Connect with us

Kerala

താന്‍ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല; മുസ്ലിം ലീഗിനെയാണ് പറഞ്ഞത്: വെള്ളാപ്പള്ളി

മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടിയാണെന്നും മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തുവെന്നുമുള്ള രൂക്ഷ വിമര്‍ശനം വെള്ളാപ്പള്ളി ആവര്‍ത്തിച്ചു

Published

|

Last Updated

ആലപ്പുഴ | താന്‍ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും മുസ്ലിം ലീഗിനെയാണ് പറഞ്ഞതെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിവെള്ളാപ്പള്ളി നടേശന്‍. താനൊരു വര്‍ഗീയവാദിയാണെന്നാണ് ലീഗ് നേതാക്കള്‍ പറഞ്ഞു നടക്കുന്നത്. അവര്‍ തന്നെ ദേശീയവാദിയായി കൊണ്ടുനടന്ന കാലം ഉണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ആന്റണിയും അച്യുതാനന്ദനും ലീഗിനെതിരെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ലീഗിനെതിരെ പറഞ്ഞതിന് സകല അലവലാതികളും തന്നെ ചീത്ത പറയുകയാണെന്നും മാധ്യമങ്ങളും ഇതിന്റെ പേരില്‍ തന്നെ വേട്ടയാടിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടിയാണെന്നും മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തുവെന്നുമുള്ള രൂക്ഷ വിമര്‍ശനം വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ലീഗ് നേതാവ് മുഖ്യമന്ത്രിയെ ആണും പെണ്ണും കെട്ടവന്‍ എന്ന് പറഞ്ഞു. ഇങ്ങനെ തറ പറയുന്നവര്‍ ഉണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവരാണ് ലീഗുകാര്‍. മണി പവറും മസില്‍ പവറും കൊണ്ട് എന്തും ചെയ്യാം എന്ന അഹങ്കാരമാണ് ലീഗിനെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

എസ് എന്‍ ഡി പിയുടെ കണക്ക് ഓഡിറ്റ് ചെയ്യുന്നതും കേസ് നോക്കുന്നതും ഒരു മുസ്ലിമാണ്. തന്റെ ഉള്ളില്‍ ജാതിചിന്ത ഇല്ല. എന്നാല്‍ ജാതി വിവേചനം കാണിക്കുമ്പോള്‍ ആ ചിന്ത ഉണ്ടാകാറുണ്ട്. തങ്ങള്‍ വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ല. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്നവരാണ് ശ്രീനാരായണ ഗുരു പ്രസ്ഥാനം.

കൊല്ലത്ത് എല്‍ഡിഎഫ് ശ്രീനാരായണ ഗുരു യൂനിവേഴ്‌സിറ്റ് കൊണ്ടുവന്നത് നല്ലകാര്യമായിരുന്നെങ്കിലും തലപ്പത്ത് ഗുരുവിനെ അറിയുന്നവരെ വെച്ചില്ല. ഇതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ തന്നെ ആക്രമിച്ചു. ലീഗ് ചന്ദ്രികയില്‍ എഡിറ്റോറിയല്‍ വരെ എഴുതി തന്നെ തോജോവധം ചെയ്തു. എം പിമാരെ നോമിനേറ്റ് ചെയ്തപ്പോള്‍ പിന്നാക്കക്കാരെ അവഗണിച്ചതിനെ വിമര്‍ശിച്ചപ്പോള്‍ ലീഗ് തനിക്കെതിരെ പ്രമേയം പാസാക്കി. തന്നെ പറവാണം കത്തിച്ച് ഇല്ലാതാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

 

Latest