Connect with us

International

ലോകത്തിലെ ഏറ്റവും വിലയേറിയ ടോയ്‌ലറ്റ് ലേലത്തിന്; ലേലത്തുക 83 കോടി രൂപ!

18 കാരറ്റ് സ്വർണ്ണത്തിലാണ് ഈ ടോയ്‌ലറ്റ് നിർമ്മിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂയോർക്ക് | ലോകത്തിലെ ഏറ്റവും വിലയേറിയ കക്കൂസ് ലേലത്തിന് വെക്കുന്നു. ഖര സ്വർണ്ണത്തിൽ തീർത്ത ടോയ്‌ലറ്റാണ്, ന്യൂയോർക്കിലെ സോഥെബീസ് കോർപ്പറേഷൻ ലേലത്തിൽ വെച്ചത്. ഇറ്റാലിയൻ കലാകാരനായ മൗറീസിയോ കാറ്റെലാൻ ‘അമേരിക്ക’ എന്ന് പേരിട്ട ഈ സൃഷ്ടി, അമിതമായ സമ്പത്തിനെ പ്രതിനിധീകരിക്കുന്ന ഒരു ആക്ഷേപഹാസ്യമായാണ് കണക്കാക്കപ്പെടുന്നത്.

18 കാരറ്റ് സ്വർണ്ണത്തിലാണ് ഈ ടോയ്‌ലറ്റ് നിർമ്മിച്ചിരിക്കുന്നത്. ഇതിൻ്റെ ലേലം 10 മില്യൺ ഡോളറിൽ (ഏകദേശം 83 കോടി രൂപ) ആരംഭിക്കും. ലേലത്തിന് മണിക്കൂറുകൾക്ക് മുൻപുള്ള സ്വർണ്ണവില അനുസരിച്ച് അന്തിമ വിലയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ നിരക്കനുസരിച്ച്, 101.2 കിലോഗ്രാം ഭാരമുള്ള ഇതിൻ്റെ ലേലത്തുക ഏകദേശം 10 മില്യൺ ഡോളർ പരിധിയിൽ നിൽക്കുന്നുവെന്ന് സോഥെബീസിൻ്റെ വെബ്സൈറ്റിൽ പറയുന്നു.

“നിങ്ങൾ 200 ഡോളറിൻ്റെ ഉച്ചഭക്ഷണമോ 2 ഡോളറിൻ്റെ ഹോട്ട് ഡോഗോ കഴിച്ചാലും, ടോയ്‌ലറ്റിനെ സംബന്ധിച്ച് അതിൻ്റെ ഫലം ഒന്നുതന്നെയാണ്,” എന്നാണ് കലാകാരൻ ഒരിക്കൽ ഈ ടോയ്ലറ്റിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. ഈ കലാകാരൻ തന്നെ 2016-ൽ ഇതേ ടോയ്‌ലറ്റിൻ്റെ രണ്ട് പതിപ്പുകൾ നിർമ്മിച്ചിരുന്നു. ഇതിന് സമാനമായ ഒന്ന് 2019-ൽ ഇംഗ്ലണ്ടിലെ ബ്ലെൻഹൈം കൊട്ടാരത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടിരുന്നു.

നവംബർ 18-ന് രാത്രി 7 മണിക്ക് ന്യൂയോർക്കിലെ സോഥെബീസ് ആസ്ഥാനത്താണ് ‘അമേരിക്ക’യുടെ ലേലം നടക്കുന്നത്. ‘ദി നൗ ആൻഡ് കൺടെംപററി ഈവനിംഗ് ഓക്ഷൻ’ നടക്കുന്നതിന് മുന്നോടിയായി സന്ദർശകരെ ഓരോരുത്തരെയായി ‘അമേരിക്ക’ കാണാൻ അനുവദിക്കുമെന്നും അവർ ‘എക്സി’ലെ പോസ്റ്റിൽ അറിയിച്ചു.

Latest