Connect with us

Kerala

സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാര്‍

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ആശാവര്‍ക്കേഴ്‌സിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതിജ്ഞാറാലി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം|സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാര്‍. 266 ദിവസം നീണ്ട രാപ്പകല്‍ സമരമാണ് മഹാപ്രതിജ്ഞാ റാലിയോടെ ഇന്ന് അവസാനിപ്പിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍  ആദ്യ മന്ത്രിസഭാ യോഗത്തില്‍ ആശാവര്‍ക്കേഴ്‌സിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതിജ്ഞാറാലി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കിട്ടിയ 33 രൂപ നക്കാപ്പിച്ച കിട്ടിയാണ് ആശമാര്‍ മടങ്ങുന്നതെന്നാണോ വിചാരിക്കുന്നത്? സമരം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുമെന്നതില്‍ സംശയമില്ല. ഇത്രമാത്രം ജനപിന്തുണ കിട്ടിയ സമരം വേറെയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ആശമാരുടെ തുടര്‍ സമരങ്ങള്‍ക്ക് അദ്ദേഹം പിന്തുണയും പ്രഖ്യാപിച്ചു.

സമരം അവസാനിപ്പിക്കുകയല്ലെന്നും സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കുന്നതുവരെ പുതിയ ഊര്‍ജ്ജവുമായി മടങ്ങിവരുമെന്നും സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. എംഎല്‍എമാരായ രമേശ് ചെന്നിത്തല, കെ കെ രമ, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ  ചടങ്ങില്‍ പങ്കെടുത്തു. ആശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഓണറേറിയം 21000 രുപയായി വര്‍ദ്ധിപ്പിക്കുകയും വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളില്‍ സമരം തുടരാനാണ് ആശമാരുടെ തീരുമാനം. സമരം ഒരു വര്‍ഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എത്തുന്നതിന് മുന്‍പ് സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവര്‍ത്തകരുടെ സമര വേദിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മടങ്ങുകയായിരുന്നു. രാവിലെ സമരപന്തലിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വി ഡി സതീശന്‍ എത്തുന്നതിന് തൊട്ടുമുമ്പ് വേദി വിടുകയും ശേഷം അദ്ദേഹം വേദിവിട്ട ശേഷം മടങ്ങിയെത്തുകയുമായിരുന്നു. തന്നെ സംബന്ധിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം വൈകാരികതയുള്ള വിഷയമാണെന്നും എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ച അടിയന്തര പ്രമേയം ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു എന്നുമായിരുന്നു മാധ്യമങ്ങളെ കണ്ട രാഹുല്‍ പറഞ്ഞത്. ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വിലപോലും വേതനമായി ആശമാര്‍ക്ക് ലഭിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

 

 

 

Latest