Connect with us

Aksharam Education

കൊതുക് നിസ്സാരക്കാരനല്ല

ലോകത്താകമാനം 3,500 ഇനം കൊതുകുകളെ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്രദേശത്തിന്റെ കാലാവസ്ഥ, പ്രകൃതി തുടങ്ങിയ ഘടകങ്ങൾക്കനുസരിച്ച് 30 മുതൽ 60 വരെ ഇനം കൊതുകുകളെ കണ്ടെത്താനാകും. ഭീകര ജീവി എന്ന് പലപ്പോഴും വിളിക്കുന്ന കൊതുകളിൽ യഥാർഥത്തിൽ രോഗങ്ങൾ പരത്തുന്ന ഇനങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമാണെന്നാണ് പഠനങ്ങൾ പറയുന്നത്.

Published

|

Last Updated

മൂളിപ്പാട്ടും പാടി നമ്മെ വട്ടമിട്ട് പറക്കുന്ന, കിട്ടുന്ന ചാൻസിൽ രക്തം ഊറ്റിക്കുടിക്കുന്ന കൊതുകിന്റെ കടി കിട്ടാത്തവർ ഉണ്ടാകുമോ. ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയ അഥവാ ഇപ്പോഴും കൊന്നുകൊണ്ടിരിക്കുന്ന മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ് കൊതുക് എന്ന് വേണമെങ്കിൽ പറയാം. ജന്തുലോകത്ത് കീട വർഗ ഇനത്തിൽപ്പെട്ട കൊതുക് നിരവധി രോഗങ്ങൾ പരത്തുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. മഴക്കാലത്താണ് കൊതുശല്യം ഏറ്റവും കൂടുന്നത്.

ലോകത്താകമാനം 3,500 ഇനം കൊതുകുകളെ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ട്.
ഓരോ പ്രദേശത്തിന്റെ കാലാവസ്ഥ, പ്രകൃതി തുടങ്ങിയ ഘടകങ്ങൾക്കനുസരിച്ച് 30 മുതൽ 60 വരെ ഇനം കൊതുകുകളെ കണ്ടെത്താനാകും. ഭീകര ജീവി എന്ന് പലപ്പോഴും വിളിക്കുന്ന കൊതുകളിൽ യഥാർഥത്തിൽ രോഗങ്ങൾ പരത്തുന്ന ഇനങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമാണെന്നാണ് പഠനങ്ങൾ പറയുന്നത്. കൊതുകുകളില്ലാത്ത നാട് എന്നറിയപ്പെട്ടിരുന്ന ഐസ്്ലാൻഡിൽപോലും ഈയിടെ കൊതുകിനെ കണ്ടെത്തിയതായാണ് വാർത്തകൾ പുറത്തുവരുന്നത്.

ആഗോള താപനമാണോ ഈ നാട്ടിലും കൊതുകെത്താൻ കാരണമായതെന്ന പഠനത്തിലാണ് ശാസ്ത്രലോകം. ഒ രക്ത ഗ്രൂപ്പുകാരെ കൊതുകുകൾക്ക് കൂടുതൽ ഇഷ്ടമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിന് താപനില കൂടുതലുള്ളവരെയും അഴുക്ക് ശരീരത്തിലുള്ളവരെയും വിയർക്കുന്നവരെയുമെല്ലാം കൊതുകുകൾക്ക് വേഗം കണ്ടെത്താൻ സാധിക്കും.

കൊതുകിന്റെ ഉത്ഭവം

ഇന്ന് ലഭ്യമായ ഏറ്റവും പഴയ കൊതുക് ഫോസ്സിൽ ലഭിച്ചത് മ്യാന്മറിൽ നിന്നാണ്. കൊതുകിന്റെ ഈ പൂർവികന് ബർമാക്യൂലക്സ് ആന്റിക്വസ് (Burmaculex antiquus) എന്നാണ് ശാസ്ത്രജ്ഞർ പേരിട്ടത്.
ഇതിന് രൂപത്തിൽ ചില്ലറ വ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും ഇപ്പോഴത്തെ കൊതുകുകളുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ആദ്യത്തെ കൊതുക് ഏകദേശം 187 ദശലക്ഷം വർഷങ്ങൾക്ക് മുന്പായിരിക്കാം എന്നാണ് ശാസ്ത്രപക്ഷം.

പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പരത്തുന്നുവെന്ന് കണ്ടെത്തിയ ബ്രിട്ടീഷുകരനായ ഡോ. സർ റൊണാൾഡ് റോസിന്റെ സ്മരണയിലാണ് എല്ലാ വർഷവും കൊതുക് ദിനാചരണം സംഘടിപ്പിക്കുന്നത്.

