാരമ്പര്യത്തിന്റെ ചങ്ങലക്കെട്ടുകളിൽനിന്നും മോചിപ്പിക്കപ്പെട്ടവയാണ് അവ എന്നതാണ്. കവിതയുടെ അക്കാലംവരെ നിലവിലുണ്ടായിരുന്ന രീതിശാസ്ത്രത്തെ പൂർണമായും നിഷേധിച്ചുകൊണ്ടാണ് എമിലി കവിതയെഴുതിയത്. സ്തോത്രങ്ങളുടെയും നാടോടി ഗാനങ്ങളുടെയും ശീലുകൾ ധാരാളമായി ഉപയോഗിച്ച അവർ കവിതയുടെ വ്യാകരണനിയമങ്ങളെപ്പോലും അംഗീകരിച്ചിരുന്നില്ല.

അമേരിക്കയിലെ എക്കാലത്തേയും വലിയ കവികളിലൊരാൾ എന്നാണ് എമിലിയെ പോയട്രി ഫൗണ്ടേഷൻ വിശേഷിപ്പിച്ചത്. എമേഴ്സൺ, തോറോ, വിറ്റ്മാൻ എന്നിവർക്കൊപ്പമാണ് എമിലിയെ അവർ പ്രതിഷ്ഠിച്ചത്. ഈ കവികളെപ്പോലെ കവിതയുടെ നവീകരണത്തിന് എമിലിയും വലിയ പങ്കുവഹിച്ചു. അതുകൊണ്ടുതന്നെ അമേരിക്കയുടെ കാവ്യലോകത്ത് എമിലി ഡിക്കിൻസൺ എന്ന പേര് ചിരസ്‌മരണീയമായി നിലകൊള്ളുമെന്നതിൽ സംശയമില്ല.

Latest