Connect with us

Kerala

കൊച്ചു കേരളം ഇന്ന് ലോകത്തിന് മുന്നിൽ വലിയ കേരളമായി: മന്ത്രി എം ബി രാജേഷ്

കേരളത്തിൻ്റെ ശക്തമായ പ്രാദേശിക ഭരണ സംവിധാനവും അധികാര വികേന്ദ്രീകരണവും ഇല്ലായിരുന്നുവെങ്കിൽ ഇതുപോലെ ഒരു മഹാദൗത്യത്തെ ഏറ്റെടുത്ത് വിജയിപ്പിക്കാൻ കഴിയുമായിരുന്നില്ലെന്ന് മന്തി.

Published

|

Last Updated

തിരുവനന്തപുരം | നമ്മുടെ കൊച്ചു കേരളം ഇന്ന് ലോകത്തിൻ്റെ മുന്നിൽ ഒരു വലിയ കേരളമായി മാറിയിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളത്തിൻ്റെ 69-ാം ജന്മദിനത്തിൽ ലോകമെങ്ങുമുള്ള മലയാളികൾക്ക് അവിസ്മരണീയമായ ഒരു അഭിമാന മുഹൂർത്തമായി അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം മാറിത്തീർന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് അതി ദാരിദ്ര്യമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ആദ്യം ചേർന്ന മന്ത്രിസഭാ യോഗത്തിലെ ഒന്നാമത്തെ തീരുമാനം അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിന് സമഗ്രമായ പദ്ധതി നടപ്പാക്കും എന്നതായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്നുമുതൽ വാർഡ് മെമ്പർ വരെയുള്ള രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ സംവിധാനവും ജനങ്ങൾ ആകെയും ഒറ്റക്കെട്ടായി ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് പ്രവർത്തിച്ചു. ഈ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിൽ ആദ്യമായി അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്ന, ലോകത്ത് ചൈനക്ക് ശേഷം രണ്ടാമത് അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്ന പ്രദേശം എന്ന ചരിത്രനേട്ടത്തിലേക്ക് കേരളം എത്തിച്ചേർന്നിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

വരിയിൽ ഏറ്റവും അവസാനം നിൽക്കുന്ന ദുർബലനും അതീവ ദരിദ്രനുമായ മനുഷ്യൻ്റെ മുഖം ഓർക്കുക എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഈ സർക്കാർ ആദ്യം തന്നെ ആ മനുഷ്യരുടെ മുഖങ്ങൾ ഓർത്തത്. കേരളത്തിൻ്റെ ശക്തമായ പ്രാദേശിക ഭരണ സംവിധാനവും അധികാര വികേന്ദ്രീകരണവും ഇല്ലായിരുന്നുവെങ്കിൽ ഇതുപോലെ ഒരു മഹാദൗത്യത്തെ ഏറ്റെടുത്ത് വിജയിപ്പിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ ചരിത്രനേട്ടം ഓരോ തദ്ദേശ സ്ഥാപനത്തിനും തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികൾക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

64,006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത് വിപുലമായ ജനപങ്കാളിത്തത്തിൽ അധിഷ്ഠിതമായ അതിസൂക്ഷ്മമായ ഒരു പ്രക്രിയയിലൂടെയാണ്. വാർഡ് തലത്തിലുള്ള ജനകീയ സമിതികൾ, ഗ്രാമസഭകൾ, തദ്ദേശസ്ഥാപന ഭരണസമിതികൾ എന്നിവ ചർച്ച ചെയ്ത് അംഗീകരിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയത്. ഇവിടെ നിർമാർജനം ചെയ്തിട്ടുള്ളത് അതിദാരിദ്ര്യമാണ്, ദാരിദ്ര്യമല്ല. ഒരു രേഖകളും ഇല്ലാത്ത, അസ്തിത്വം തെളിയിക്കാനുള്ള രേഖകളൊന്നും കൈവശമില്ലാതിരുന്ന, ആരുടെയും കണ്ണിൽ പെടാതിരുന്ന ‘അദൃശ്യരായ മനുഷ്യരെ’ തേടി ഒരു സർക്കാരിൻ്റെ കണ്ണുകൾ എത്തി എന്നതാണ് ഇതിൻ്റെ പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.

വികസനം താഴെത്തട്ടുവരെ താനെ എത്തിക്കൊള്ളും എന്ന സമീപനമല്ല സർക്കാർ സ്വീകരിച്ചത്. പരമദരിദ്രരായിട്ടുള്ള മനുഷ്യരെ കൈപിടിച്ചുയർത്താൻ അവർക്കുവേണ്ടി മൈക്രോ പ്ലാനുകൾ ആവിഷ്കരിച്ചു. ഓരോ കുടുംബത്തിനും പ്രത്യേകം പ്രത്യേകം സൂക്ഷ്മ പദ്ധതികൾ ആവശ്യമാണ് എന്ന് കണ്ടത് സർക്കാരിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ്. ഇന്ന് ഈ പ്രവർത്തനത്തിലൂടെ നാം നവകേരളത്തിലേക്ക് ഒരു മഹത്തായ ചുവട് വെക്കുകയാണെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേർത്തു.

Latest