Connect with us

Articles

പ്രകാശമാണ് മുത്ത് നബി(സ)

തീര്‍ച്ചയായും തിരുനബി(സ)യുടെ അധ്യാപനങ്ങള്‍ക്ക് ഇന്ന് പ്രസക്തിയുണ്ട്. മനുഷ്യനെ കൂടുതല്‍ നല്ല മനുഷ്യനും സംസ്‌കാരത്തെ നല്ല സംസ്‌കാരവുമാക്കാനുതകുന്ന പ്രവാചകാശയങ്ങളെ മുഴുവന്‍ സമൂഹത്തിനും പകര്‍ന്നു നല്‍കുക. കാലഘട്ടം ഇതിനായി ദാഹിക്കുന്നു.

Published

|

Last Updated

കറുത്ത യുഗം എന്നാണ് തിരുനബി(സ) കടന്നു വരുന്നതിനു മുമ്പുള്ള കാലഘട്ടത്തെ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്. തിരുനബി ആഗതമാകുന്നതിന് മുമ്പുള്ള മക്കയുടെയും മദീനയുടെയും ചരിത്രം പരിശോധിച്ചാല്‍ നമുക്കിത് വ്യക്തമാകും. ലക്ഷ്യബോധമില്ലാതെയാണ് അക്കാലത്തുള്ളവര്‍ ജീവിച്ചത്. പെണ്‍കുഞ്ഞ് ജനിക്കുന്നത് അപമാനമായി കണ്ട സമൂഹം. നിസ്സാര കാര്യങ്ങള്‍ക്ക് വര്‍ഷങ്ങളോളം പിണങ്ങിയും യുദ്ധം ചെയ്തും ജീവിച്ചു പോന്നവര്‍.

ഇങ്ങനെയുള്ള സമൂഹത്തിലേക്കാണ് തിരുനബി(സ) ഭൂജാതനാകുന്നത്. അവരെ സംസ്‌കരിച്ചെടുക്കാനുള്ള ദൗത്യവുമായി വരുന്നത്. ആദ്യം തിരുനബി(സ) ജീവിച്ചു കാണിച്ചു കൊടുത്തു. നാല്‍പ്പത് വര്‍ഷം മക്കക്കാര്‍ക്ക് അല്‍ അമീനായിരുന്നു. കളവോ വഞ്ചനയോ അസാംസ്‌കാരികമായ പ്രവൃത്തികളൊ ഇല്ലാത്ത സംശുദ്ധമായ ജീവിതം. പിന്നീട് തന്റേതായ ഒരു സമൂഹത്തെ വളര്‍ത്തിയെടുത്തു. പതിയെ പതിയെ അവര്‍ക്ക് വിജ്ഞാനത്തിന്റെ ദിവ്യ വെളിച്ചങ്ങള്‍ പകര്‍ന്നു നല്‍കി. സ്‌നേഹവും കരുണയും ജീവിച്ചു കാണിച്ചു കൊടുത്തു. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നത് അഭികാമ്യമല്ല എന്നുണര്‍ത്തി. എല്ലാവിധ അക്രമങ്ങളുടെയും ആണിക്കല്ലായ മനസ്സിലെ അഹന്തയും അസൂയയും കഴുകിക്കളഞ്ഞു. അവിടെ സ്‌നേഹം വിതച്ചു. അങ്ങനെ അപരിഷ്‌കൃതരെ അഭിമാനികളും മാതൃകാപുരുഷന്മാരുമാക്കിയെടുത്തു. എന്റെ സ്വഹാബ നക്ഷത്ര തുല്യരാണ്, അവരില്‍ ആരെ പിന്തുടര്‍ന്നാലും സന്മാര്‍ഗം പുല്‍കാം എന്ന് തിരുനബിക്ക് പ്രഖ്യാപിക്കാന്‍ ആത്മവിശ്വാസമേകുന്ന നിലയിലെത്തി അവര്‍.

