National
ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു
ഇന്ന് രാവിലെയാണ് ഈ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്.
ഹൈദരബാദ്| ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. ഇന്ന് രാവിലെയാണ് ഈ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്.
പപൈത രാജന്‍ എന്ന ഇമെയില്‍ ഐഡിയില്‍ നിന്നാണ് എയർപോർട്ട് കസ്റ്റമർ സപ്പോർട്ടിലേക്ക് സന്ദേശം വന്നത്. ഇന്‍ഡിഗോ 68 ഹൈദരാബാദിൽ ഇറങ്ങുന്നത് തടയുക എന്നതായിരുന്നു സന്ദേശം. എൽ.ടി.ടി.ഇ-ഐ.എസ്.ഐ പ്രവർത്തകർ വൻ സ്ഫോടനത്തിന് പദ്ധതിയിട്ടിട്ടുണ്ട് എന്നും സന്ദേശത്തിൽ അവകാശപ്പെട്ടിരുന്നു.
സംഭവത്തിൽ എയർപ്പോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് തന്നെ രാജ്യത്തെ മറ്റ് പ്രധാന വിമാനത്താവളങ്ങളിലും സമാനമായ ഭീഷണി സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സൈബരാബാദ് പോലീസ് പറഞ്ഞു. ഇത് പൊതു സുരക്ഷയെ തകര്‍ക്കാനുള്ള ഏകോപിത ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നവംബര്‍ 16 മുതല്‍ ബെംഗളൂരുവിനും റിയദിനും ഇടയില്‍ പുതിയ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു. ഈ റൂട്ടില്‍ എയര്‍ബസ് എ320 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ജിദ്ദയ്ക്ക് ശേഷം ബംഗളുരുവുമായി നേരിട്ട് ബന്ധമുള്ള രണ്ടാമത്തെ സൗദി അറേബ്യൻ നഗരമാണ് റിയാദ്. ജിദ്ദ, റിയാദ്, ദമാം, മദീന എന്നീ നാല് സൗദി അറേബ്യൻ നഗരങ്ങളിലേക്കാണ് ഇൻഡിഗോ നിലവിൽ വിമാന സർവീസുകൾ നടത്തുന്നത്.