1717ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ലാൻസിസിയാണ് മലേറിയ എന്ന പേരിട്ടത്. മലേറിയ പരത്തുന്നത് കൊതുകുകളാണെന്ന സംശയം അന്നുതന്നെയുണ്ടായിരുന്നെങ്കിലും കൂടുതൽ ഗവേഷണങ്ങൾ നടന്നില്ല. പിന്നീട് 1877ലാണ് പാട്രിക്ക് മാൻസൺ എന്ന ശാസ്ത്രജ്ഞൻ കൊതുകുകളിൽനിന്ന് മന്ത് രോഗമുണ്ടാക്കുന്ന വിരകളെ കണ്ടെത്തിയത്. ഒരു രോഗവും കൊതുകും തമ്മിലെ ബന്ധം തെളിയിക്കുന്ന ആദ്യ കണ്ടെത്തലായിരുന്നു അത്.

ജീവിത ദശകൾ

മുട്ട, കൂത്താടി, സമാധി, മുതിർന്ന കൊതുക് എന്നിങ്ങനെ നാല് വ്യത്യസ്ത ദശകളാണ് കൊതുകിന്റെ ജീവിതത്തിലുള്ളത്. ഏഴ് മുതൽ 14 ദിവസം വരെയാണ് കൊതുകിന്റെ പൂർണത. ആദ്യത്തെ മൂന്ന് ദശകൾക്ക് വെള്ളത്തിന്റെ സാന്നിധ്യം ആവശ്യമാണ്. അതുകൊണ്ടാണ് കൊതുകിനെ നിയന്ത്രിക്കുന്നതിന് വീടിന്റെയും സ്ഥാപനങ്ങളുടെയുമെല്ലാം പരിസരത്ത് വെള്ളം കെട്ടി നിൽകുന്നത് തടയണമെന്ന് പറയുന്നത്.

പൂർണ വളർച്ച എത്തിയ കൊതുകുകൾ സസ്യങ്ങളുടെ ചാറാണ് ഭക്ഷണമായി കഴിക്കുന്നത്. പെൺ കൊതുകുകൾ മുട്ട ഇടാനുള്ള പോഷണത്തിനായാണ് ഉഷ്ണരക്തമുള്ള ജീവികളുടെ രക്തം കുടിക്കുന്നത്.

വായയുടെ സ്ഥാനത്തുള്ള നീണ്ട കുഴലാണ് കൊതുകുകൾ രക്തം കുടിക്കാൻ ഉപയോഗിക്കുന്നത്. മൂന്ന് ജോഡി കാലുകളും ഒരു ജോഡി ചിറകുകളുമാണ് കൊതുകുകൾക്കുള്ളത്. ആൺ കൊതുകുകൾ സെക്കൻഡിൽ 450 മുതൽ 600 പ്രാവശ്യം ചിറകടിക്കുന്നുണ്ടെന്നാണ് കണക്ക്. ആ ചിറകടിയാണ് മൂളലായി നമ്മുടെ ചെവികളിലെത്തുന്നത്. സന്ധ്യാ സമയത്തും രാവിലെയുമാണ് കൊതുകുകൾ ഇര തേടിയിറങ്ങുന്നത്.

കൊതുകുകളും രോഗങ്ങളും

വലിപ്പം കൂടിയവയാണ് ക്യൂലക്സ് കൊതുകുകൾ. ചിലയിനം മസ്തിഷ്‌ക ജ്വരം പരത്താൻ ഇവക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അശുദ്ധജലത്തിലാണ് ഇവ മുട്ടയിട്ട് പെരുകുക. അനോഫലസ് കൊതുകുകൾക്ക് ചിറകുകളിൽ പുള്ളികളുണ്ടാകും. ചെറിയ ശരീരമാണ് ഇവക്ക്.

മലേറിയക്ക് കാരണമാകുന്ന ഏകകോശ ജീവികളായ പ്ലാസ്‌മോഡിയങ്ങളെ വഹിക്കുന്നത് ഇവയാണ്. ഈഡിസ് കൊതുകുകൾക്ക് വെള്ള വരകളുണ്ടാകും. ഇവ എപ്പോഴും ചുറ്റിലും കാണാം. ശുദ്ധജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. ചിക്കുൻഗുനിയയും ഡെങ്കിപ്പനിയുമെല്ലാം പരത്തുന്നത് ഈ കൊതുകുകളാണ്.

മലമ്പനി പിടിപെട്ട് ലോകത്ത് പത്ത് ലക്ഷത്തോളംപേർ ഒരുവർഷം മരണമടയുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അനോഫലസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന മാരക രോഗമാണ് മലമ്പനി അഥവാ മലേറിയ. ഇന്ത്യയിൽ ലക്ഷക്കണക്കിനാളുകൾ മലമ്പനി മൂലം മരിച്ചിട്ടുണ്ട്.

Latest