Connect with us

Kerala

വ്യക്തികളുടെ കോള്‍ റെക്കോഡും ലൈവ് ലൊക്കേഷനുമടക്കം ചോര്‍ത്തി;പത്തനംതിട്ടയില്‍ 23കാരനായ ഹാക്കര്‍ അറസ്റ്റില്‍

കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരം ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്

Published

|

Last Updated

പത്തനംതിട്ട  \ സി ഡി ആറും ലൈവ് ലൊക്കേഷനുമടക്കം വ്യക്തിഗത വിവരങ്ങളും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും ചോര്‍ത്തിയെന്ന സംശയത്തില്‍ ഹാക്കറെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ കണ്ണംകോട് കോട്ടമുകള്‍ വാഴവിള പുത്തന്‍വീട്ടില്‍ ജോയല്‍ വി ജോസിനെ(23)യാണ് വെള്ളിയാഴ്ച വൈകിട്ട് അടൂരിലെ വീട്ടില്‍ നിന്നും പത്തനംതിട്ട സൈബര്‍ ക്രൈം സ്റ്റേഷന്‍ എസ് എച്ച് ഒ ബി കെ സുനില്‍കൃഷ്ണന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

വ്യക്തികളുടെ സി ഡി ആര്‍, ലൈവ് ലൊക്കേഷന്‍ അടക്കം ഇയാള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ വ്യാപ്തി ഗൗരവമേറിയതാണെന്നാണ് വിവരം. കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരം ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് സൈബര്‍ സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പോലീസ് സംഘം ജോയലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഇയാള്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കമ്പ്യൂട്ടര്‍ സുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വ്യക്തിഗത നേട്ടത്തിന് ഉപയോഗിച്ചുവെന്നതാണ് കുറ്റം. വെബ്‌സൈറ്റും സിസ്റ്റങ്ങളും ഹാക്ക് ചെയ്ത് വ്യക്തികളുടെ സ്വകാര്യമായ മൊബൈല്‍ ഫോണ്‍ നമ്പരുകളുടെ ലൈവ് ലൊക്കഷന്‍, കാള്‍ ഡേറ്റ റെക്കോഡ് (സി ഡി ആര്‍) എന്നിവ സംഘടിപ്പിച്ച് വിതരണം നടത്തി സാമ്പത്തിക ലാഭമുണ്ടാക്കിയെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 ലെ സെക്ഷന്‍ 43 ആര്‍/ഡബ്യൂ 66, 72 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

 

Latest