Kerala
സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തെ കുത്തിക്കൊലപ്പെടുത്തിയ കേസ്; കോണ്‍ഗ്രസ് നേതാവിന് ജീവപര്യന്തവും കഠിന തടവും
.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ മത്സരിച്ചതിലും പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള വൈരാഗ്യത്തിലുമാണ് കൊലപാതകം
തിരുവല്ല | സി പി എം ലോക്കല്‍ കമ്മറ്റി അംഗത്തെ കുത്തി കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജീവപര്യന്തവും, രണ്ട് വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (മൂന്ന്) യാണ് ശിക്ഷ വിധിച്ചത്. കേസിലെ ഏക പ്രതിയായ തിരുവല്ല വളഞ്ഞവട്ടം തൈക്കടവില്‍ വീട്ടില്‍ മോഹന്‍ തൈക്കടവിലാണ് (കുരുവിള ഏലിയാസ് ) ശിക്ഷിക്കപ്പെട്ടത്.
2015 ഡിസംബര്‍ 11ന് വൈകിട്ട് 7 മണിയോടെയാണ് അന്ന് കടപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറായിരുന്ന മോഹന്‍ സി പി എം കടപ്ര ലോക്കല്‍ കമ്മിറ്റിയംഗം വളഞ്ഞവട്ടം കൊച്ചു തൈക്കടവില്‍ വീട്ടില്‍ കെ വി സാമുവേലിനെ ( ഷാജി ) കുത്തി കൊലപ്പെടുത്തിയത്. വളഞ്ഞവട്ടം പോസ്റ്റോഫീസ് ജംഗ്ഷനിലുള്ള വെയിറ്റിംഗ് ഷെഡിനടുത്തേക്ക്, വീട്ടില്‍ നിന്നും ഫോണില്‍ വിളിച്ചു വരുത്തി അക്രമിക്കുകയായിരുന്നു.
ഷാജിക്ക് വയറ്റില്‍ പത്തോളം കുത്തേറ്റിരുന്നു. ആമാശയം മുറിഞ്ഞ് കുടല്‍മാല പുറത്തു വന്നിരുന്നു. കരളിനും സാരമായ മുറിവേറ്റിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാജി 2015 ഡിസംബര്‍ 27 ന് മരിച്ചു.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ മത്സരിച്ചതിലും പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള വൈരാഗ്യത്തിലുമാണ് കൊലപാതകം നടത്തിയത്. കേസില്‍ മരണമൊഴി നിര്‍ണായകമായി. പുളിക്കീഴ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി ശിക്ഷിക്കപ്പെട്ടത്.