നമ്മില്‍ ആര്‍ക്ക് കഴിയും ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താന്‍. തന്റെ ശിഷ്യ സമൂഹത്തെയോ അനുയായികളെയോ മുഴുവന്‍ മുന്നില്‍ വെച്ച് ഇവരിലൊരാള്‍ക്കും ഒരു പുഴുക്കുത്തുമില്ല, ഞാന്‍ ഗ്യാരന്റി എന്ന് പ്രഖ്യാപിക്കാന്‍ ശേഷിയുള്ള വ്യക്തിയോ ഇസങ്ങളോ നിലവിലുണ്ടോ. പ്രവാചകാധ്യാപനങ്ങളുടെ ശക്തിയാണത്. നബിജീവിതത്തിന്റെ സംശുദ്ധിയാണത്. അവിടുന്ന് പ്രചരിപ്പിച്ച ആശയത്തിന്റെ അര്‍ഥഗാംഭീര്യതയാണ് അത് വിളിച്ചോതുന്നത്. ഇതുതന്നെയാണ് തിരുനബിയുടെ സമകാലിക പ്രസക്തിയും. ആറാം നൂറ്റാണ്ടിനു സമാനമായ അതിലും കഠിനമായ അധാര്‍മികതകള്‍ നിറഞ്ഞ പുതിയ യുഗം. പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയതിന് പകരം ജനിക്കുന്നതിന് മുമ്പ് തന്നെ ലിംഗനിര്‍ണയം നടത്തി ഭ്രൂണഹത്യക്കിരയാക്കുന്ന കാലഘട്ടം. അന്ന് പേരിനെങ്കിലും കൊല്ലപ്പെടാന്‍ കാരണമുണ്ടായിരുന്നെങ്കില്‍, മരിച്ചുവീഴുന്നതെന്തിനെന്നറിയാത്ത മനുഷ്യരുടെ പുതിയകാലം. ലോകത്ത് ആര്‍ക്കും ആരെയും വിശ്വാസമില്ല. എല്ലാവരും കാപട്യത്തിന്റെ മുഖംമൂടിയണിഞ്ഞവര്‍. മാതൃ-പിതൃ-ഗുരു ബന്ധങ്ങളെല്ലാം നിരര്‍ഥകമായ കാലം. തീര്‍ച്ചയായും തിരുനബി(സ)യുടെ അധ്യാപനങ്ങള്‍ക്ക് ഇന്ന് പ്രസക്തിയുണ്ട്. മനുഷ്യനെ കൂടുതല്‍ നല്ല മനുഷ്യനും സംസ്‌കാരത്തെ നല്ല സംസ്‌കാരവുമാക്കാനുതകുന്ന പ്രവാചകാശയങ്ങളെ മുഴുവന്‍ സമൂഹത്തിനും പകര്‍ന്നു നല്‍കുക. കാലഘട്ടം ഇതിനായി ദാഹിക്കുന്നു.

മഅ്ദിന്‍ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രവാചക പാരമ്പര്യത്തിലെ ബഹുസ്വരത എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തവരില്‍ പ്രമുഖനായിരുന്നു പ്രശസ്ത പണ്ഡിതനും ഗ്രന്ഥരചയിതാവും ഇബ്‌നു അറബി ഫൗണ്ടേഷനിലെ ഫാക്കല്‍റ്റിയുമായ എറിക് അബുമുനീര്‍ വിങ്കിള്‍. എന്തായിരുന്നു ഇസ്ലാമിലേക്ക് വരാനുള്ള കാരണം എന്ന് ഒരു സൗഹൃദ സംഭാഷണത്തില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, എല്ലാവരെയും തുല്യമായി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിശാലതയാണ് തന്നെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചതെന്നായിരുന്നു. വളരെ ചെറുപ്പത്തിലേ നന്നായി വായിക്കുന്ന വ്യക്തിയായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ എന്റെ അന്വേഷണ പഠന മേഖലയിലേക്ക് എല്ലാ മതങ്ങളും കടന്നുവന്നു. ലോകത്തുള്ള മറ്റെല്ലാ സെമിറ്റിക് മതങ്ങളും ചില പ്രവാചകരെ അംഗീകരിക്കുമ്പോള്‍ മറ്റു ചിലരെ നിഷേധിക്കും. എന്നാല്‍ ഇസ്ലാം എല്ലാവരെയും തുല്യമായി അംഗീകരിക്കുന്നു. ഇതെന്നെ വല്ലാതെ ആകര്‍ഷിച്ചു.

ഇസ്ലാമിക ആശയങ്ങളെല്ലാം ഇങ്ങനെയാണ്. മലിന മനസ്സുകളെ സംസ്‌കരിക്കാനും സമൂഹത്തില്‍ വേരുറച്ചുവരുന്ന ഉച്ഛനീചത്വങ്ങളെ പിഴുതെറിയാനും അതിന് ശേഷിയുണ്ട്. സര്‍വ മേഖലകളിലും ആധുനികമായ വികസനങ്ങള്‍ ശക്തിയാര്‍ജിച്ചുവരുന്ന പുതിയ കാലത്തിന് ഇനി ആവശ്യം മൂല്യബോധമുള്ള മനുഷ്യനെ സൃഷ്ടിക്കുകയെന്നതാണ്. അല്ലെങ്കില്‍ ഈ വളര്‍ച്ചകളെല്ലാം മനുഷ്യരുടെ നാശത്തിനാണ് വഴിയൊരുക്കുക. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോള്‍ ആധുനിക ഫലസ്തീനിലും അതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.