Ongoing News
ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ വിരമിച്ചു
ഈ വർഷമാദ്യം, ഏറ്റവും പ്രായമേറിയ ഗ്രാൻഡ് സ്ലാം ജേതാവ് എന്ന റെക്കോർഡും, ഡബിൾസ് ടെന്നീസിലെ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ താരമെന്ന റെക്കോർഡും സ്വന്തമാക്കി ബൊപ്പണ്ണ ചരിത്രം സൃഷ്ടിച്ചിരുന്നു.
മുംബൈ | നീണ്ട 22 വർഷത്തെ കരിയറിന് ശേഷം ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു. പാരീസ് മാസ്റ്റേഴ്‌സ് 1000-ത്തിൽ അലക്‌സാണ്ടർ ബുബ്ലിക്കിനൊപ്പമുള്ള ഡബിൾസ് മത്സരമാണ് 45-കാരനായ താരത്തിന്റെ അവസാന മത്സരം. ഈ വർഷമാദ്യം, ഏറ്റവും പ്രായമേറിയ ഗ്രാൻഡ് സ്ലാം ജേതാവ് എന്ന റെക്കോർഡും, ഡബിൾസ് ടെന്നീസിലെ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ താരമെന്ന റെക്കോർഡും സ്വന്തമാക്കി ബൊപ്പണ്ണ ചരിത്രം സൃഷ്ടിച്ചിരുന്നു.
“ജീവിതത്തിന് അർത്ഥം നൽകിയ ഒന്നിനോട് എങ്ങനെ വിട പറയും? ടൂറിലെ മറക്കാനാവാത്ത 20 വർഷങ്ങൾക്കുശേഷം, ഇപ്പോൾ സമയമായിരിക്കുന്നു… ഞാൻ ഔദ്യോഗികമായി എൻ്റെ റാക്കറ്റ് തൂക്കിയിടുകയാണ്. ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ഓരോ തവണ കോർട്ടിലിറങ്ങുമ്പോഴും ഞാൻ ആ പതാകയ്ക്കും ആ അഭിമാനത്തിനും വേണ്ടിയാണ് കളിച്ചത്.” – വികാരഭരിതമായ വിരമിക്കൽ പ്രഖ്യാപനത്തിൽ ബൊപ്പണ്ണ പറഞ്ഞു.
2024 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് (മാത്യൂ എബ്ഡനൊപ്പം), 2017 ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസ് (ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം) എന്നീ രണ്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങളോടെയാണ് 45 കാരനായ ബൊപ്പണ്ണ തൻ്റെ കരിയർ പൂർത്തിയാക്കിയത്. ഇതുകൂടാതെ, മെൻസ് ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി നാല് ഗ്രാൻഡ് സ്ലാം ഫൈനലുകളിലും താരം എത്തിയിട്ടുണ്ട്. 2012ലും 2015ലും എ ടി പി ഫൈനലിൻ്റെ ഫൈനലിലും ബൊപ്പണ്ണ പങ്കെടുത്തു.
കുടകിലെ സാധാരണ ജീവിതത്തിൽ നിന്നാണ് ബൊപ്പണ്ണയുടെ യാത്ര ആരംഭിക്കുന്നത്. സെർവിനുള്ള കരുത്തിനായി മരം വെട്ടിയും, സ്റ്റാമിന വർദ്ധിപ്പിക്കാൻ കാപ്പിത്തോട്ടങ്ങളിലൂടെ ഓടിയും അദ്ദേഹം കഠിനാധ്വാനം ചെയ്തു. 2016 റിയോ ഒളിമ്പിക്സിൽ സാനിയ മിർസയ്‌ക്കൊപ്പം നാലാം സ്ഥാനത്തെത്തിയതും രണ്ട് പതിറ്റാണ്ടിലേറെയായി ഡേവിസ് കപ്പ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതും അദ്ദേഹത്തിന്റെ കരിയറിലെ തിളക്കമുള്ള അധ്യായങ്ങളാണ്.
വിരമിച്ച ശേഷവും ഇന്ത്യയിലെ ടെന്നീസ് രംഗത്ത് സജീവമായി ബൊപ്പണ്ണ ഉണ്ടാകും. അദ്ദേഹം സ്ഥാപിച്ച യു ടി ആർ ടെന്നീസ് പ്രോ (UTR Tennis Pro) അക്കാദമി ഇന്ത്യൻ ടെന്നീസ് പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സ്ഥാപനമാണ്.




