Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ജയശ്രീയുടെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീംകോടതി
ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രീംകോടതി നടപടി.
കൊച്ചി| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീംകോടതി. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രീംകോടതി നടപടി. കേസിലെ നാലാം പ്രതിയാണ് ജയശ്രീ. കഴിഞ്ഞ ദിവസമാണ് മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഇത് പെട്ടെന്ന് തീരുമാനമെടുക്കാന്‍ പറ്റുന്ന കേസല്ല, ഗുരുതര സ്വഭാവമുള്ളതാണ്, വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട് എന്നാണ് കോടതി നിരീക്ഷണം. ഹരജി പരിഗണിച്ച ഉടന്‍ തന്നെ ജസ്റ്റിസ് ബദറുദ്ദീന്‍ ആണ് ഇക്കാര്യം പറഞ്ഞത്.
പത്മകുമാറിനെതിരെയുള്ള രണ്ട് കേസുകളില്‍ ഒരെണ്ണത്തിലാണ് ഇപ്പോള്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്താണ് പത്മകുമാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു മറ്റൊരു ദിവസം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ക്രിസ്മസ് അവധിക്ക് ശേഷമായിരിക്കും ഹരജി പരിഗണിക്കുക എന്നാണ് സൂചന.


