National
ആന്ധ്രയിലെ കാശി ബുഗ്ഗ ക്ഷേത്രത്തില്‍ അപകടം; തിക്കിലും തിരക്കിലുംപെട്ട് 10 മരണം
നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
അമരാവതി|ആന്ധ്രയിലെ കാശി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. ഏകാദശി ഉത്സവത്തിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആളുകളുടെ തിരക്ക് നിയന്ത്രിക്കാനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി ബാരിക്കേഡുകള്‍ മാത്രമാണ് സജ്ജമാക്കിയിരുന്നത്. ഈ ബാരിക്കേഡുകളിലേക്ക് ആളുകള്‍ തിക്കിത്തിരക്കി വീണതാണ് അപകടത്തിന് കാരണം.
സംഭവം അങ്ങേയറ്റം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ക്ക് വേഗത്തിലും ശരിയായ ചികിത്സയും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.



